രജനി- ഷങ്കറിന്റെ ‘2.0’യുടെ ഗംഭീര മേക്കിങ് വീഡിയോ

ഷങ്കറിന്റെ ‘എന്തിരന്‍’ രണ്ടാംഭാഗമായ ‘2.0’യുടെ ആദ്യ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്തുവന്നതുമുതല്‍ രജനിയുടെ നായകകഥാപാത്രത്തോടൊപ്പംതന്നെ പ്രേക്ഷകാവേശമുണര്‍ത്തിയ വേഷമാണ് അക്ഷയ്കുമാറിന്റെ വില്ലനും. ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ മുതല്‍ പല പ്രമുഖരുടെയും പേരുകള്‍ ഈ റോളിലേക്ക് പറഞ്ഞുകേട്ടെങ്കിലും അവസാനം അക്ഷയ്കുമാറിനാണ് നറുക്ക് വീണത്. ഡോ: റിച്ചാര്‍ഡ് എന്ന ശാസ്ത്രജ്ഞന്റെ വ്യത്യസ്ത മേക്കോവര്‍ ഒറ്റനോട്ടത്തില്‍ ആസ്വാദകരുടെ ശ്രദ്ധ പിടിയ്ക്കുന്നതായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യത്തിലും 2.0യിലെ നായകനും വില്ലനും വാര്‍ത്തകളില്‍ വരുന്നു. അത് കഥാപാത്രങ്ങളല്ല, മറിച്ച് അവരെ അവതരിപ്പിക്കുന്ന താരങ്ങളാണെന്ന് മാത്രം. ആ തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ലെന്ന് തെളിയിക്കുന്ന ഒന്നാണ് ഇന്ന് പുറത്തിങ്ങിയ മേക്കിംഗ് വീഡിയോ.

തമിഴകത്തെ സൂപ്പര്‍ സംവിധായകന്‍ എന്ന് ശങ്കറിനെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല എന്ന് ഒറ്റ വാക്കില്‍ ആദ്യമേ പറഞ്ഞു പോകുന്ന ഒന്നായിട്ടാണ് മേക്കിംഗ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.

2.0 ക്ലൈമാക്സിന്റെ പ്രധാന ആകര്‍ഷണീയത രജനിയുടെ നായകനും അക്ഷയ്കുമാറിന്റെ വില്ലനും തമ്മിലുള്ള സംഘട്ടനരംഗങ്ങളാണ്. ചിത്രത്തിന്റെ മറ്റ് ഘടകങ്ങള്‍ പോലെ ക്ലൈമാക്സിലെ സംഘട്ടനരംഗവും കാണികളെ ഞെട്ടിക്കുന്ന തരത്തില്‍ അവതരിപ്പിക്കണമെന്നാണ് ഷങ്കറിന്. ട്രാന്‍സ്ഫോമേഴ്സിലെ തീപാറുന്ന സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച കെന്നി ബേറ്റ്സാണ് 2.0യിലെ ആക്ഷന്‍ കൊറിയോഗ്രഫിക്ക് ചുക്കാന്‍ പിടിക്കുന്നത്. പക്ഷേ ക്ലൈമാക്സ് ആക്ഷന്‍ സീക്വന്‍സിന്റെ അവതരണം എങ്ങനെയാവണമെന്നത് സംബന്ധിച്ച് രജനിക്കും അക്ഷയ്കുമാറിനും വിരുദ്ധാഭിപ്രായങ്ങളാണുള്ളതെന്നാണ് പുതിയ വാര്‍ത്ത.

യഥാതഥവും പരുക്കനുമായി വിശ്വസനീയതയോടെ ചിത്രീകരിക്കണം ക്ലൈമാക്സ് ആക്ഷന്‍ രംഗങ്ങള്‍ എന്നാണ് അക്ഷയ്കുമാറിന്റെ അഭിപ്രായമെന്ന് അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സ്പെഷല്‍ എഫക്ട്സിന്റെ അടിത്തറയുള്ള ആക്ഷന്‍ കൊറിയോഗ്രഫിയോടാണ് രജനി താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നും. റിയലിസത്തേക്കാള്‍ സ്‌റ്റൈലൈസ്ഡ് ആക്ഷനാവണം ക്ലൈമാക്സിലേതെന്നാണ് രജനിയുടെ താല്‍പര്യം. ഈ വ്യത്യസ്ത ധാരകളെ എങ്ങനെ കൂട്ടിയിണക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഷങ്കറെന്നും റിപ്പോര്‍ട്ടുകള്‍.

ചില സാഹസിക രംഗങ്ങളില്‍ രജനീകാന്തിനുവേണ്ടി ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നായിരുന്നു ഷങ്കറിന്റെ ആലോചന. പക്ഷേ ബോഡി ഡബിളിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് രജനി. അതേസമയം ഡ്യൂപ്പിനെ ഉപയോഗിക്കാതെ മുന്നോട്ടുപോകാന്‍ തീരുമാനമെടുത്താലും രജനിയുടെ ആരോഗ്യകാര്യത്തില്‍ ആതീവശ്രദ്ധ പുലര്‍ത്തി മാത്രമേ ക്ലൈമാക്സ് സംഘട്ടനരംഗം ചിത്രീകരിക്കൂ എന്ന നിലപാടിലാണ് ഷങ്കറും മറ്റ് അണിയറപ്രവര്‍ത്തകരും. എന്തായാലും ക്രാഫ്റ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്കൊന്നും തയ്യാറാവാത്ത ഷങ്കറിന്റെ സംവിധായകമുദ്ര പതിഞ്ഞത് തന്നെയാവും സ്‌ക്രീനില്‍ കാണാനാവുന്ന ക്ലൈമാക്സ് എന്ന് പ്രതീക്ഷിക്കാം. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം തീയേറ്ററുകളിലെത്തുക.

You must be logged in to post a comment Login