രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക്

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 30 വ്യാഴാഴ്ച വൈകീട്ട്  ഏഴ്‌ മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ട്വിറ്ററിലൂടെ സത്യപ്രതിജ്ഞയുടെ സമയം അറിയിച്ചത്.

2104 ലെ ചടങ്ങിനേക്കാൾ വിപുലമായ സത്യപ്രതിജ്ഞ ചടങ്ങാണ് ഇത്തവണ ഒരുക്കുന്നതെന്നാണ് വിവരം. വിവിധ ലോക നേതാക്കൾ അടക്കം പങ്കെടുത്തേക്കും. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയവുമായാണ് മോദി സർക്കാർ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന ബിജെപി എം.പി മാരുടെ യോഗം പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തിരുന്നു. 353 സീറ്റുകളാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയത്. ബിജെപിക്ക് മാത്രമായി 303 സീറ്റുകളുണ്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയമാണ് ഇത്തവണ എൻഡിഎയും ബിജെപിയും നേടിയത്.

You must be logged in to post a comment Login