രണ്ടു വീല്‍ അഭ്യാസവുമായി ടാറ്റ ഹെക്‌സ (വീഡിയോ)

ടാറ്റയുടെ ഏറ്റവും പുതിയ വാഹനമാണ് ഹെക്‌സ. ടിയാഗോയുടെ വിജയത്തിനു ശേഷം വീണ്ടും ഇതാവര്‍ത്തിക്കാനാണ് ഹെക്‌സയിലൂടെ ടാറ്റ ഉദ്ദേശിക്കുന്നത്. ടാറ്റയുടെ പ്രീമിയം വാഹനമായി പുറത്തിറങ്ങാനൊരുങ്ങുന്ന ഹെക്‌സയുടെ രണ്ട് വീല്‍ അഭ്യാസമാണിപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറല്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പുറത്തു വരുന്ന വിഡിയോകളെ അനുസ്മരിപ്പിക്കുന്ന രണ്ടു വീലില്‍ ഡ്രൈവ് ചെയ്യുന്ന വിഡിയോയാണ് ഷിബു വര്‍ഗീസ് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രീമിയം ക്രോസോവറായ ‘ഹെക്‌സ’യ്ക്കുള്ള ബുക്കിങ്ങുകള്‍ ആരംഭിച്ചു. ജനുവരി 18 നാണ് വാഹനം പുറത്തിറങ്ങും. രണ്ട് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഹെക്‌സ പുറത്തിറങ്ങും. മാനുവല്‍ ട്രാന്‍സ്മിഷനോടെ മാത്രം ലഭിക്കുന്ന ‘ഹെക്‌സ എക്‌സ് ഇ’യില്‍ 150 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന ‘വാരികോര്‍ 320’ എന്‍ജിനൊപ്പം അഞ്ചു സ്പീഡ് ട്രാന്‍സ്മിഷനാവും ഇടം പിടിക്കുക. ഓട്ടമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളോടെ ലഭിക്കുന്ന ‘ഹെക്‌സ എച്ച് എമ്മി’നു കരുത്തേകുക ‘വാരികോര്‍ 400’ എന്‍ജിനാവും; 156 ബി എച്ച് പി വരെ കരുത്തു സൃഷ്ടിക്കാന്‍ ഈ എന്‍ജിനു കഴിയും. ആറു സ്പീഡ് മാനുവല്‍/ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗിയര്‍ബോക്‌സ്.

‘വാരികോര്‍ 400’ എന്‍ജിനുള്ള മുന്തിയ വകഭേദമായ ‘ഹെക്‌സ എക്‌സ് ടി’യില്‍ ഫോര്‍ ബൈ ടു ഓട്ടമാറ്റിക് ട്രാന്‍സ്മിഷനോടെയും ഫോര്‍ ബൈ ഫോര്‍ മാനുവല്‍ ട്രാന്‍സ്മിഷനോടെയുമാണ് എത്തുക. ആറും ഏഴും സീറ്റോടെ വിപണിയിലുണ്ടാവുമെന്നു കരുതുന്ന ‘ഹെക്‌സ’യ്ക്ക് സാങ്കേതിക വിഭാഗത്തില്‍ ‘ആര്യ’യുമായി സമാനതയുള്ളതാണ്. കാഴ്ചയില്‍ എം പി വിയുടെ പകിട്ടേകാന്‍ ദൃഢതയുള്ള ബോഡി ക്ലാഡിങ്, 19 ഇഞ്ച് അലോയ് വീല്‍, 235 സെക്ഷന്‍ ടയര്‍ എന്നിവയൊക്കെയായാവും ‘ഹെക്‌സ’യുടെ വരവ്. ലക്ഷ്യമിടുന്നതു പ്രീമിയം വിഭാഗമായതിനാല്‍ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ വിട്ടുവീഴ്ചയ്ക്കില്ലെന്നും ടാറ്റ മോട്ടോഴ്‌സ് പറയുന്നു.

You must be logged in to post a comment Login