രണ്ട് കാറുകള്‍ക്ക് അടിയില്‍പ്പെട്ടു; രണ്ടുവയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

ബീജിങ്: നടുറോഡില്‍ തുടരെ രണ്ട് കാറുകള്‍ക്ക് അടിയില്‍ അകപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട രണ്ട് വയുസ്സുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയിലാണ് സംഭവം.

ചൈനയിലെ തിരക്കേറിയ ഒരു റോഡിലാണ് സംഭവമുണ്ടായത്. രക്ഷിതാക്കളോടൊപ്പം നഗരത്തിലെത്തിയ കുഞ്ഞ് അവരുടെ കണ്ണ് വെട്ടിച്ച് റോഡിലേക്കിറങ്ങുകയായിരുന്നു. തിരക്കുള്ള റോഡിലേക്ക് കൃത്യമായി കാലുറക്കാന്‍ പോലുമാവാത്ത കുഞ്ഞ് ഇറങ്ങിയത് ഒരു പക്ഷെ ഡ്രൈവര്‍മാരും കണ്ടിട്ടുണ്ടാവില്ല. വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് മുറിച്ചു കടന്ന കുട്ടി മറു ഭാഗത്തെത്തിയപ്പോളേക്കും വീണു. വീണു പോയ കുട്ടിയുടെ മുകളിലൂടെ രണ്ട് കാറുകള്‍ കയറിയിറങ്ങുന്നത് വിഡിയോയില്‍ വ്യക്തമാവുന്നുണ്ട്. അല്‍പ്പ സമയത്തിന് ശേഷം രണ്ട് കാറുകളും പോയ ശേഷം ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ റോഡിന് നടുവില്‍ നിന്നും മുട്ടുകുത്തി എഴുന്നേല്‍ക്കുകയും ചെയ്യുന്നു. വീണു പോയതിനാല്‍ വാഹനങ്ങള്‍ക്കടിയില്‍ സുരക്ഷിതയായി കിടക്കുകയായിരുന്നു കുട്ടി.

സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍, റോഡില്‍ നിന്ന് എഴുന്നേറ്റ ശേഷം കുട്ടിയെ രക്ഷിതാക്കള്‍ പെട്ടെന്നെത്തി എടുത്ത് കൊണ്ട് പോവുന്നതും കാണുന്നുണ്ട്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വീഴ്ചയിലേറ്റ നിസാര പരിക്ക് മാത്രമെ അവള്‍ക്കുണ്ടായിരുന്നുള്ളു.

You must be logged in to post a comment Login