രണ്ട് പുതുപുത്തന്‍ വേരിയന്റുകളുമായി ടൊയോട്ട ലക്‌സസ് ഇന്ത്യന്‍ വിപണിയിലേക്ക്

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്റ് ലക്‌സസ് ഇന്ത്യന്‍ വിപണിയിലേക്ക്. ഇതിനോടകം തന്നെ ലക്‌സസിന്റെ ഇന്ത്യന്‍ റോഡിലുള്ള പരീക്ഷണ ഓട്ടം നടന്നതായാണ് സൂചന. കൂടാതെ ലക്‌സസ് ശ്രേണിക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ രണ്ട് വേരിയന്റുകളോടെയാണ് ലക്‌സസ് ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നത്.

2017 മാര്‍ച്ചോടു കൂടിയായിരിക്കും ലക്‌സസിന്റെ ഇഎസ്300എച്ച്, ആര്‍എക്‌സ്450എച്ച് എന്നീ വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈബ്രിഡ് എന്‍ജിനുകളോടെയാണ് രണ്ട് വാഹനങ്ങളും വിപണിയിലെത്തുക. ആര്‍എക്‌സ്450എച്ച്, ഇഎസ്300എച്ച് എന്നീ കാറുകള്‍ക്ക് യഥാക്രമം 90 ലക്ഷം, 60ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

3.5 ലിറ്റര്‍ വി 6 പെട്രോള്‍ എന്‍ജിനാണ് ആര്‍എക്‌സ് 450 എച്ചിന് കരുത്തേകുന്നത്. 308 ബിഎച്ച്പിയാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിനുള്ളത്. എന്നാല്‍ 2.5 ലിറ്റര്‍ എന്‍ജിനാണ് ഇഎസ് 300 എച്ച് സെഡാനിനു കരുത്തേകുന്നത്. ടൊയോട്ട കാംറിയിലുള്ള അതെ ഇലക്ട്രിക് മോട്ടോറിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഈ സെഡാനില്‍ നല്‍കിയിട്ടുണ്ട്.

നിരവധി ലെക്‌സസ് കാറുകളും അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ എത്തിച്ചേരുമെന്ന് കമ്പനി അറിയിച്ചു. എല്‍എക്‌സ്450 ഡീസല്‍, എല്‍എക്‌സ്570 പെട്രോള്‍, എന്‍എക്‌സ് എന്നീ വകഭേദങ്ങളായിരിക്കും ഇന്ത്യയിലെത്തുക. എന്നാല്‍ ലക്‌സസിന്റെ ആര്‍സിഎഫ് സ്‌പോര്‍ട്‌സ് കാര്‍ ഇന്ത്യയിന്‍ വിണിയില്‍ എത്തുകയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

You must be logged in to post a comment Login