രണ്ട് മാസത്തിനിടയിൽ രണ്ടാമത്തെ ഇരട്ട ശതകം; പ്രതീക്ഷ നൽകി കുഞ്ഞു ദ്രാവിഡ്

രണ്ട് മാസത്തിനിടയിൽ രണ്ടാമത്തെ ഇരട്ട ശതകം കുറിച്ച് ഇന്ത്യൻ വന്മതിൽ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്. മല്യ അതിഥി ഇന്റര്‍നാഷണല്‍ സ്‌കൂളിന് വേണ്ടി ബിടിആര്‍ ഷീല്‍ഡ് അണ്ടര്‍ 14 ഗ്രൂപ്പ് 1, ഡിവിഷന്‍ 2ലാണ് സമിത് തൻ്റെ രണ്ടാമത്തെ ഇരട്ടശതകം കുറിച്ചത്. ആദ്യ ഇരട്ടശതകം കുറിച്ചത് ദര്‍വാദ് സോണ്‍ അണ്ടര്‍ 14 ഇന്റര്‍സോണ്‍ ടൂര്‍ണമെൻ്റിലായിരുന്നു.

146 പന്തുകളിൽ 33 ബൗണ്ടറികൾ ഉൾപ്പെടെ 204 റൺസാണ് സമിത് അടിച്ചു കൂട്ടിയത്. സമിത്തിന്റെ ബാറ്റിങ് മികവില്‍ മല്യ അതിഥി സ്‌കൂള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് കണ്ടെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീ കുമരൻ ചിൽഡ്രൻസ് അക്കാദമി 110 റൺസിന് എല്ലാവരും പുറത്തായതോടെ സമിതും സംഘവും 267 റൺസിൻ്റെ കൂറ്റൻ ജയവും കുറിച്ചു. ബാറ്റിംഗിനൊപ്പം ബൗളിംഗിലും സമിത് തിളങ്ങി. രണ്ട് വിക്കറ്റുകളാണ് പന്തെറിഞ്ഞ് സമിത് വീഴ്ത്തിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സമിത് തൻ്റെ ആദ്യ ഇരട്ട ശതകം കുറിച്ചത്. ദര്‍വാദ് സോണ്‍ അണ്ടര്‍ 14 ഇന്റര്‍സോണ്‍ ടൂര്‍ണമെന്റിൽ, വൈസ് പ്രസിഡൻ്റ്സ് ഇലവനെ നയിച്ച സമിത്, അന്ന് 256 പന്തുകളിൽ നിന്ന് 201 റണ്‍സാണ് നേടിയത്. മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ 22 ബൗണ്ടറികൾ ഉൾപ്പെടെ ആയിരുന്നു ഈ ഇന്നിംഗ്സ്. ആ ഇന്നിംഗ്സിൽ സമിത് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ 94 റൺസ് കൂടി നേടിയ സമിത് വ്യക്തിപരമായി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

You must be logged in to post a comment Login