രാം കദമിന്റെ നാക്കരിയാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് ഞാന്‍ അഞ്ച് ലക്ഷം രൂപ പ്രതിഫലം തരാം; ബിജെപി എംഎല്‍എക്കെതിരെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

നാഗ്പുര്‍: ബിജെപി എംഎല്‍എ രാം കദമിന്റെ നാക്കരിയണം എന്ന് മുന്‍ മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് സുബോധ് സേവ്ജിയുടെ ആഹ്വാനം. പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ ആ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചുതരാന്‍ സഹായിക്കുമെന്നായിരുന്നു ബിജെപി എംഎല്‍എ രാം കദമിന്റെ വിവാദ പ്രസ്താവന.

കിഴക്കന്‍ മഹാരാഷ്ട്രയിലെ ബുല്‍ധാനയിലെ ചടങ്ങിലാണ് രാം കമിനെതിരെ സുബോധിന്റെ പ്രസ്താവന. ‘നിയമസഭാംഗത്തിന്റെ വായില്‍നിന്നു വരേണ്ട വാക്കുകളായിരുന്നില്ല അദ്ദേഹത്തിന്റേത്. രാം കദമിന്റെ നാക്കരിയാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് ഞാന്‍ അഞ്ചു ലക്ഷം രൂപ പ്രതിഫലം തരാം’- സുബോധ് പറഞ്ഞു.

മുംബൈ ഘട്‌കോപറില്‍ നടന്ന ‘ദാഹി ഹാന്ദി’ എന്ന ചടങ്ങിനിടെയായിരുന്നു രാം കദമിന്റെ വാക്കുകള്‍. ‘യുവാക്കള്‍ക്ക് എന്നെ എന്തിന് വേണമെങ്കിലും സമീപിക്കാം. പെണ്‍കുട്ടികളെ കണ്ട് പ്രണയം തോന്നിയ പല യുവാക്കളും എന്നെ സമീപിക്കാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ആ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ 100 ശതമാനവും സഹായിക്കും. പെണ്‍കുട്ടിക്ക് താല്‍പര്യം ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു വന്ന് നിങ്ങള്‍ക്ക് ഞാന്‍ കൈമാറാം’- ഇതായിരുന്നു എംഎല്‍എയുടെ വാക്കുകള്‍.

You must be logged in to post a comment Login