രാജ്യത്തിന്റെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാവണം സാമ്പത്തിക നയമെന്ന് മോഹന്‍ ഭാഗവത്

രാജ്യത്തിന്റെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതാവണം സാമ്പത്തിക നയമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നീതി ആയോഗിലെയും സംസ്ഥാനങ്ങളിലെയും സാമ്പത്തിക ഉപദേശകര്‍ പഴഞ്ചന്‍ സാമ്പത്തിക ഇസങ്ങളില്‍നിന്ന് പുറത്തുവരണം. നാഗ്പുരിലെ ആസ്ഥാനത്ത് ആര്‍.എസ്.എസ്. സ്ഥാപനദിനാഘോഷമായ വിജയദശമിറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

തെറ്റാണെങ്കിലും കൃത്രിമമാണെങ്കിലും അഭിവൃദ്ധിയുടെ പ്രതീതി സൃഷ്ടിക്കുന്നതാണ് നിലവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ആഗോളനയങ്ങള്‍.അവ പിന്തുടരുന്നതിനെ ഒരുപരിധിവരെ മനസ്സിലാക്കാം. എന്നാല്‍, സദാചാരം, പരിസ്ഥിതി, തൊഴില്‍, സ്വയംപര്യാപ്തത എന്നിവയെ ക്ഷയിപ്പിക്കുന്ന ഈ നയങ്ങളിലും മാനദണ്ഡങ്ങളിലും പുനര്‍വിചിന്തനം ആവശ്യമാണ്. വികസനത്തിന് രാജ്യത്തിന്റെ ആവശ്യമനുസരിച്ചുള്ള സവിശേഷമായ മാതൃക വേണം. ഇതിനായി രാജ്യത്തിന്റെ ആദര്‍ശങ്ങള്‍, സമ്പ്രദായങ്ങള്‍, ആവശ്യങ്ങള്‍, വിഭവങ്ങള്‍ എന്നിവ പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്‍ധന്‍, മുദ്ര, പാചകവാതക സബ്‌സിഡി, കാര്‍ഷിക ഇന്‍ഷുറന്‍സ് തുടങ്ങിയ ക്ഷേമ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. ഇതുകൊണ്ട് മാത്രമായില്ല, രാജ്യത്തിന്റെ വൈവിധ്യവും ആവശ്യങ്ങളും കണക്കിലെടുത്തുള്ള സമഗ്രവും സംയോജിതവുമായ നയമാണ് ഉണ്ടാകേണ്ടത്. വ്യവസായം, കച്ചവടം, കൃഷി, പരിസ്ഥിതി, എന്നിവയൊക്കെ ഉള്‍പ്പെടുന്നതാവണം ഈ പദ്ധതികള്‍. വന്‍കിട, ഇടത്തരം, ചെറുകിട വ്യവസായങ്ങള്‍, ചെറുകിട വില്‍പ്പനക്കാര്‍ കൃഷിക്കാര്‍, ഭൂമിയില്ലാത്ത തൊഴിലാളികള്‍ എന്നിവരുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതുമാവണം അത് ഭാഗവത് അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ അവരുടെ ദൈനംദിന ആവശ്യത്തിനായി സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കണം. ഗോസംരക്ഷകര്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടക്കുകയാണ്. ഗോ സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ കാര്യമല്ല അദ്ദേഹം പറഞ്ഞു. കശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യവും അദ്ദേഹം ഉയര്‍ത്തി.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

You must be logged in to post a comment Login