രാജ്യദ്രോഹക്കേസില്‍ കനൈയ്യ കുമാറിനും ഉമര്‍ഖാലിദിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: 2016ല്‍ ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ ഡല്‍ഹി പൊലീസ് പട്യാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിദ്യാര്‍ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ, ആക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീഹ റസൂല്‍, ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം ചൊവ്വാഴ്ച കോടതി പരിഗണിക്കും.

ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനൈയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്‌സല്‍ ഗുരു.

സംഭവത്തില്‍ കനൈയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായി മൂന്ന് ചാനലുകള്‍ വീഡിയോ പുറത്തു വിട്ടിരുന്നു. ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാര്‍ത്ഥികളും രംഗത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോ വ്യാജമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തുകയും ചാനലുകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്. 2017 മാര്‍ച്ചില്‍ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഡല്‍ഹി പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കിയിരുന്നു. കുറ്റപത്രത്തില്‍ കനയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പറയുന്നില്ല. എന്നാല്‍ അന്ന് നടന്ന സംഭവങ്ങളെ തടുക്കാന്‍ കനയ്യ കുമാര്‍ ഇടപെട്ടില്ലെന്നും, കനൈയ്യ കുമാറിനെതിരെ ഏത് വകുപ്പാണ് ചാര്‍ത്തേണ്ടതെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

You must be logged in to post a comment Login