രാജ്യസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മായാവതി; ദളിതര്‍ക്കെതിരായ അക്രമം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധം

 


ന്യൂഡൽഹി: ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കും. ദളിതർക്കെതിരായുള്ള ആക്രമണങ്ങൾ രാജ്യസഭ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് രാജി തീരുമാനിച്ചിരിക്കുന്നതെന്ന് അവർ അറിയിച്ചു. ദളിത് വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മായാവതി രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് ഭരണപക്ഷത്തെക്കുറിച്ച് നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. വര്‍ഗീയത പ്രചരിപ്പിക്കുകയാണ് ബി.ജെ.പി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. ഇതിനിടെയാണ് ശഹാറന്‍പുരിലെ ദലിത്താക്കൂര്‍ സംഘര്‍ഷം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ബഹുജന്‍ സമാദി പാര്‍ട്ടി നേതാവ് മായാവതി ആവശ്യപ്പെട്ടത്. തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നും മായാവതി ഭീഷണി മുഴക്കി.

‘ഇപ്പോള്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഈ നിമിഷം തന്നെ ഞാന്‍ രാജിവെക്കും.’ മായാവതി പറഞ്ഞു. എന്നാല്‍ വിശദമായ സംഭാഷണം അവസാനിപ്പിച്ച് അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ സമുദായത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സഭ വിട്ട മായാവതി രാജിവെക്കുമെന്ന് വീണ്ടും ആവര്‍ത്തിച്ചു.

You must be logged in to post a comment Login