രാഹുലിനും ശ്രേയാസിനും അർധസെഞ്ചുറി; ഇന്ത്യക്ക് ജയം

ന്യൂസിലൻഡിനെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് ജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അർധസെഞ്ചുറികൾ നേടി.

ഓക്ക്‌ലൻഡിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിംഗിനയച്ചു. ദൂരം കുറഞ്ഞ ബൗണ്ടറികളുടെ ആനുകൂല്യം പരമാവധി മുതലെടുത്ത കിവീസ് തുടക്കം മുതൽക്കു തന്നെ അടിച്ചു തകർത്താണ് കളിച്ചത്. ആദ്യ വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്ത കിവീസിനായി മൂന്ന് ബാറ്റ്സ്മാന്മാർ അർധസെഞ്ചുറി നേടി. കോളിൻ മൺറോ (42 പന്തുകളിൽ 59), കെയിൻ വില്ല്യംസൺ (26 പന്തുകളിൽ 51), മാർട്ടിൻ ഗുപ്റ്റിൽ (27 പന്തുകളിൽ 54*) എന്നിവർക്കൊപ്പം മാർട്ടിൻ ഗുപ്റ്റിലും (30) ന്യൂസിലൻഡിനായി തിളങ്ങി.

മറുപടി ബറ്റിംഗിൽ ഇന്ത്യയും നന്നായി തുടങ്ങിയെങ്കിലും രോഹിത് ശർമ്മയെ (7) വേഗം നഷ്ടമായി. രണ്ടാം വിക്കറ്റിൽ രാഹുലും കോലിയും ചേർന്ന് 99 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തി. 56 റൺസെടുത്ത രാഹുലിനെ ഇഷ് സോധിയുടെ പന്തിൽ ടിം സൗത്തി പിടിച്ചു പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 27 പന്തുകളിൽ നാലു ബൗണ്ടറിയും 3 സിക്സറും സഹിതമാണ് രാഹുൽ 56 റൺസെടുത്തത്. പിന്നാലെ 32 പന്തുകളിൽ 45 റൺസെടുത്ത കോലിയെ ഒരു അവിശ്വസനീയ ക്യാച്ചിലൂടെ ഗുപ്റ്റിൽ പുറത്താക്കി. ശിവം ദുബേ (13)യും വേഗം മടങ്ങി.

അപരാജിതമായ അഞ്ചാം വിക്കറ്റിൽ മനീഷ് പാണ്ഡെയും ശ്രേയാസ് അയ്യരും ചേർന്നാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. 62 റൺസാണ് ഇരുചരും ചേർന്ന് കൂട്ടിച്ചേർത്തത്. 29 പന്തുകളിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 58 റൺസെടുത്ത ശ്രേയാസ് അയ്യരും 12 പന്തുകളിൽ 14 റൺസെടുത്ത മനീഷ് പാണ്ഡെയും പുറത്താവാതെ നിന്നു.

ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0നു മുന്നിലെത്തി. 26 ഞായറാഴ്ചയാണ് അടുത്ത മത്സരം.

You must be logged in to post a comment Login