രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും; കെപിസിസിയുടെ ആവശ്യം അംഗീകരിച്ചെന്ന് മുല്ലപ്പള്ളി; രാഹുലിന് വേണ്ടി പിന്മാറാന്‍ തയ്യാറെന്ന് ടി. സിദ്ധിഖ്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും. രാഹുലിന് വേണ്ടി പിന്മാറിയെന്ന് ടി സിദ്ധിഖ് അറിയിച്ചു. രാഹുലിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുമെന്നും സിദ്ധിഖ് അറിയിച്ചു.

വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെ പി സി സി ആവശ്യപ്പെട്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. നിലവിൽ വയനാട്ടിൽ മത്സരിക്കാനിരിക്കുന്ന ടി. സിദ്ദിഖിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം മുമ്പ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ എം എല്‍ എമാരായ വി ടി ബല്‍റാമും കെ എ ഷാജിയും ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്നായിരുന്നു ആവശ്യമുയര്‍ന്നിരുന്നത്.

കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നല്‍കിയിരുന്നു. ബംഗളൂരു സെന്‍ട്രല്‍, ബിദര്‍, മൈസൂരു എന്നിവയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നായിരുന്നു ആവശ്യം.  ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും കര്‍ണാടകത്തില്‍ മത്സരിച്ചിട്ടുണ്ട്. ഈ മാതൃക രാഹുല്‍ഗാന്ധിയും പിന്തുടരണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്.

കര്‍ണാടകം കൂടാതെ തമിഴ്നാടും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് തമിഴ്നാട്ടില്‍നിന്ന് രാഹുല്‍ ഗാന്ധിക്കായി ഉയര്‍ത്തിക്കാട്ടിയത്.

You must be logged in to post a comment Login