രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വള്ളിപുള്ളി വിടാതെ ചോര്‍ത്തിയ പ്രതാപനും സതീശനുമെതിരെ നടപടിക്ക് എഐസിസി

VD-Satheesan-TN-Prathapanദീപു മറ്റപ്പള്ളി

കോട്ടയം: സംസ്ഥാനത്തെ മൂന്ന് നേതാക്കള്‍ക്കെതിരെ എ.ഐ.സി.സി നടപടി വന്നേക്കും. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ചോര്‍ത്തി നല്‍കിയതാണ് കേന്ദ്ര നേത്യത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. എ ഐ സി സി വിളിച്ചു ചേര്‍ത്ത കേരളത്തില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 50 നേതാക്കളുടെ യോഗത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയ സംഭവത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ ടി.എന്‍ പ്രതാപന്‍, വി.ഡി സതീശന്‍, ജോണ്‍സണ്‍ എബ്രഹാം എന്നിവര്‍ക്കെതിരെ എ.ഐ.സി.സി നടപടി സ്വീകരിക്കുന്നത്. ഇതിന് മുന്നോടിയായി മൂന്ന് പേരോടും വിശദീകരണം തേടാന്‍  തീരുമാനിച്ചു. ഇത് സംബന്ധിച്ച നോട്ടീസ് അടുത്ത ദിവസം മൂന്ന് നേതാക്കള്‍ക്കും കൈമാറും. മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി.
പാര്‍ട്ടി ഉപാധ്യക്ഷനായ രാഹുല്‍ഗാന്ധിയുടെ പ്രസംഗം വളച്ചൊടിച്ച് ഒരു ഗ്രൂപ്പിന് മാത്രം സഹായകരമായ രീതിയില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തെ ഹൈക്കമാന്‍ഡ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കേരള നേതാക്കളുടെ യോഗത്തില്‍ ആദ്യ ദിവസം രാഹുല്‍ഗാന്ധി നടത്തിയ ആമുഖ പ്രസംഗത്തിന്റെ വാര്‍ത്ത ചോര്‍ന്നത് വിവാദമായശേഷം രണ്ടാം ദിവസം ഇതിനെ താക്കീത് ചെയ്ത് രാഹുല്‍ നടത്തിയ പ്രസംഗവും ചോര്‍ന്നിരുന്നു. തന്റെ പ്രസംഗം ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ പങ്കെടുത്ത യോഗത്തിലെ ചര്‍ച്ചകള്‍ ചോര്‍ത്തിയ നടപടി തികച്ചും അപലപനീയമാണെന്നും കേരളത്തിലെ നേതാക്കളില്‍ നിന്നും താന്‍ ഇതല്ല പ്രതീക്ഷിച്ചിരുന്നതെന്നും രണ്ടാമത് ദിവസത്തെ പ്രസംഗത്തില്‍ രാഹുല്‍ തുറന്നടിച്ചിരുന്നു. ഇത് ഗൗരവമായാണ് കാണുന്നതെന്നും ഇതിനെതിരെ നടപടി ഉണ്ടാകുമെന്നും രാഹുല്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്തായാലും ചോര്‍ന്ന വാര്‍ത്തകള്‍ സുധീരന്‍ ഗ്രൂപ്പിന് അനുകൂലമായാണ് പ്രചരിച്ചതെന്നതിനാല്‍ എ, ഐ നേതാക്കള്‍ക്ക് ഇതിന്റെ പഴി ഏല്‍ക്കേണ്ട ഗതികേട് ഉണ്ടായില്ല. മാത്രമല്ല, വാര്‍ത്ത ചോര്‍ന്ന സംഭവം വാര്‍ത്ത ആകുക കൂടി ചെയ്തതോടെ മറ്റ് ഗ്രൂപ്പുകള്‍ ഈ സാഹചര്യം വേണ്ടുവോളം മുതലെടുക്കാനാണ് ശ്രമിക്കുന്നത്.
യോഗശേഷം നേതാക്കള്‍ നാട്ടിലേക്ക് മടങ്ങുംവരെ നടപടികളെക്കുറിച്ച് എ.ഐ.സി.സി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വാര്‍ത്ത ചോര്‍ത്തലിലെ പ്രതികള്‍ സ്വന്തം ഗ്രൂപ്പുകാരാണെന്നതിനാല്‍ വിഷയം ലഘൂകരിച്ച് കാണിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ശ്രമിച്ചെങ്കിലും എ.ഐ.സി.സി അതംഗീകരിച്ചില്ല. മാത്രമല്ല, വാര്‍ത്ത ചോര്‍ത്തലിനെ അംഗീകരിക്കാന്‍ പാടില്ലെന്ന ഉറച്ച നിലപാടിലാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുള്ളവര്‍.
ഇതോടെ കെ.പി.സി.സി മുഖേനയല്ലാതെ നേരിട്ട് ഈ മൂന്ന് നേതാക്കളോടും വിശദീകരണം ആരായാനാണ് എ.ഐ.സി.സിയുടെ തീരുമാനം. മാത്രമല്ല എ.ഐ.സി.സി പരിപാടിയില്‍ ഡല്‍ഹിയില്‍ നടന്ന പ്രവര്‍ത്തി എന്ന നിലയില്‍ ഇതിന് കെ.പി.സി.സിയുടെ അനുമതിയും ആവശ്യമില്ല.സംഭവം വിവാദമായതോടെ വാര്‍ത്ത ചോര്‍ത്തലിലെ തുടര്‍ നടപടികള്‍ ഒഴിവാക്കാന്‍ വി.ഡി സതീശനും ശ്രമം നടത്തിയിരുന്നു. നേതാക്കള്‍ അതിനു ചെവികൊടുത്തില്ല . ടി എന്‍ പ്രതാപനും ജോണ്‍സണ്‍ എബ്രാഹത്തിനും കഴിഞ്ഞ തവണ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
യുവാക്കള്‍ക്ക് വേണ്ടി ഇത്തവണ മാറി നില്‍ക്കുന്നു എന്ന് പരസ്യ പ്രസ്താവന നടത്തിയ ടി എന്‍ പ്രതാപന്‍ പിന്നീട് കയ്പമംഗലത്ത് സ്ഥാനാര്‍ഥിയാകാന്‍ നീക്കം നടത്തുകയും ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വരികയും ചെയ്തതോടെ ആ നീക്കവും പരാജയപ്പെട്ടിരുന്നു.തുടര്‍ന്ന് പ്രതാപന് മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കേണ്ടിയും വന്നു. ജോണ്‍സണ്‍ എബ്രാഹത്തിനു വേണ്ടി ശ്രമിച്ച സീറ്റുകളില്‍ ഒടുവില്‍ ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് ഇരുവരും ശക്തരായ സുധീരന്‍ അനുകൂലികളായി നിലകൊള്ളാന്‍ തീരുമാനിച്ചത്. അടുത്തിടെ ‘ഐ’ ഗ്രൂപ്പുമായി തെറ്റിയ വി ഡി സതീശനും ഇപ്പോള്‍ സുധീരനൊപ്പമാണ്.
മൂന്നു പേര്‍ മാത്രമാണോ വാര്‍ത്ത ചോര്‍ത്തലിന് പിന്നിലുള്ളതെന്നും എ.ഐ.സി.സി അന്വേഷിക്കുന്നുണ്ട്.ഇവരെ മുന്നില്‍ നിര്‍ത്തി മറ്റാരെങ്കിലുമാണോ കളിച്ചതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കേരളത്തിലെ പ്രധാന എല്ലാ നേതാക്കളോടും കേന്ദ്ര നേത്യത്വത്തിന് ഇപ്പോള്‍ നീരസമാണ്. കേന്ദ്ര നേത്യത്വത്തെ സംസ്ഥാനത്തെ പല വിവരങ്ങളും തെറ്റായി ധരിപ്പിക്കുന്നതാണ് നീരസത്തിന്റെ പ്രധാനകാര്യം. അതോടൊപ്പം ചിലരെ വെട്ടുന്നതിന് ചിലരുടെ ആളുകളായി മാറുന്നതും ചൊടിപ്പിച്ചിട്ടുണ്ട്.

You must be logged in to post a comment Login