രാഹുല്‍ ഗാന്ധി ചെങ്ങന്നൂരില്‍ എത്തി; ദുരിതബാധിതര്‍ക്കൊപ്പം ഒരു മണിക്കൂര്‍ ചെലവിടും

തിരുവനന്തപുരം: പ്രളയമേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെത്തി. ഹെലികോപ്റ്ററിലാണ് രാഹുല്‍ ചെങ്ങന്നൂരിലെത്തിയത്. ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ഇവിടെ ചെലവിടും. തുടര്‍ന്ന് ഇവിടെനിന്ന് ആലപ്പുഴയിലെ ക്യാംപ് സന്ദര്‍ശിക്കും. അതിന് ശേഷം പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.

ഇന്നും നാളെയുമാണ് രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനം.മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സ്വീകരണ ചടങ്ങില്‍ മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു കെപിസിസി നിര്‍മിച്ചു നല്‍കുന്ന 1000 വീടുകളില്‍ 20 എണ്ണം നിര്‍മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധിക്ക് കൈമാറും. ആലപ്പുഴയില്‍ വിശ്രമിക്കുന്ന അദ്ദേഹം 3.30 ഓടെ കൊച്ചിയില്‍ എത്തും. ആലുവ, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാംപുകളും സന്ദര്‍ശിക്കും. രാത്രി കൊച്ചിയില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങും. ബുധനാഴ്ച രാവിലെ എറണാകുളം ജില്ലയിലെ ക്യാംപുകളില്‍ വിതരണം ചെയ്യാന്‍ ഡിസിസി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും നിറച്ച ലോറികളുടെ യാത്ര രാഹുല്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.

തുടര്‍ന്നു പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക്. അവിടെനിന്നു ഹെലികോപ്റ്ററില്‍ വയനാട്ടിലേക്കു തിരിക്കും. 11.30 മുതല്‍ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15 ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.

You must be logged in to post a comment Login