രാഹുല്‍ നീ ചെയ്തത് തെറ്റ്; വിമര്‍ശനവുമായി ആരാധകര്‍

രാഹുല്‍ അത് സമ്മതിച്ചു. അത് തെറ്റായ തീരുമാനമായിരുന്നു. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതിന് പിന്നാലെ റിവ്യു അപ്പീല്‍ നല്‍കി ഡിആര്‍എസ് പാഴാക്കിയത് തെറ്റായിരുന്നു എന്ന് കെ എല്‍ രാഹുല്‍ സമ്മതിക്കുന്നു. എന്നാല്‍, ഡിആര്‍എസ് ഉണ്ടായിരുന്നുവെങ്കില്‍ ധോണിയുടെ വിക്കറ്റ് നഷ്ടപ്പെടില്ലായിരുന്നുവെന്ന് വ്യക്തമായതോടെ പലഭാഗത്തുനിന്നും വിമര്‍ശനങ്ങളുടെ പെരുമഴയാണ് രാഹുലിനെതിരെ ഉയരുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും അനാവശ്യമായി ഡിആര്‍എസ് ഉപയോഗിച്ച രാഹുലിന്റെ സ്വാര്‍ത്ഥതയാണ് ഇവിടെ കാണുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. എട്ട് റണ്‍സ് എടുത്ത് നില്‍ക്കെയായിരുന്നു ജാവേദ് അഹ്മാദി ധോണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുന്നത്. അംപയര്‍ ഔട്ട് വിധിച്ചെങ്കിലും റിപ്ലേകളില്‍ നോട്ട്ഔട്ടാണെന്ന് വ്യക്തമായിരുന്നു.

ഒരു റിവ്യു മാത്രം കയ്യില്‍ ഉള്ളപ്പോള്‍ തീരുമാനം എടുക്കുക ബുദ്ധിമുട്ടാണ്. തിരിഞ്ഞു നോക്കുമ്പോള്‍ റിവ്യു എടുക്കേണ്ടിയിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍, ആ സമയം, പന്ത് സ്റ്റമ്പിന് പുറത്തേക്കാണ് പോയിരിക്കുക എന്ന തോന്നലില്‍ അവസരം ഉപയോഗപ്പെടുത്താം എന്നാണ് എനിക്ക് തോന്നിയതെന്നും കെ എല്‍ രാഹുല്‍ പറയുന്നു.

66 ബോളില്‍ നിന്നും 60 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നുവെങ്കിലും റിവ്യു പാഴാക്കിയ രാഹുലിനുള്ള വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

You must be logged in to post a comment Login