രാഹുല്‍ വരുമോ? പ്രഖ്യാപനമായില്ല; തീരുമാനം ഉടനെന്ന് എഐസിസി, നാളെ പറയാമെന്ന് മുല്ലപ്പള്ളി

rahul

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ സ്ഥിരീകരണമായില്ല. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ അനുകൂല സൂചനകള്‍ ലഭിച്ചെന്ന് കേരളത്തിലെ നേതാക്കള്‍ അറിയിച്ചെങ്കിലും കേന്ദ്ര നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചില്ല. അന്തിമ തീരുമാനം നാളെയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേ വാല പറഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമാവുമെന്ന് സുര്‍ജേവാല പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ താത്പര്യത്തോടെയാണ് കേരളത്തിലെ ജനങ്ങള്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനോട് പ്രകടിപ്പിക്കുന്ന ഈ താത്പര്യത്തില്‍ നന്ദിയുണ്ട്. ജനങ്ങളുടെ ആ വികാരം കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനമാവും ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കുക. രാഹുലിന്റെ തീരുമാനം അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുര്‍ജേവാല പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചില മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഉച്ചയ്ക്ക് മുല്ലപ്പള്ളി ഇക്കാര്യം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ പിന്നീട് മാധ്യമങ്ങളെക്കണ്ട മുല്ലപ്പള്ളി വിവരങ്ങള്‍ നാളെ പറയാമെന്ന നിലപാടാണ് സ്വീകരിച്ചത്.

രാഹുലിനോട് സ്ഥാനാര്‍ഥിയാവാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചത്. ഘടക കക്ഷി നേതാക്കളും സമാനമായ പ്രതികരണം നടത്തിയിരുന്നു.

You must be logged in to post a comment Login