രുചിയേറും പപ്പായ

ncrp0122753
ഏത് ഭൂപ്രകൃതിയിലും വളരുന്ന വിഭവമാണ് പപ്പായ. ഫലങ്ങള്‍ പറിച്ചു കഴിഞ്ഞു രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കുമെന്നുള്ളതും നട്ടു കഴിഞ്ഞു എട്ട് മാസത്തിനുള്ളില്‍ ഫലം പാകുമാകുമെന്നതുമാണ് പപ്പായ കൃഷിയുടെ പ്രധാന ആകര്‍ഷണീയത. പാകമായ പഴത്തില്‍ നിന്നു വിത്ത് എടുത്തു കഴുകി വഴുവഴുപ്പ് മാറ്റിയതിനു ശേഷം ചാരത്തില്‍ കലര്‍ത്തി തണലില്‍ ഉണക്കിയ ശേഷം വേണം പാകേണ്ടത്. 10 പെണ്‍ചെടിക്ക് ഒരു ആണ്‍ചെടി എന്ന അനുപാതത്തില്‍ വളര്‍ത്തണം. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ആണ് തൈകള്‍ മുളപ്പിക്കാന്‍ പറ്റിയ സമയം. ഒരേക്കറില്‍ ഏകദേശം 1000 മുതല്‍ 1200 വരെ ചെടികള്‍ നടാവുന്നതാണ്. ഒരു മീറ്റര്‍ വീതിയില്‍ അരയടി പൊക്കത്തില്‍ പണകള്‍ ഒരുക്കിയോ ഗ്രോ ബാഗുകളിലോ അരികള്‍ പാകാവുന്നതാണ്. മണലും, കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി വേണം നടാന്‍. തൈകള്‍ ആവശ്യാനുസരണം നനച്ചു കൊടുക്കണം. അല്പം പൊങ്ങി കഴിയുമ്പോഴേക്കും ഗ്രോബാഗില്‍ നിന്നും പുറത്തെടുത്ത് മണ്ണില്‍ നടാവുന്നതാണ്. സാധാരണഗതിയില്‍ ജൈവവളമോ കോഴിവളമോ ഇട്ടുകൊടുത്താല്‍ മതി. കുറച്ചു കുമ്മായം കൂടെ ചേര്‍ക്കുന്നത് അമ്ലഗുണം കുറക്കാന്‍ സഹായിക്കും.

ചെടികളുടെ മൂട്ടില്‍ വെള്ളം കെട്ടികിടക്കാതെ നോക്കേണ്ടതും കളകള്‍ മാറ്റേണ്ടതും അത്യാവശ്യമാണ്. ചെടികള്‍ പൂവിട്ടു തുടങ്ങുമ്പോള്‍ ഇടക്കിടെയുള്ള ആണ്‍ചെടികള്‍ പറിച്ചുമാറ്റണം.
കീടനിയന്ത്രണം
തൈകള്‍ പെട്ടെന്ന് വാടിപോകുന്നതും, തടയഴുകല്‍, ഇലച്ചുരുട്ടല്‍, ഇല വാട്ടം എന്നിവയാണ് പ്രധാന രോഗങ്ങള്‍. അരികള്‍ പാകുന്നതിനു മുമ്പായി സ്യൂടോമോണസ് ലായിനിയില്‍ മുക്കിയ ശേഷം നടുന്നത് തൈകളിലെ ഫംഗസ് രോഗങ്ങള്‍ ഇല്ലാതാക്കും. മഴക്കാലമാകുന്നതിനു മുന്‍പായി ഇലകള്‍ക്ക് താഴെ വരെ തണ്ടില്‍ ബോര്‍ഡോ മിശ്രിതം പുരട്ടുന്നത് തണ്ട് ചീയല്‍ തടയാന്‍ വളരെ നല്ലതാണ്. ചെടികളുടെ തടത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് ഇതിനു പ്രധാന കാരണം.ഇലകളിലെ പുള്ളിപ്പൊട്ട് രോഗത്തിനും ബോര്‍ഡോ മിശ്രിതം സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്. ഒരു ചെടിയില്‍നിന്ന് വര്‍ഷം 60 മുതല്‍ 150 കിലോ വരെ പപ്പായ പറിക്കാം. രണ്ടു വര്‍ഷം വരെയാണ് ചെടിയുടെ ആയുസ്. കൃത്യമായ അകലത്തില്‍ വിത്ത് പാകുന്നതിനാല്‍ ഉല്‍പാദനം കുറയുന്നയുടന്‍ പുതിയ വിത്തുപാകി തുടര്‍ച്ചയായി കൃഷിചെയ്യാനുമാകും. കൂടാതെ ഇടവിളയായി പച്ചക്കറിയും കൃഷിചെയ്യാം.

You must be logged in to post a comment Login