രൂപേഷിനെയും ഭാര്യയെയും കുടുക്കിയത് നാടകീയമായി ; അറസ്റ്റില്‍ ആശയക്കുഴപ്പം

ജെ.ജോര്‍ജ്
കോയമ്പത്തൂര്‍: രൂപേഷും ഭാര്യ ഷൈനയുമുള്‍പ്പെടെ അഞ്ചംഗ സംഘത്തെ സംയുക്ത ഓപ്പറേഷനിലൂടെ കുടുക്കിയത് നാടകീയമായി. എന്നാല്‍ കോടതിയിലേക്ക് കൊണ്ടുപോവും വഴി രൂപേഷ് തങ്ങളെ ആന്ധ്രയില്‍ നിന്ന് അറസ്റ്റു ചെയ്ത് കോയമ്പത്തൂരിലെത്തിച്ച് പൊലീസ് അറസ്റ്റ് നാടകമാണ് നടത്തിയതെന്ന് പറഞ്ഞു. ഇതോടെ അറസ്റ്റു സംബന്ധിച്ച ആശയകുഴപ്പം തുടരുകയാണ്.
മാവോവാദികളുടെ ഇടയിലെ ആശയ ഭിന്നതയാണ് രൂപേഷും സംഘവും അറസ്റ്റിലാവാന്‍ കാരണമെന്ന് സൂചന. കേരള വനത്തില്‍ മാവോയിസ്റ്റുകള്‍ക്ക് നേതൃത്വം കൊടുത്ത രൂപേഷ് ഇടയ്ക്കിടെ കോയമ്പത്തൂരില്‍ ഇറങ്ങുന്ന വിവരം കേരള രഹസ്യാന്വേഷണ സംഘത്തിനാണ് ലഭിച്ചത്. ഈ വിവരം തമിഴ്‌നാട് പ്രത്യേക സേനയായ ക്യൂ ബ്രാഞ്ചിനും ആന്ധ്രയിലെ തീവ്രവാദ വിരുദ്ധ സേനയ്ക്കും കൈമാറി. തുടര്‍ന്ന് ഈ സംസ്ഥാനങ്ങളിലെ പ്രത്യേക ദൗത്യ സേനയും ഇന്റലിജന്‍സ് വിഭാഗവും ആഴ്ചകളായി രൂപേഷിനെ നിരീക്ഷിച്ചു വരുകയായിരുന്നു. എന്നാല്‍ പൊലീസ് നീക്കം മണത്ത രൂപേഷ് കോയമ്പത്തൂര്‍ നഗരത്തിലേക്കുള്ള യാത്രകള്‍ കുറച്ചു. കേരള, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് മേഖലകളിലെ മാവോയിസ്റ്റുകള്‍ക്കിടയില്‍ സമരമാര്‍ഗങ്ങളെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നത മുതലെടുത്താണ് പൊലീസ് ഇവരെ പിടികൂടിയത്. വാടകവീട്ടില്‍ കഴിഞ്ഞ രൂപേഷ് കോയമ്പത്തൂരില്‍ ഇറങ്ങുന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ചോര്‍ന്ന് കിട്ടിയത് മാവോയിസ്റ്റുകളില്‍ നിന്നു തന്നെയാണെന്ന് കേരള പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് മൂന്നു സംസ്ഥാനങ്ങളിലെയും പൊലീസ് പെട്ടെന്നുള്ള നീക്കത്തിലൂടെയാണ് കോയമ്പത്തൂരിന് 20 കിലോമീറ്റര്‍ അകലെയുള്ള കരിമത്തുംപെട്ടിയിലെ ചായക്കടയില്‍ വെച്ച് അഞ്ചംഗ സംഘത്തെ പിടികൂടിയത്. മലയാളിയായ അനൂപ്, തമിഴ്‌നാട് സ്വദേശികളായ കണ്ണന്‍, വീരമണി എന്നിവരാണ് മറ്റുള്ളവര്‍.
ഒരുമാസത്തോളമായി ഈ സംഘം ചായക്കടയ്ക്കടുത്ത് വീടെടുത്ത് താമസിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചായക്കടയില്‍ ഈ സംഘം കയറിയ വിവരം ചോര്‍ന്ന് കിട്ടിയ പൊലീസ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ കുതിച്ചെത്തുകയായിരുന്നു. ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ആദ്യമെത്തിയത് പിന്നാലെ ആന്ധ്രാ സേനയിലെ അംഗങ്ങളുമുണ്ടായിരുന്നു. ചായക്കടയുടെ ഷട്ടര്‍ അടച്ച് ഇവരെ കീഴ്‌പ്പെടുത്തിയപ്പോഴേക്കും തമിഴ്‌നാട് പൊലീസിന്റെ കൂടുതല്‍ അംഗങ്ങള്‍ എത്തി. സംഘത്തില്‍ നിന്ന് എതിര്‍പ്പുണ്ടായില്ലെന്നാണ് പൊലീസ് നല്കുന്ന വിവരം.  എന്നാല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ അറസ്റ്റു വരിച്ചത്.

You must be logged in to post a comment Login