രോഗങ്ങള്‍ അകറ്റാന്‍ പച്ചക്കറി കൃഷി

മലയാളികളെല്ലാം മുന്‍ കാലങ്ങളെ പോലെ ഈ വര്‍ഷവും ഓണം അത്യാര്‍ഭാടമായി ആഘോഷിച്ചു. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വിവഭങ്ങളൊക്കെ വാങ്ങി. പച്ചകറികള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കൈകളില്‍ എത്തിച്ചു തന്നു. മലയാളിക്ക് ഓണം ആഘോഷിക്കാനുള്ള പച്ചകറികളെല്ലാം തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടില്‍ നിന്നും എത്തി. അങ്ങനെ ഓണം ആഘോഷിച്ചു. മാസം ഒന്നു കഴിഞ്ഞപ്പോഴാണ് കേരളത്തില്‍ ഓണത്തിന് എത്തിയ പച്ചക്കറികളി്ല്‍ പലതിനും വിഷം അടിച്ചതാണെന്നു ചാനലുകളില്‍ വാര്‍ത്ത വന്നത്. കടകളില്‍ നിന്നു വാങ്ങുന്ന പച്ചക്കറിയില്‍ മാരക വിഷാംശം അടങ്ങിയിരിക്കുന്നെന്നാണ്  നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു മുന്‍ കാലങ്ങളെക്കാള്‍ കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതു കൂടി ചേര്‍ത്തുവെയ്ക്കുമ്പോള്‍ നമ്മുടെ ഭക്ഷണം സുരക്ഷിതമല്ലെന്നു മനസിലാക്കാം.

അല്പം സമയവും മനസുമണ്ടെങ്കില്‍  ഈ അപകടം ഒഴിവാക്കാന്‍ യാതൊരു പ്രയാസവുമില്ല. രണ്ടു സെന്റ് സ്ഥലമോ ടെറസോ ഉണ്ടെങ്കില്‍ ചെറിയ ഒരു കുടുംബത്തിനാവശ്യമുള്ള എല്ലാ പച്ചക്കറികളും സ്വയം നട്ടുണ്ടാക്കാവുന്നതേയുള്ളൂ. വിവിധങ്ങളായ പച്ചക്കറികളാണ് നടുന്നതെങ്കില്‍ ആഹാരം സമീകൃതവും പോഷകപ്രദവുമാക്കാം.തറയിലായാലും ടെറസിലെ ചട്ടികളിലോ ഗ്രോബാഗുകളിലോ ആയാലും നടുന്ന മണ്ണ് ജൈവസമ്പുഷ്ടമാക്കുകയാണ് ആദ്യനടപടി. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ മണലുമായി മണ്ണില്‍ ചേര്‍ത്താല്‍ മണ്ണ് വളക്കൂറും നീര്‍വാര്‍ച്ചയും ഉള്ളതാക്കാം.

ചെറിയ സ്ഥലത്തോ ടെറസിലോ കൃഷിചെയ്യുകയാണെങ്കില്‍ പടര്‍ന്നു വളരുന്ന കുമ്പളം, വെള്ളരി, പാവയ്ക്ക, കോവല്‍ മുതലായവയ്ക്ക് താങ്ങായി ബലവും ശാഖകളുമുള്ള ഉണങ്ങിയ മരച്ചില്ലകളോ കമ്പികള്‍ കൊണ്ടുണ്ടാക്കിയ ഫ്രെയിമുകളോ നേരത്തേ തന്നെ കരുതണം.വെണ്ട വഴുതിന, തക്കാളി, മുളക്, പയര്‍ തുടങ്ങി എല്ലാ പച്ചക്കറികളും തോട്ടത്തില്‍ ഉള്‍പ്പെടുത്താം. തടമുണ്ടാക്കി നടുകയാണെങ്കില്‍ വഴുതിന, തക്കാളി, മുളക് എന്നീ ഒരേ വര്‍ഗത്തില്‍പ്പെട്ട പച്ചക്കറികള്‍ അടുത്തടുത്തുനടുന്നത് ഒഴിവാക്കുന്നത് എന്തെങ്കിലും കാരണത്താല്‍ ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

നടാനായി രോഗപ്രതിരോധശക്തിയുള്ള ഇനങ്ങള്‍ തന്നെ വാങ്ങുകയും, നടുന്ന സമയത്ത് ഒരു കിലോ മണ്ണിന് രണ്ടുഗ്രാം എന്ന തോതില്‍ സ്യൂഡോമോണസ് എന്ന ബാക്ടീരിയ മിശ്രിതം മണ്ണില്‍ ചേര്‍ക്കുകയും ചെയ്താല്‍ വരാനിടയുള്ള രോഗബാധകള്‍ ഒരുവിധം ഒഴിവാക്കാം. വൈകുന്നേരമാണ് ചെറുതൈകള്‍ തടത്തിലേക്കോ ചട്ടിയിലോ പറിച്ചുനാടാന്‍ പറ്റിയ സമയം. പിന്നീട് ഒരാഴ്ച കഴിഞ്ഞ് അടിവളമായി ചാണകപ്പൊടി, എല്ലുപൊടി, ചാരം എന്നിവ ചേര്‍ത്തുകൊടുത്താല്‍ രാസവളം പൂര്‍ണമായി ഒഴിവാക്കാം. തടത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുംവിധം ദിവസേന ചെറുതായി നനയ്ക്കുകയും വേണം.ചെടികള്‍ വളരുന്നതനുസരിച്ച് വല്ലപ്പോഴും ഇടയിളക്കുന്നതും മണ്ണ് കയറ്റിക്കൊടുക്കുന്നതും നല്ലതാണ്. കീട-രോഗബാധകള്‍ കണ്ടാല്‍ ഒരു കാരണവശാലും വിഷമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കരുത്.

വീട്ടാവശ്യത്തിനുള്ള ചെറിയ തോട്ടത്തില്‍ ഒറ്റപ്പെട്ടുകാണുന്ന പ്രാണികളെ പിടിച്ച് നശിപ്പിക്കുകയോ പുകയിലക്കഷായം, വെളുത്തുള്ളി-വേപ്പെണ്ണ-സോപ്പ് മിശ്രിതം, വേപ്പെണ്ണ എമല്‍ഷന്‍ എന്നിവയിലേതെങ്കിലും തളിക്കുകയോ ആവാം. രോഗബാധകള്‍ക്ക് സ്യൂഡോമോണസ്, വെര്‍ട്ടിസീസിയം, ട്രൈക്കോഡെര്‍മ, ഫ്യൂസേറിയം തുടങ്ങിയ ജൈവിക-സൂക്ഷ്മാണു നിയന്ത്രണരീതികളും ലഭ്യമാണ്. ഗോമൂത്രം, ചാണകപ്പാല്‍, വെര്‍മിവാഷ് മുതലായവ കിട്ടുകയാണെങ്കില്‍ വളക്കൂറ് കൂട്ടാനും കീടരോഗനിയന്ത്രണത്തിനും ഉപകരിക്കും.ഇത്തരത്തില്‍ പച്ചക്കറി നട്ടുവളര്‍ത്തുമ്പോള്‍ ഒരു കറിവേപ്പും, അല്പം മല്ലിയില, നാലഞ്ചു കാന്താരി മുളക് എന്നിവയെല്ലാം ഉള്‍പ്പെടുത്താന്‍ മറക്കരുത്.

vegrr

കടയില്‍ നിന്നു വാങ്ങുന്ന കറിവേപ്പിലയിലും പച്ചമുളകിലും മല്ലിയിലയിലുമൊക്കെ ഉഗ്രവിഷമുള്ള കീടനാശിനിയുടെ അവശിഷ്ടം അടങ്ങുന്നുണ്ടെന്നാണ് കാര്‍ഷിക സര്‍വകലാശാല ഗവേഷണത്തില്‍ കണ്ടത്. എത്ര ജോലിത്തിരക്കുള്ള കുടുംബമാണെങ്കിലും ആരെങ്കിലും അല്പസമയം ദിവസേന ഈ ചെടികള്‍ക്കിടയില്‍ ചെലവഴിച്ചാല്‍ പല മാരകരോഗങ്ങളുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാം. വിശ്രമവേളകളില്‍ മനസിന് സന്തോഷം തരുന്ന ഒരു ജീവനശൈലികൂടിയാകും.ഇനിയുംജൈവകീടനാശിനികള്‍ ഉപയോഗിക്കുവാന്‍ അടുക്കളത്തോട്ടനിര്‍മാതാക്കള്‍ ശ്രദ്ധിക്കണം. അടുക്കളത്തോട്ടത്തിലെ ഒരു പ്രധാന ഇനം ചീരയാണ്. വേനല്‍ കുറവും ഇടയ്ക്കിടയ്ക്കു മഴയും അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ പുള്ളിക്കുത്തു രോഗം ഉണ്ടാകുന്നു. അതിനു പ്രതിവിധിയായി 10 ലിറ്റര്‍ ചാണകത്തെളി നീരില്‍ 1 ടീസ്പൂണ്‍ സോഡാപ്പൊടിയും 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും കലക്കി തളിക്കുക.ഗോമൂത്രത്തില്‍ വേപ്പില ചതച്ച് ഒരു രാത്രിവയ്ക്കുക.

അടുത്തദിവസം ആറിരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ചീര കീടബാധയില്ലാതെ വളരും. ചീരയ്ക്കു കൂടുകെട്ടിപുഴുവിന്റെ ഉപദ്രവം ഉണ്ടാകാം. പച്ചനിറമുള്ള പുഴുക്കള്‍ ഇലകള്‍ തമ്മില്‍ കൂട്ടിപ്പിടിച്ച് കൂടുണ്ടാക്കുന്നു. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കുക അതില്‍ 20 ഗ്രാം കാന്താരി മുളക് അരച്ചുചേര്‍ത്ത് തളിക്കുക. അടുക്കളത്തോട്ടത്തിലെ പയര്‍കൃഷിയില്‍ മുഞ്ഞ വലിയ ഉപദ്രവകാരിയാണ്. കായവും വെളുത്തുള്ളിയും തുല്യ അളവില്‍ എടുക്കുക. വെളുത്തുള്ളി അരച്ച നീര് കായവുമായി യോജിപ്പിച്ച് നാലിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുന്നതു ഫലപ്രദമാണ്. പയറിലുടെ നീര്‍ കയറിയാല്‍ മുഞ്ഞയെ തിന്നു നശിപ്പിക്കും. പയറിന് ചാഴിയുടെ ഉപദ്രവം ഉണ്ടായാല്‍ 100 ഗ്രാം കാന്താരിമുളക് 50 ഗ്രാം വെളുത്തുള്ളി ഇവ ഇടിച്ചുപിഴിഞ്ഞ നീര്10 ലിറ്റര്‍ വെള്ളത്തില്‍ തളിക്കുന്നത് ഫലപ്രദമാണ്.

വെണ്ടയുടെ ഇല മുറിച്ചുകളയുന്ന പുഴുക്കളെ കണ്ടുപിടിച്ചു കൈകൊണ്ട്‌നശിപ്പിക്കുകയും ചെയ്യാം. വഴുതന ഇല ചുരുട്ടി കൂടുണ്ടാക്കുന്ന ഒരിനം പുഴുക്കള്‍ ഉണ്ട്. അവയുടെ ഉപദ്രവം കണ്ടാലുടന്‍ വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം ഉപയോഗിക്കണം. 1 ശതമാനം വീര്യത്തില്‍ 10 ലിറ്റര്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഉണ്ടാക്കുന്നതിന് 100 മില്ലി ലിറ്റര്‍ വേപ്പെണ്ണ, 200 ഗ്രാം വെളുത്തുള്ളി, 60 ഗ്രാം ബാര്‍സോപ്പ് എന്നിവ വേണ്ടിവരും. ബാര്‍സോപ്പ് ചെറുചീളുകളായി അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക.

വേപ്പെണ്ണയിലേക്ക് സോപ്പ് ലായനി ശക്തമായി ഇളക്കിക്കൊണ്ട്‌സാവധാനം ചേര്‍ക്കുക. കൊഴുത്ത കുഴമ്പായി മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി ലായനികൂടി ചേര്‍ക്കുക. ഇതില്‍ 1 ലിറ്ററിനൊപ്പം 9 ലിറ്റര്‍ വെള്ളം ചേര്‍ത്തുനേര്‍പ്പിക്കുക.അടുക്കളത്തോട്ടത്തില്‍ കഴിവുള്ളിടത്തോളം ജൈവവളങ്ങള്‍ മാത്രം ഉപയോഗിക്കുകയാണ് ഏറ്റവും ഉത്തമം. അടുത്ത കാലത്തായി കേരളത്തിലെ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളി്ല്‍ നിന്നും ശരിക്കും രക്ഷ നേടാന്‍ വ്യായാമത്തിനൊപ്പം നമ്മുടെ പുരയിടത്തിലോ, ടെറസിലോ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്‌

You must be logged in to post a comment Login