രോഗമോചനമേകുന്ന ആശ്വാസവൃക്ഷമായി ലക്ഷ്മിതരു

ലക്ഷ്മിതരു എന്ന നിത്യഹരിത വൃക്ഷത്തിന് കേരളത്തിലും ആരാധകരേറുന്നു. ജീവനകലയുടെ ആചാര്യനായ ശ്രീശ്രീ രവിശങ്കറാണ് ഈ അത്ഭുത ഔഷധവൃക്ഷത്തിന് ഇന്ത്യയില്‍ അടുത്തകാലത്ത് വന്‍ പ്രചാരം നല്‍കിയത്. സിമറൂൗക്ക എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ വൃക്ഷം മധ്യ അമേരിക്കന്‍ സ്വദേശിയാണ്. 1960 കളില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സിന്റെ മഹാരാഷ്ട്ര അമരാവതിയിലെ കേന്ദ്രം ഈ വൃക്ഷത്തെ ഇന്ത്യയില്‍ കൊണ്ടുവന്നു. ബാംഗ്ലൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണമാണ് വൃക്ഷത്തെ ദേശീയശ്രദ്ധയില്‍ എത്തിച്ചത്. എണ്ണവൃക്ഷം, പാരഡൈസ് ട്രീ, അസൈടുനോ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സമുദ്രതീരം മുതല്‍ സമുദ്രനിരപ്പില്‍നിന്നു 1500 മീറ്റര്‍ ഉയരം വരെയുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന വൃക്ഷമാണ് ലക്ഷ്മിതരു.
കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് അതിവേഗം മടങ്ങിവരുന്നതിനും ലക്ഷ്മിതരുവിന്റെ ഇലകള്‍ ചേര്‍ത്ത കഷായം സഹായിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തകാലത്ത് വന്‍ പ്രചാരം നേടിക്കൊടുത്തത്. ഇതിന്റെ ഇലകളിലുള്ള ക്വാസിനോയിഡ്‌സ്, ഗ്ലാക്കാറൂബിനോന്‍ തുടങ്ങിയ രാസസംയുക്തങ്ങള്‍ക്ക് ട്യൂമറുകളും രക്താര്‍ബുദവും തടയാനുള്ള ശേഷിയുണ്ട്. വലിയ മുതല്‍മുടക്കില്ലാത്ത ആരോഗ്യ ഇന്‍ഷൂറന്‍സാണ് ഈ വൃക്ഷം. ഗര്‍ഭാശയരോഗങ്ങള്‍, വയറിളക്കം, ചിക്കന്‍ഗുനിയ മലേറിയ, അള്‍സര്‍, ഉദരരോഗങ്ങള്‍ എന്നിവയ്‌ക്കെതിരേയും ഫലപ്രദമാണ്.
ഈ വൃക്ഷത്തിന്റെ ഇലകള്‍, പഴം, തടി, വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വിത്തില്‍ 65 ശതമാനം എണ്ണ ഉള്ളതിനാല്‍ പാചക എണ്ണയായും ഉപയോഗിക്കാം. ഇതില്‍ നിന്നുമുള്ള ഭക്ഷ്യഎണ്ണ എല്‍സാല്‍വഡോര്‍ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ വിപണനംചെയ്യുന്നുണ്ട്. എണ്ണ ബയോഡീസലായും ഉപയോഗിക്കാം. പഴത്തിന്റെ പള്‍പ്പില്‍ 11 ശതമാനത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതില്‍നിന്നും ജൂസ്, ജാം, വൈന്‍, ചോക്കലേറ്റ് തുടങ്ങിയവ തയ്യാറാക്കാം. സ്വാഭാവികമായ നിറവും നല്ല രുചിയും ആകര്‍ഷകമായ ഗന്ധവുമുണ്ട്.
വിത്തില്‍നിന്നും എണ്ണ എടുത്തതിനുശേഷം ലഭിക്കുന്ന പിണ്ണാക്ക് നല്ല ജൈവവളമാണ്. ഇലയും ചവറും മണ്ണിന്റെ ജൈവാംശം കൂട്ടും. ഇലകള്‍ മണ്ണിരകള്‍ക്ക് ഏറെ ഇഷ്ടമായതിനാല്‍ മണ്ണിര കമ്പോസ്റ്റ് നര്‍മാണത്തിന് നല്ലതാണ്. പഴത്തിന്റെ പള്‍പ്പും. വെര്‍മികമ്പോസ്റ്റുണ്ടാക്കാന്‍ മികച്ചതാണ്. തടിക്ക് ഉരുണ്ട ആകൃതിയാണ്. 10 വര്‍ഷം പ്രായമുള്ള വൃക്ഷത്തില്‍ നിന്നും 510 ക്യൂബിക് അടി തടി ലഭിക്കും. ഇതിന്റെ എണ്ണ പാചക എണ്ണയായി ഉപയോഗിക്കുന്നതിനു പുറമെ സോപ്പ്, ഷാമ്പൂ, ലൂബ്രിക്കന്റുകള്‍, ഗ്രീസ്, പെയിന്റ്, വാര്‍ണിഷ്, മെഴുകുതിരി തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു.
പാരിസ്ഥിതിക മൂല്യമുള്ള വൃക്ഷമാണ് ലക്ഷ്മിതരു. പാഴ്‌നിലങ്ങളെ ഫലഭൂയിഷ്ടമാക്കി മാറ്റാന്‍ വൃക്ഷത്തിന് ശേഷിയുണ്ട്. മണ്ണു സംരക്ഷണവും ജലസംരക്ഷണവും ഒരുപോലെ നിര്‍വഹിക്കുന്ന ലക്ഷ്മി തരു നീര്‍വാഴ്ച്ചയില്ലാത്ത പ്രദേശങ്ങളിലും വളര്‍ത്താന്‍ യോജിച്ച വൃക്ഷമാണ്. അഞ്ചെട്ടു മാസം മഴയില്ലെങ്കിലും പിടിച്ചുനില്‍ക്കും. ചരല്‍മണ്ണിലും മണല്‍ മണ്ണിലും വെട്ടുകല്‍ പ്രദേശങ്ങളിലും കറുത്ത മണ്ണിലും സമതലങ്ങളിലും കുന്നിന്‍ ചെരിവുകളിലുമെല്ലാം നന്നായി വളരും. 5 ഡിഗ്രി മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള കാലാവസ്ഥയില്‍ ഇത് വളരും. മറ്റു വൃക്ഷങ്ങള്‍ വളരാത്ത മണ്ണിലും വളര്‍ത്താം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലായിരിക്കണം വൃക്ഷം നട്ടുവളര്‍ത്തേണ്ടത്. മണ്ണൊലിപ്പ് തടയുന്നതോടൊപ്പം ഭൂഗര്‍ഭ ജലസംരക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അതിരുകളിലും ബണ്ടുകളിലുമെല്ലാം വൃക്ഷം നട്ടുപിടിപ്പിക്കാം. പാതയോരങ്ങളില്‍ തണലും അഴകും കൂട്ടാനും നട്ടുപിടിപ്പിക്കാം. ഇടവിളയായും തോട്ടമായും കൃഷിചെയ്യാം. ആറുവര്‍ഷം കൊണ്ട് 1015മീറ്റര്‍ ഉയരത്തില്‍ വളരും. വിത്തു നട്ടുണ്ടാകുന്ന തൈകള്‍ ആറുവര്‍ഷത്തിനുള്ളിലും ഗ്രാഫ്റ്റ് നട്ടുണ്ടാകുന്ന തൈകള്‍ നാലുവര്‍ഷത്തിനുള്ളിലും പൂത്തുതുടങ്ങും. ഡിസംബര്‍ ജനുവരിയാണ് പൂക്കുന്ന കാലം. വിളവെടുത്ത ഉടന്‍ വിത്തു നടണം. രണ്ട് മൂന്ന് മാസം പ്രായമുള്ള തൈകള്‍ മഴക്കാലത്ത് നടാം. 45-45-45 സെന്റിമീറ്റര്‍ നീളത്തിലും വീതിയിലുമുള്ള ആഴത്തിലുമുള്ള കുഴികളെടുത്ത് പാതിഭാഗം മേല്‍മണ്ണും ബാക്കിഭാഗം ജൈവവളവും നിറച്ച് തൈകള്‍ നടാം. മണ്ണില്‍ ഈര്‍പ്പമുണ്ടെങ്കില്‍ വിത്തു നേരിട്ട് നട്ടും ഈ വൃക്ഷം വളര്‍ത്താം. ഒരു ഹെക്ടറില്‍ നിന്നും ശരാശരി 1000-2000 കിലോഗ്രാം ഭക്ഷ്യഎണ്ണ ലഭിക്കും.

You must be logged in to post a comment Login