രോഗികളുടെ അവകാശപത്രിക: കൊള്ളലാഭം കൊയ്യുന്ന ആശുപത്രികള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു

കൊള്ളലാഭം കൊയ്യുന്ന ആശുപത്രികള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു. രോഗികളുടെ അവകാശസംരക്ഷണം ലക്ഷ്യംവയ്ക്കുന്ന അവകാശപത്രിക പ്രാബല്യത്തിലാകുന്നതോടെയാണ് ഇത്.

പത്രികയുടെ കരടിലെ 11ാം വ്യവസ്ഥയനുസരിച്ചു മരുന്നു വാങ്ങാനും പരിശോധന നടത്താനും രോഗിക്ക് ഇഷ്ടമുള്ള സ്ഥലം തെരഞ്ഞെടുക്കാം. ആശുപത്രികള്‍ക്കുപുറമേ കൊള്ളലാഭം കൊയ്യുന്ന ഫാര്‍മസികള്‍, ലാബുകള്‍ എന്നിവയെക്കൂടി നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു വ്യവസ്ഥ ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞദിവസമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുവേണ്ടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ രോഗികളുടെ അവകാശപത്രികയുടെ കരട് പുറത്തിറക്കിയത്.

വ്യവസ്ഥയനുസരിച്ചു ഡോക്ടര്‍മാര്‍ക്കോ ആശുപത്രിയധികൃതര്‍ക്കോ ഫാര്‍മസികളെയും ലാബുകളെയും ശുപാര്‍ശ ചെയ്യാനോ മരുന്നും പരിശോധനയും സ്വീകരിക്കണമെന്നു നിര്‍ബന്ധിക്കാനോ ആകില്ല. ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ഏതു ലാബില്‍ വേണമെങ്കിലും രോഗിക്ക് പരിശോധന നടത്താം. ഇക്കാര്യം രോഗിയെയും ബന്ധുക്കളെയും അറിയിക്കേണ്ടത് ഡോക്ടറുടെയും ആശുപത്രിയധികൃതരുടെയും ഉത്തരവാദിത്വമാണ്.

ആശുപത്രികളില്‍ സിറിഞ്ചും ഗ്ലൗസും മുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുവരെ അമിതവില ഈടാക്കുന്നെന്നു ദേശീയ ഔഷധ വിലനിര്‍ണയ സമിതിയുടെ (എന്‍.പി.പി.എ.) പഠനത്തില്‍ കണ്ടെത്തിയിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെ വില്പനയിലൂടെ കമ്പനികളും വിതരണക്കാരും ആശുപത്രികളും 40 മുതല്‍ 600 ശതമാനം വരെയാണു ലാഭം ഈടാക്കുന്നത്. ഇക്കൂട്ടത്തില്‍ സര്‍ക്കാര്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടുന്നു. എന്‍.പി.പി.എ.യുടെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊള്ളലാഭം കൊയ്യുന്ന ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ നടപടി നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണു വ്യവസ്ഥ ശ്രദ്ധേയമാകുന്നത്.

ചികിത്സയില്‍ തൃപ്തനല്ലെങ്കില്‍ ബദല്‍മാര്‍ഗം തേടാനും രോഗിക്ക് അവകാശമുണ്ട്. ഈ ഘട്ടത്തില്‍ രോഗി ആവശ്യപ്പെടുന്ന ചികിത്സാരേഖകളും പരിശോധനാ റിപ്പോര്‍ട്ടുകളും അധികൃതര്‍ കൈമാറണം. രോഗിയെ മറ്റാശുപത്രിയിലേക്കു റഫര്‍ ചെയ്യുകയാണെങ്കില്‍ കാര്യകാരണങ്ങള്‍ രോഗിയെ നിര്‍ബന്ധമായും ബോധ്യപ്പെടുത്തിയിരിക്കണം.

You must be logged in to post a comment Login