രോഹിത്തിന്റെ ‘ദീപാവലി വെടിക്കെട്ടില്‍’ ഇന്ത്യയ്ക്ക് പരമ്പര

ദീപാവലി ദിനത്തില്‍ രോഹിത് ശര്‍മ്മ കത്തിപടര്‍ന്നപ്പോള്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് ഏകദിന പരമ്പര. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസീസിനെ 57 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം.

രോഹിതിന്റെ ഇരട്ടസെഞ്ച്വറി(209) പ്രകടനത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 45.1 ഓവറില്‍ 326 റണ്‍സിന് ഓള്‍ ഔട്ടായി. രോഹിത്തിന്റെ ബാറ്റിംഗ് പ്രകടനത്തിന് ജെയിംസ് ഫോല്‍ക്കനറുടെ സെഞ്ച്വറി(117) പ്രകടനത്തിലൂടെ ഓസീസ് മറുപടി നല്‍കിയെങ്കിലും വിജയം അവരില്‍ നിന്നും അകലുകയായിരുന്നു.

32നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഏഴ് മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണം മഴമൂലം ഉപേക്ഷിച്ചിരുന്നു.

സച്ചിനും സേവാഗിനും ശേഷം ഏകദിനക്രിക്കറ്റ് ചരിത്രത്തില്‍ ഇരട്ടശതകം നേടുന്ന മൂന്നാമത്തെ താരമെന്ന ഖ്യാതിയാണ് ഇരട്ടസെഞ്ച്വറി നേട്ടത്തോടെ രോഹിത്തിനൊപ്പം ചേര്‍ന്നത്. 158 പന്തില്‍ 209 റണ്‍സാണ് രോഹിതിന്റെ മനോഹരമായ ബാറ്റിംഗ് ഇന്നിംഗ്‌സില്‍ പിറന്നത്. ഓസീസിനെതിരായ പ്രകടനത്തിലൂടെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന റെക്കോര്‍ഡ് സച്ചിനെ മറിക്കടന്ന് രോഹിത് തന്റെ പേരിനൊപ്പം ചേര്‍ത്തു. 219 റണ്‍സെടുത്ത സേവാഗിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 383 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ ഇന്ന് കുറിച്ചത്.

158 പന്തില്‍ 16 സിക്‌സും 12 ഫോറും ഉള്‍പ്പെടെയായിരുന്നു രോഹിതിന്റെ ഇരട്ടസെഞ്ച്വറി. ഇതോടെ ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന ഷെയന്‍ വാട്‌സന്റെ റെക്കോര്‍ഡ് രോഹിത് പഴങ്കഥയാക്കി. 132. 27 ആണ് രോഹിതിന്റെ റണ്‍ ശരാശരി. ക്ലിന്റെ മക്കെയും ഡോഹര്‍ത്തിയുമാണ് രോഹിതിന്റെ ബാറ്റിന്റെ ചൂട് കൂടുതലറിഞ്ഞത്. 108 പന്തില്‍ നൂറു തികച്ച രോഹിത് പിന്നെ അടിച്ചുതകര്‍ക്കുകയായിരുന്നു. അതിവേഗം 150 ലെത്തിയ മുംബൈ താരം സ്പിന്നര്‍ ദോഹര്‍ട്ടി എറിഞ്ഞ 47ാം ഓവറില്‍ രോഹിത് 26 റണ്‍സ് അടിച്ചൂകൂട്ടി.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഒത്തുചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 112 റണ്‍സാണ് പിറന്നത്. 19 ഇന്നിംഗ്‌സുകളിലായി ഇത് ആറാം തവണയാണ് ഇരുവരുടേയും ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 100 ലേറെ റണ്‍സ് പിറക്കുന്നത്. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ധവാനേയും റെയ്‌നയേയും പുറത്താക്കി ഓസീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് ക്രീസിലെത്തിയ റെയ്‌നയും യുവരാജ് അധികം വൈകാതെ മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ ധോണിയുമൊത്ത് രോഹിത് തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. രോഹിതും ധോണിയും തകര്‍ത്താടിയ അവസാന അഞ്ച് ഓവറുകളില്‍ മാത്രം പിറന്നത് 101 റണ്‍സാണ്. 94 പന്തുകളില്‍ നിന്ന് രോഹിത് ധോണി കൂട്ടുകെട്ട് 167 റണ്‍സ് പടുത്തുയര്‍ത്തി. 38 പന്തുകളില്‍ നിന്ന് 62 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം.

114 പന്തില്‍ സെഞ്ച്വറി തികച്ച രോഹിതിന് വെറും 42 പന്തുകള്‍ കൂടിയെ വേണ്ടി വന്നൂള്ളൂ ഇരട്ട സെഞ്ച്വറി തികയ്ക്കാന്‍. മക്കെയെ സിക്‌സറിന് പറത്തിയാണ് രോഹിത് ഇരട്ട സെഞ്ച്വറി ആഘോഷമാക്കിയത്. ഒടുവില്‍ മക്കെയുടെ തന്നെ പന്തില്‍ ഹെന്റിക്‌സ് പിടിച്ചു പുറത്താകുമ്പോഴേക്കും ഈ ഓപ്പണര്‍ 209 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിരുന്നു.

ഇരട്ടശതക പ്രകടനത്തോടെ ഏകദിനത്തില്‍ ഈ വര്‍ഷം 1000 റണ്‍സെന്ന നാഴികകല്ലും ഏകദിന കരിയറില്‍ 3000 റണ്‍സും രോഹിത് സ്വന്തമാക്കി. 107 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള രോഹിത് 3 സെഞ്ച്വറികളും 19 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

ഇതേസമയം ഓസീസിന്റെ ബാറ്റിംഗ് തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ടു. തുടര്‍ന്ന് തുടരെതുടരെ വിക്കറ്റുകള്‍ വീണത് ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി. ഒരുഘട്ടത്തില്‍ നാലിന് 74 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. 22 പന്തില്‍ 60 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും 22 പന്തില്‍ 49 റണ്‍സെടുത്ത ഷെയിന്‍ വാട്‌സണും കത്തികയറിയപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ഇരുവരേയും പുറത്താക്കി ഇന്ത്യന്‍ വിനയ് കുമാറും ജഡേജയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 30 ഓവറില്‍ എട്ടിന് 211 എന്ന നിലയിലായിരുന്നു ഓസീസ് ആ സമയത്ത്. അതോടെ ഇന്ത്യന്‍ ആരാധകര്‍ വിജയാഘോഷം തുടങ്ങി.

എന്നാല്‍ ജെയിംസ് ഫോല്‍ക്കനര്‍ ക്രീസില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ഓസീസ് സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിക്കാന്‍ തുടങ്ങി. കേവലം അമ്പത്തേഴ് പന്തില്‍ ഫോല്‍ക്കനര്‍ സെഞ്ച്വറി നേടി. ഏകദിനത്തില്‍ ഒരു ഓസീസ് താരം നേടുന്ന വേഗതയേറിയ സെഞ്ച്വറിയാണിത്. വിനയ് കുമാറാണ് ഫോല്‍ക്കനറുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്. ഒരറ്റത്ത് ക്ലിന്റ് മക്കെയെ നിര്‍ത്തിയായിരുന്നു ഫോല്‍ക്കനറുടെ രക്ഷാപ്രവര്‍ത്തനം. ഇരുവരുടേയും കൂട്ടുകെട്ടില്‍ 125 റണ്‍സാണ് പിറന്നത്.

44ാം ഓവറില്‍ മക്കെയെ ജഡേജ പുറത്താക്കുമ്പോള്‍ ഓസിസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 57 റണ്‍സായിരുന്നു. കൈവശമുള്ളത് ഒരുവിക്കറ്റും. അടുത്ത ഓവറില്‍ ഫോല്‍ക്കനറെ ദവാന്റെ കൈകളിലെത്തിച്ച് ഷമി ഓസീസിന്റെ അവസാന പ്രതീക്ഷയും ഇല്ലാതാക്കി. ഒപ്പ ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കുകയും ചെയ്തു.

You must be logged in to post a comment Login