രോഹിത് വേമുല ദലിതന്‍ തന്നെയെന്നു പട്ടികജാതി കമ്മിഷന്‍ ചെയര്‍മാന്‍

ROHITH

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ മരിച്ച രോഹിത് വേമുല ദലിതന്‍ തന്നെയായിരുന്നുവെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍.പുനിയ. രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ട. ജഡ്ജ് എ.കെ.രൂപന്‍വാളിന്റെ നിരീക്ഷണം പുനിയ തള്ളി.

രോഹിത് പട്ടികജാതി കുടുംബത്തില്‍ ജനിച്ചയാളല്ലെന്നായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്റെ നിരീക്ഷണം. എന്നാല്‍ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജഡ്ജിയെ രൂക്ഷമായി വിമര്‍ശിച്ചു രോഹിത് ആത്മഹത്യ ചെയ്തത് എന്തിനെന്നും ഉത്തരവാദികള്‍ ആരൊക്കെയെന്നും കണ്ടെത്താനാണ് കമ്മീഷനെ നിയമിച്ചത്. എന്നാല്‍ കമ്മീഷന്‍ രോഹിത് വേമുലയുടെ ജാതി തിരഞ്ഞുപോയത് നിര്‍ഭാഗ്യകരമാണെന്നു പുനിയ പറഞ്ഞു.

രോഹിത് വേമുല ദലിത് കുടുംബത്തിലല്ല ജനിച്ചതെന്ന കണ്ടെത്തല്‍ രാഷ്ട്രീയപ്രേരിതമാണെന്നു കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു. ദലിത് കുടുംബത്തില്‍ ജനിച്ചു പ്രാഥമിക വിദ്യാഭ്യാസവും കോളജ് പഠനവും പൂര്‍ത്തിയാക്കി സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചയാളാണു രോഹിത്. പഠനകാലത്തു ദലിത് വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന സ്‌റ്റൈപന്‍ഡും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചതിന്റെ രേഖകളുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ റിട്ട. ജഡ്ജിയുടെ കണ്ടെത്തല്‍ വസ്തുതാരഹിതമാണ്. രോഹിത് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയയ്ക്കും വിസി അപ്പാറാവുവിനും എതിരെ പട്ടികവിഭാഗക്കാര്‍ക്കെതിരെയുള്ള പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കാതിരിക്കാനാണു പുതിയ റിപ്പോര്‍ട്ടുമായി കേന്ദ്രസര്‍ക്കാര്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login