റഫാല്‍ കേസ്: പുതിയ രേഖകള്‍ പരിശോധിക്കാനാകില്ലെന്ന് സുപ്രീംകോടതി; രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ പുതിയ രേഖകള്‍ പരിശോധിക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം നല്‍കിയ കത്ത് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിനോട് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. പുനഃപരിശോധന ഹര്‍ജി ആയതിനാല്‍ പഴയ രേഖകള്‍ മാത്രമെ പരിശോധിക്കാനാകൂവെന്നും കോടതി അറിയിച്ചു. ശരിയായ രേഖകള്‍ പരിശോധിച്ചിരുന്നെങ്കില്‍ കേസിലെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വാദിച്ചു.

അതേസമയം എന്‍ റാമിനും പ്രശാന്ത് ഭൂഷണുമെതിരെ ശക്തമായ ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. റഫാല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഉയര്‍ത്തിക്കാട്ടുന്നത് പ്രതിരോധമന്ത്രാലയത്തില്‍നിന്ന് മോഷ്ടിച്ച രേഖകളാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആരോപിച്ചു. മോഷ്ടിച്ച രേഖകളെ ആധാരമാക്കിയാണ് വാദവും വാര്‍ത്തകളും വരുന്നത്. ഇത് കോടതി നടപടികളെ സ്വാധീനിക്കാനാണെന്നും കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും കെ.കെ വേണുഗോപാല്‍ വാദിച്ചു. രേഖകള്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു മുതിര്‍ന്ന അഭിഭാഷകര്‍ക്കുമെതിരെ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്തായിരുന്നു ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ട്?

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ എതിര്‍പ്പ് അറിയിച്ച പ്രതിരോധ വകുപ്പ് സമാന്തരചര്‍ച്ച ഒഴിവാക്കണമെന്ന് അറിയിച്ചു. 2015 നവംബറില്‍ വഴിവിട്ട ഇടപാടിനെ എതിര്‍ത്ത് പ്രതിരോധ സെക്രട്ടറി മോഹന്‍ കുമാര്‍, പ്രതിരോധ മന്ത്രിക്ക് കത്തെഴുതിയിരുന്നു.

മുപ്പത്തിയാറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാന്‍സില്‍ പ്രഖ്യാപിച്ച ഉടനെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്. ഡെപ്യൂട്ടി എയര്‍മാര്‍ഷലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി ചര്‍ച്ചകളില്‍ പ്രതിനിധീകരിച്ചത്.

പിന്നീട് 2015 ഒക്ടോബര്‍ 23 ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇടപാടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്തു വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡ്വൈസര്‍ ലൂയിസ് വാസിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സ്റ്റീഫന്‍ റെബിന്റെ കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതോടെയാണ് പ്രതിരോധ മന്ത്രാലയം അറിയാതെയും റഫാല്‍ ഇടപാടിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന വിവരം പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയുന്നത്.

ജനറല്‍ റബ്ബിന്റെ കത്ത് അന്നത്തെ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ മോഹന്‍കുമാര്‍ കത്തിലൂടെ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിരോധ ഇടപാടുകളുടെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണെന്നിരിക്കേ സമാന്തരചര്‍ച്ചകള്‍ നടത്തുന്നത് വിപരീത ഫലം ചെയ്യുമെന്ന് മോഹന്‍കുമാര്‍ പരീക്കര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

എന്നാല്‍ ഇതിനെതിരെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്തു വന്നു. മുന്‍ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഇതില്‍ ഒരു മറുപടി നോട്ട് എഴുതിയിരുന്നെന്നും, പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യങ്ങള്‍ നിരീക്ഷിക്കുക മാത്രമാണെന്ന് പരീക്കര്‍ എഴുതിയത് മറച്ചു പിടിച്ചാണ് പത്രം വാര്‍ത്ത പുറത്തു വിട്ടതെന്നും നിര്‍മലാ സീതാരാമന്‍ ആരോപിച്ചു.

You must be logged in to post a comment Login