‘റബര്‍ കര്‍ഷകരെ വലയ്ക്കുമോ’, കാലാവസ്ഥയെ പഴിചാരി റബര്‍ ബോര്‍ഡ് മാറ്റാന്‍ നീക്കം

റബര്‍ കൃഷിയ്ക്കു ആരംഭം കുറിച്ച അസ്സം, ത്രിപുര തുടങ്ങിയ സ്ഥലങ്ങളിലെ കാലാവസ്ഥ കൃഷിയ്ക്ക് അനുയോജ്യമാണെന്നും കേരളത്തില്‍ റബറിന്റെ വ്യാപനം ഇനി സാധ്യമല്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

rubber

  • ദീപു മറ്റപ്പള്ളി

കോട്ടയം: കാലാവസ്ഥാ വ്യതിയാനം റബറിന്റെ വളര്‍ച്ചയ്ക്കു തടസമാകുമെന്ന ഗവേഷണത്തെ പഴിചാരി റബര്‍ ബോര്‍ഡിന്റെ ആസ്ഥാനം കോട്ടയത്തു നിന്നു നീക്കാനുള്ള ശ്രമം തക്യതിയായി നടക്കുന്നു. കേരളത്തില്‍ ഇനിയും റബര്‍ ചെടികളുടെ വ്യാപനം ഉണ്ടാകില്ലെന്നും റബര്‍ ഗവേഷണ കേന്ദ്രം സൂചന നല്‍കി. റബര്‍ ബോര്‍ഡിന്റെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തില്‍ കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തില്‍ റബരിന്റെ ഉല്‍പ്പാദനം വര്‍ധിക്കാന്‍ സാധ്യതയില്ലെന്നാണ് കണ്ടെത്തല്‍.

വരും കാലങ്ങളില്‍ സംസ്ഥാനത്തെ ചൂട് ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയരാനാണ് സാധ്യത. ചൂടു കൂടുന്തോറും ഉല്‍പ്പാദനവും വ്യാപനവും നടത്താനാവില്ലെന്നു റബര്‍ ബോര്‍ഡ് നടത്തിയ പഠനം കണ്ടെത്തിയിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നു കേരളത്തില്‍ റബറിന്റെ ഉല്‍പ്പാദനം 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടായി. കോട്ടയം ജില്ലയിലാണ് ഉല്‍പ്പാദനത്തില്‍ ഏറ്റവും കുറവു കണ്ടെത്തിയത്.

ഭൂമദ്ധ്യരേഖയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ റബറിന്റെ ഉല്‍പ്പാദനം വര്‍ദ്ധിക്കുമെന്നാണ് ഗവേഷണ വിഭാഗം പറയുന്നത്. ഇന്ത്യോനേഷ്യ, തായ്‌ലന്റ്, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ റബര്‍ ഉല്‍പ്പാദനത്തിനു പിന്നില്‍ ഇക്കാര്യം തന്നെ. ഭൂമദ്ധ്യരേഖയോടു ചേര്‍ന്നുള്ള കേരളത്തില്‍ കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് റബറിനു വിനയായത്. മണ്ണിലെ ഈര്‍പ്പകുറവും കടുത്ത ചൂടും റബറിന്റെ ഉല്‍പ്പാദനം കുറയ്ക്കുകയായിരുന്നു. മഴയിലെ ഏറ്റക്കുറച്ചിലും ഉല്‍പ്പാദനത്തെ ബാധിച്ചതായി ചൂണ്ടിക്കാട്ടുന്നു.

1500 മുതല്‍ 2000 മില്ലീമിറ്റര്‍ മഴയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇടമഴകള്‍ കേരളത്തില്‍ കുറയുന്നതായും കണ്ടെത്തി. ഇതു ഈര്‍പ്പത്തെ കുറയ്ക്കുകയാണുണ്ടായത്. ഇതോടെ ഉല്‍പ്പാദനം കുറയാനുള്ള സാധ്യതയും ഏറി. എന്നാല്‍, റബര്‍ കൃഷിയ്ക്കു ആരംഭം കുറിച്ച അസ്സം, ത്രിപുര തുടങ്ങിയ സ്ഥലങ്ങളിലെ കാലാവസ്ഥ കൃഷിയ്ക്ക് അനുയോജ്യമാണെന്നും കേരളത്തില്‍ റബറിന്റെ വ്യാപനം ഇനി സാധ്യമല്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

റബര്‍ ബോര്‍ഡിനെ വടക്കേ ഇന്ത്യയിലേക്കു പറിച്ചു നടാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഇത്തരത്തിലുള്ള പഠനങ്ങളും നടക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റബര്‍ ബോര്‍ഡിന്റെ ആസ്ഥാനം കോട്ടയത്തു നിന്നു മറ്റു സംസ്ഥാനത്തേയ്ക്കു മാറ്റാനാണ് നീക്കമെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. റബര്‍ ബോര്‍ഡിന്റെ പഠനമനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉത്പാദനക്ഷമതയുള്ളതു കന്യാകുമാരിയിലാണ്, സംസ്ഥാനത്ത് മലബാര്‍ മേഖലയിലും.

വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു കൃഷി വ്യാപിപ്പിച്ചാലും അടുത്ത കാല്‍ നൂറ്റാണ്ടില്‍ റബര്‍ ഉത്പാദനത്തില്‍ കേരളം തന്നെയായിരിക്കും മുന്നില്‍. ഇത്തരം സാഹചര്യങ്ങളില്‍ റബര്‍ ബോര്‍ഡ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു നീക്കുന്നതു യാതൊരു പ്രയോജനവുമില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

You must be logged in to post a comment Login