റബറിനു വിദേശത്തു വില ഉയരുന്നു; ഇവിടെ കുറയുന്നു

rubber-tapping200916

കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ റബര്‍വില ഉയരുമ്പോഴും ആഭ്യന്തര വിപണിയില്‍ വില താഴേക്ക്. ആര്‍എസ്എസ് നാലിനു സെപ്റ്റംബര്‍ ഒന്നിനു ബാങ്കോക്ക് വിപണിയില്‍ 105.98 രൂപ ഉണ്ടായിരുന്നപ്പോള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ 127 രൂപയാണു റബര്‍ ബോര്‍ഡ് നല്‍കിയത്. ഇതേ ഗ്രേഡിനു ഇന്നലെ ബാങ്കോക്കില്‍ 109.15 രൂപ ലഭിച്ചപ്പോള്‍ ആഭ്യന്തരവില 120 രൂപയായി താഴ്ന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നാല് രൂപ ഉയര്‍ന്നപ്പോള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ ഏഴ് രൂപ കുറയുകയാണുണ്ടായത്.

ആഭ്യന്തരവില നിശ്ചയിക്കുന്നതു റബര്‍ ബോര്‍ഡാണ്. കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ നയങ്ങള്‍ക്കനുസരിച്ച് റബര്‍ ബോര്‍ഡ് വിപണിയെ നിയന്ത്രിക്കുമ്പോള്‍ വന്‍കിട വ്യവസായികളുടെ താത്പര്യമനുസരിച്ചാണു വില നിര്‍ണയിക്കുന്നതെന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. റബര്‍ ബോര്‍ഡ് നല്‍കുന്ന വിലയേക്കാള്‍ രണ്ടു രൂപ കുറച്ച് 108 രൂപയ്ക്കാണു കച്ചവടം നടന്നത്.

മികച്ച നിലവാരമുള്ള ഗ്രേഡ് റബര്‍ ഷീറ്റ് വിറ്റഴിക്കാന്‍ സാധിക്കാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ ആര്‍എസ്എസ് രണ്ട്, മൂന്ന് നിലവാരമുള്ള റബര്‍ ഷീറ്റ് ഉത്പാദിപ്പിക്കണമെന്ന നിര്‍ദേശമാണു റബര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

ഉത്പാദനച്ചെലവിന് അനുസരിച്ച് ന്യായവില ലഭിക്കാതിരുന്നാല്‍ കര്‍ഷകര്‍ പൂര്‍ണമായും ഈ മേഖലയില്‍നിന്നു വിട്ടുനില്‍ക്കും. ഒരേക്കറില്‍ താഴെയുള്ള റബര്‍ തോട്ടങ്ങളില്‍ പലതിലും ടാപ്പിംഗ് നടക്കുന്നില്ല. ചെലവിനും ആനുപാതികമായി വരവ് ലഭിക്കാത്തതിനെത്തുടര്‍ന്നാണു കര്‍ഷകര്‍ പിന്മാറുന്നത്.

You must be logged in to post a comment Login