റയല്‍ വേണ്ട, കുട്ടീന്യോ ഇനി ബാഴ്‌സക്ക് മാത്രം സ്വന്തം; 650 കോടി രൂപയ്ക്ക് ലിവര്‍പൂള്‍ താരത്തെ കൈമാറും

ഏറെ അനിശ്ചിതത്വത്തിന് ശേഷം ലിവര്‍പൂളിന്റെ മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കുട്ടീന്യോ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേക്ക് മാറാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. സപാനിഷ് മാധ്യമമായ സ്‌പോട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുട്ടീന്യോയെ ബാഴ്‌സക്ക് വില്‍ക്കുന്നതോടെ കുറഞ്ഞത് 76 മില്യണ്‍ യൂറോയെങ്കിലും (ഉദ്ദേശം 650 കോടി രൂപ) ലിവര്‍പൂളിന് ലഭിച്ചേക്കും. ഇതോടെ ലോകത്തെ നാലാമത്തെ വിലയേറിയ താരമായി മാറും ഫിലിപ്പ് കുട്ടീന്യോ. പോള്‍ പോഗ്ബ (89.3 മില്യണ്‍ യൂറോ), ഗാരത് ബെയ്ല്‍ (85.3 മില്യണ്‍ യൂറോ), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (80 മില്യണ്‍ യൂറോ) എന്നിവരാണ് കുട്ടീന്യോയ്ക്ക് മുന്നിലുളള മറ്റ് വിലയേറിയ താരങ്ങള്‍.

റയലടക്കമുള്ള ക്ലബ്ബുകള്‍ നോട്ടമിട്ടിരുന്ന താരമാണ് കുട്ടീന്യോ. ബ്രസീല്‍ ടീമിലെ സഹതാരം നെയ്മറെ മുന്‍ നിര്‍ത്തിയാണ് കുട്ടീന്യോയെ ബാഴ്‌സയിലെത്തിക്കാന്‍ ക്ലബ് ശ്രമം നടത്തിയത്. ഇതോടെ ബദ്ധവൈരികളായ റയല്‍ മഡ്രിഡിന് നല്‍കാന്‍ കഴിയുന്ന കനത്ത തിരിച്ചടികൂടിയായി മാറും കുട്ടീന്യോയുടെ ട്രാന്‍സ്ഫര്‍.

24 കാരനായ ഈ ബ്രസീലിയന്‍ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഈ സീസണിലെ 29 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ കുട്ടീന്യോ സ്വന്തമാക്കിയിരുന്നു. 2013ലാണ് ഫിലിപ്പ് കുട്ടീന്യോ ലിവര്‍പൂള്‍ ക്ലബിലെത്തിയത്. 8.5 മില്യണ്‍ യൂറോയ്ക്ക് ഇന്ററില്‍ നിന്നായിരുന്നു കുട്ടീന്യോയുടെ വരവ്. കഴിഞ്ഞ രണ്ട് സീസണിലും ലിവര്‍പൂളിനായി തകര്‍പ്പന്‍ പ്രകടനമാണ് കുട്ടീന്യോ കാഴ്ച്ചവെച്ചത്.

You must be logged in to post a comment Login