റയാല്‍, ചെല്‍സി ക്വാര്‍ട്ടറില്‍

മാഡ്രിഡ്/ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ ജയത്തോടെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍പേ കുതിക്കുന്ന ചെല്‍സിയും ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടി. രണ്ടാം പാദത്തില്‍ 3-1 ന്റെ ജയം നേടി  പ്രീ ക്വാര്‍ട്ടറില്‍ ഷാല്‍ക്കെയെ ആകെ 9-2 എന്ന സ്‌കോറില്‍ മറികടന്നാണ് റയല്‍ ക്വാര്‍ട്ടറിലെത്തിയത്. ചെല്‍സിയാകട്ടെ തുര്‍ക്കി ക്ലബ്ബ് ഗലാത്‌സറെയെ ഇരുപാദങ്ങളിലുമായി 3-1 ന് കീഴടക്കി മുന്നേറി. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് വിജയിച്ചു.


ആദ്യ പാദത്തില്‍ 6-1 ന് ജയിച്ചതിന്റെ ആത്മവിശ്വാസവുമായി സ്വന്തം തട്ടകത്തിറങ്ങിയ റയല്‍ തുടക്കം മുതലേ ആക്രമിച്ച് കളിച്ചു. എവേ മല്‍സരത്തിലെ ജയം സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവിലും ആവര്‍ത്തിക്കാനും റയലിനു സാധിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ അല്‍വരോ മൊറാട്ട റയലിന്റെ പട്ടിക തികച്ചു. 21 ാം മിനിറ്റില്‍ ഗാരെത് ബെയ്‌ലിന്റെ പാസില്‍ നിന്ന് സ്‌കോറിംഗിന് തുടക്കമിട്ടതും റോണോ. എന്നാല്‍ ടിം ഹൂഗ്ലാന്‍ഡിന്റെ ഷോട്ട് റയല്‍ പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി വലയിലെത്തിയതോടെ ഷാല്‍ക്കെ സമനില പിടിച്ചു. 1-1 ല്‍ ആദ്യ പകുതി പിരിഞ്ഞു. മത്സരം സമനിലയില്‍ അവസാനിക്കുകയാണെന്ന തോന്നലുണ്ടായ സമയത്ത് 84 ാം മിനിറ്റില്‍ റോണോ ടീമിന് വീണ്ടും ലീഡ് സമ്മാനിച്ചു. മിനിറ്റുകള്‍ക്ക് ശേഷം അല്‍വരൊ മൊരാട്ട റയലിന്റെ ഗോള്‍ പട്ടിക തികച്ചു. ഈ രണ്ട് ഗോളുകള്‍ക്കും പാസ് നല്‍കിയത് ബെയ്ല്‍ തന്നെ. ഇരട്ടഗോള്‍ നേട്ടത്തോടെ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ 13 ാം ഗോളും റോണോ തികച്ചു.
കളിയുടെ നാലാം മിനിറ്റില്‍ ബ്രസീല്‍ താരം ഓസ്കറിന്റെ പാസ് സ്വീകരിച്ചാണ് എറ്റോ ചെല്‍സിയുടെ ആദ്യ ഗോള്‍ നേടിയത്. 42 ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഗാരി കാഹിലും സ്‌കോര്‍ ചെയ്തു. ഓസ്കറിന്റെയും ഹസാര്‍ഡിന്റെയും മികച്ച പ്രകടനമാണ് ചെല്‍സിയുടെ വിജയം എളുപ്പമാക്കിയത്. മുന്‍ ചെല്‍സി താരം ദിദിയന്‍ ദ്രോഗ്ബയ്ക്ക് തിളങ്ങാനാകാഞ്ഞത് ഗലാത്‌സറെയ്ക്ക് തിരിച്ചടിയായി.

You must be logged in to post a comment Login