റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിലെ റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ ടൂള്‍ നിര്‍മ്മിക്കുമെന്ന് ഫെയ്‌സ്ബുക്ക്. ഉപഭോക്താക്കള്‍ ഇടപെടുന്ന പേജുകള്‍ റഷ്യന്‍ പ്രചരണോദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണോ എന്ന് കാണാന്‍ കഴിയുന്ന സംവിധാനമാണ് ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തുക. ഇതുവഴി ഉപഭോക്താക്കള്‍ ലൈക്ക് ചെയ്ത പേജുകള്‍ റഷ്യന്‍ പിന്തുണയോടെയുള്ളതാണോ എന്ന് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ കഴിയും.

2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് വഴി റഷ്യന്‍ ഏജന്‍സികള്‍ സ്വാധീനം ചെലുത്തിയ സംഭവത്തില്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിനായി റഷ്യന്‍ ഏജന്‍സികള്‍ പ്രചരിപ്പിച്ച പ്രചരണ സന്ദേശങ്ങളും പരസ്യങ്ങളും ഫെയ്‌സ്ബുക്കിന്റെ 12.6 കോടിയോളം ഉപഭോക്താക്കളിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം അവസാനത്തോടെ ഫെയ്‌സ്ബുക്ക് ഹെല്‍പ് സെന്ററില്‍ പുതിയ ടൂള്‍ ലഭ്യമാവുമെന്ന് ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കയുടെ ജനാധിപത്യത്തെ താഴ്ത്തിക്കെട്ടുന്നതിനായുള്ള ദുരുദ്ദേശപരമായ ഇടപെടലുകളെ ചെറുക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നും ഫെയ്‌സ്ബുക്ക് കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നം ഗുരുതരമായതിനെ തുടര്‍ന്ന് രാഷ്ട്രീയ പരസ്യങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ശക്തമായ നിയന്ത്രണനിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇവര്‍.

You must be logged in to post a comment Login