റിപ്പബ്ലിക്ക് ദിനത്തിൽ പള്ളികളിൽ ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം വായിക്കണം; നിർദ്ദേശവുമായി വഖഫ് ബോർഡ്

രാജ്യം 71ആമത്ത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിപുലമായ ആഘോഷ പരിപാടികളാണ് നാളെ രാജ്യ തലസ്ഥാനത്ത് നടക്കുന്നത്. ഒപ്പം രാജ്യമെമ്പാടും പല തരത്തിലുള്ള ആഘോഷങ്ങളും നടക്കും. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് നാളെ സംസ്ഥാനത്തെ പള്ളികളിൽ ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം വായിക്കണം എന്ന ശ്രദ്ധേയ നിർദ്ദേശം നൽകിയിരിക്കുകയാണ് വഖഫ് ബോർഡ്. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കണമെന്നും സംസ്ഥാന വഖഫ് ബോർഡ് പള്ളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സർക്കാർ സ്ഥാപനങ്ങളിലും സർക്കാരുമായി ബന്ധമുള്ള മറ്റു സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താറുണ്ടെങ്കിലും ആരാധനാലയങ്ങളിൽ അത് പതിവുള്ളതല്ല. ഈ രീതിയെയാണ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വഖഫ് ബോർഡ് പൊളിച്ചെഴുതുന്നത്.

രാജ്യത്ത് നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് പതാക ഉയർത്തലും ഭരണഘടനയുടെ ആമുഖം വായിക്കലും. നിയമ ഭേദഗതിക്കെതിരെ നടത്തുന്ന പോരാട്ടങ്ങളിൽ കേരളം സ്വീകരിക്കുന്ന നിലപാടുകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

അതേ സമയം, നിയമ ഭേദഗതിക്കെതിരെ ലത്തീൻ സഭയും നിലപാടെടുത്തു. സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ നാളെ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി നിർദ്ദേശം നൽകി. നാളെ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാനാണ് സഭയുടെ തീരുമാനം. നിയമ ഭേദഗതിക്കെതിരായ ഇടയ ലേഖനവും നാളെ പള്ളികളിൽ വായിക്കും.

You must be logged in to post a comment Login