റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ധിപ്പിച്ചു; ബാങ്കുകള്‍ ഭവന, വാഹന വായ്പാ പലിശനിരക്കുകള്‍ കൂട്ടിയേക്കും

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരിക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു. 6.25 ശതമാനത്തില്‍നിന്ന് 6.50ശതമാനമായാണ് വര്‍ധന. ഉയരുന്ന പണപ്പെരുപ്പംതന്നെയാണ് വര്‍ധനയ്ക്കു പിന്നില്‍.

മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. നാലുവര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് റിപ്പോ നിരക്കില്‍ കാല്‍ശതമാനം വര്‍ധനവരുത്തിയത്.

റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമാണ്. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ പിടിച്ചുനിര്‍ത്തുകയെന്നത് വെല്ലുവിളിയായാണ് ആര്‍ബിഐ കാണുന്നത്. പണപ്പെരുപ്പം ജൂണില്‍ 5.77 ശതമാനമായി ഉയര്‍ന്നിരുന്നു. ഏപ്രിലില്‍ 4.58 ശതമാനമായിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലിയിരുത്തി.

പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ തല്‍ക്കാലം താഴ്‌ന്നെങ്കിലും ബാരലിന് 70 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്.

ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ വായ്പ പലിശ നിരക്കുകള്‍ വര്‍ധിക്കും.

You must be logged in to post a comment Login