റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: മുഖ്യ സൂത്രധാരന്‍ ജോണി രാജ്യം വിട്ടതായി സൂചന; പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും

ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ മുഖ്യ സൂത്രധാരന്‍ ജോണി രാജ്യം വിട്ടെന്ന് സൂചന. ജോണിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. മൂന്ന് രാജ്യങ്ങളുടെ വിസ ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. യുഎഇ, ഓസ്‌ട്രേലിയ, തായ്‌ലാന്റ് എന്നിവിടങ്ങളിലെ  ഇയാള്‍ക്കുള്ളത്. യുഎഇ, ഓസ്‌ട്രേലിയ, തായ്‌ലാന്റ് എന്നിവിടങ്ങളിലെ വിസയാണ് ഇയാള്‍ക്കുള്ളത്. ചക്കര ജോണി എന്നറിയപ്പെടുന്ന ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതികളായ നാല് പേരെ പൊലീസ്‌ പിടിക്കൂടിയതില്‍ ജോണിയുടെ ഭാര്യാസഹോദരനുമുണ്ട്‌. മാനസികവൈകല്യമുള്ള ഇയാളെക്കൊണ്ടു രാജീവിനെ വകവരുത്തുമെന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ പൊലീസില്‍ പരാതിയുണ്ടായിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകന്‍ നല്‍കിയ പരാതിയില്‍ അഭിഭാഷകനില്‍നിന്നും ജോണിയില്‍നിന്നും ഭീഷണിയുള്ളതായി പരാമര്‍ശമുണ്ട്‌. ഇതാണ് കേസില്‍ പൊലീസിനു തുമ്പായത്.

സംസ്‌ഥാനത്തെ പല പ്രമുഖ രാഷ്‌ട്രീയക്കാരുമായും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുമായും ജോണിക്കു ബന്ധമുണ്ട്‌. അങ്ങേയറ്റം തന്ത്രപരമായാണു രാജീവിനെ വധിക്കാന്‍ പദ്ധതി തയാറാക്കിയത്‌. ഇതിനായി രാജീവ്‌ പാട്ടത്തിനെടുത്ത സ്‌ഥലത്തിനു സമീപം ഒരുമാസം മുമ്പു ജോണിയും സ്‌ഥലം പാട്ടത്തിനെടുത്തു. തുടര്‍ന്നു കൃത്യം നടപ്പാക്കുകയായിരുന്നു. ജോണിയുടെ വീട്ടിലും കയ്യാലപ്പടിയിലുള്ള സഹായിയുടെ വീട്ടിലും പൊലീസ്‌ എത്തിയിരുന്നു. ജോണി പ്രതിയാണെന്ന്‌ അറിഞ്ഞതോടെ അങ്കമാലിയിലെ പല ഉന്നതരും അങ്കലാപ്പിലാണ്‌. മുന്‍ മന്ത്രി ജോസ്‌ തെറ്റയില്‍ ഉള്‍പ്പെട്ട വിവാദ സിഡി പുറത്തുവന്നതിലും ജോണിക്കു പങ്കുള്ളതായി പറയപ്പെടുന്നു. നല്‍കാമെന്നേറ്റ തുക ജോണി നല്‍കാതിരുന്നതോടെയാണ്‌ യുവതി പ്രശ്‌നമുണ്ടാക്കിയത്‌.

പാലക്കാട്‌ ജില്ലയിലെയും നെടുമ്പാശേരിയിലെയും ഭൂമി വില്‍പനയുമായി ബന്ധപ്പെട്ടാണു രാജീവും സി.പി. ഉദയഭാനുവുമായി പ്രശ്‌നമുണ്ടായത്‌. കരാര്‍ എഴുതിയെങ്കിലും വില്‍പ്പന നടന്നിരുന്നില്ല. എന്തുകൊണ്ടാണു വസ്‌തു ഇടപാട്‌ നടക്കാതെ പോയതെന്നു വ്യക്‌തമല്ല. തന്റെ പ്രശ്‌നംകൊണ്ടല്ല, ഉദയഭാനുവിന്റെ ഭാഗത്തുനിന്നുള്ള വീഴ്‌ചയാണു കരാര്‍ നഷ്‌ടപ്പെടാന്‍ കാരണമെന്നു രാജീവ്‌ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്‌തമാക്കിയിരുന്നു.

ക്വട്ടേഷന്‍ സംഘത്തലവനായ ചക്കര ജോണിയും രാജീവും വസ്‌തുക്കച്ചവടത്തിലെ പങ്കാളികളായിരുന്നു. ഇവര്‍ തമ്മില്‍ പിന്നീടുണ്ടായ തര്‍ക്കത്തേത്തുടര്‍ന്നാണ്‌ അഡ്വ. ഉദയഭാനുവുമായി ബന്ധപ്പെടാനിടയായത്‌. അധികം വിദ്യാഭ്യാസമില്ലാത്ത രാജീവിനെതിരെ ജോണിയും ഉദയഭാനുവും കരുനീക്കുകയായിരുന്നെന്ന്‌ ആരോപണമുണ്ട്‌. പാലക്കാട്‌ ജില്ലയിലും നെടുമ്പാശേരിയിലുമായി അഞ്ചുകോടി രൂപയ്‌ക്ക് സ്‌ഥലം വാങ്ങാന്‍ ഉദയഭാനു രാജീവിനെ ഇടനിലക്കാരനാക്കിയിരുന്നു. കച്ചവടം നടക്കാതായപ്പോള്‍, മുന്‍കൂര്‍ നല്‍കിയ പണം തിരിച്ചുനല്‍കണമെന്നു രാജീവിനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍, പണം ലഭിക്കാത്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ്‌ പറഞ്ഞു.

രാജീവിനെ ബിസിനസില്‍നിന്നു പുറത്താക്കുമെന്നു ജോണി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. നെടുമ്പാശേരിയിലും അങ്കമാലിയിലും വന്‍ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകള്‍ രാജീവ്‌ നടത്തിയത് ജോണിയുടെ ബിസിനസിനെ ബാധിച്ചിരുന്നു. രാജീവ്‌ ഇടനിലനിന്ന്‌ വസ്‌തുവില്‍പനക്കാരും അഭിഭാഷകനുമായി രണ്ടു കരാറുകളാണ്‌ ഉണ്ടാക്കിയത്‌. ആദ്യത്തേത്‌ പാലക്കാട്‌ ചിറ്റൂര്‍ താലൂക്കില്‍ മുതലമടയില്‍ മേരി, റോഹിത്‌ എന്നിവരുടെ പക്കലുണ്ടായിരുന്ന 16 ഏക്കര്‍ വാങ്ങാനായിരുന്നു. 3.14 കോടി വരുന്ന ഈ വസ്‌തുവിന്‌ അഭിഭാഷകന്‍ 50 ലക്ഷം മുന്‍കൂര്‍ നല്‍കി. 2016 ജൂലൈയിലായിരുന്നു കരാര്‍. മറ്റൊരു കരാര്‍ അങ്കമാലിയില്‍ സെന്റിന്‌ 1.75 ലക്ഷം നിരക്കില്‍ 27 സെന്റ്‌ വാങ്ങാന്‍ മറിയാമ്മ, പൗലോസ്‌ എന്നിവരുമായി അഭിഭാഷകന്‍ ഏര്‍പ്പെട്ടതാണ്‌. ഇതിനായി 20 ലക്ഷം മുന്‍കൂര്‍ നല്‍കിയിരുന്നു. രണ്ട്‌ ഇടപാടുകളിലും സാക്ഷിയായി രാജീവ്‌ ഒപ്പിട്ടിരുന്നു. എന്നാല്‍, രാജീവ്‌ തുക കക്ഷികള്‍ക്കു നല്‍കിയില്ലെന്നാണു കേസിലെ അഞ്ചാം എതിര്‍കക്ഷിയായ അഭിഭാഷകന്‍ പൊലീസിനു നല്‍കിയ പരാതി. തന്നെ കേസിലേക്കു മനഃപൂര്‍വം വലിച്ചിഴയ്‌ക്കുകയാണെന്നും ഉദയഭാനു പറയുന്നു. അഭിഭാഷകന്‍ ഈ രണ്ടു വസ്‌തുക്കള്‍ക്കും വസ്‌തു ഇടപാടുകള്‍ക്കു രാജീവ്‌ ഇടനില നിന്നതോടെ ഏതുവിധേനയും അതു തകര്‍ക്കണമെന്ന വാശിയിലായിരുന്നു ജോണി. പിന്നീട്‌ രാജീവുമൊത്തുള്ള അഭിഭാഷകന്റെ റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാട്‌ പൊളിഞ്ഞു. വിലകൂട്ടിപ്പറഞ്ഞാണ്‌ കോടികള്‍ മതിക്കുന്ന വസ്‌തുക്കള്‍ അഭിഭാഷകനെക്കൊണ്ട്‌ വാങ്ങിപ്പിക്കാന്‍ ശ്രമിച്ചതെന്ന്‌ ആക്ഷേപം ഉയര്‍ന്നതാണു കച്ചവടം നടക്കാതിരിക്കാന്‍ കാരണമായി രാജീവ്‌ ബന്ധുക്കളോടു പറഞ്ഞത്‌. ഇതിനു പിന്നില്‍ ജോണിയാണെന്നും രാജീവ്‌ വ്യക്‌തമാക്കിയിരുന്നു.

ചാലക്കുടി പരിയാരത്താണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊല നടത്തിയ മൂന്നംഗസംഘത്തെ പൊലീസ് പിടികൂടിയിരുന്നു. അങ്കമാലി സ്വദേശിയാണ്  കൊല്ലപ്പെട്ട രാജീവ്.  പരിയാരം തവളപ്പാറയിൽ എസ്ഡി കോൺവെന്റിന്റെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കന്യാസ്ത്രീമഠത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ജാതിത്തോട്ടത്തില്‍ വീഴുന്ന കായകള്‍ ശേഖരിക്കുന്നത് സമീപവാസിയായ ബാബുവാണ്. വെള്ളിയാഴ്ച രാവിലെ ആറേമുക്കാവലിനാണ് ജാതിക്കാ പെറുക്കാന്‍ ബാബുവെത്തിയത്. ആ സമയം വീടിനുള്ളില്‍ ആളനക്കം കേട്ടു. വാടകയ്ക്ക് കൊടുത്തെങ്കിലും താമസക്കാരെത്താത്ത വീട്ടില്‍ എപ്പോഴാണ് ആളെത്തിയതെന്നറിയാന്‍ അകത്തേക്ക് നോക്കിയ ബാബുവിനെ രണ്ടുചെറുപ്പക്കാര്‍ ആക്രോശത്തോടെ ആട്ടിയോടിച്ചു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബാബു, വീടും തൊടിയും നോക്കിനടത്തുന്ന എ.ജെ. ജെയ്‌സണെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ താമസക്കാരെത്തിയ വിവരം തനിക്കറിയില്ലെന്ന് ജെയ്‌സണ്‍ പറഞ്ഞു. വാടകയ്ക്കുകൊടുത്ത വീടിനോട് തൊട്ടുചേര്‍ന്ന് ചെറിയൊരു വീടും വാടകയ്ക്ക് കൊടുത്തിട്ടുണ്ടായിരുന്നു. അവിടെ താമസിക്കുന്ന കോഴിക്കോട് സ്വദേശി ബാലകൃഷ്ണനുമായി ജെയ്‌സണ്‍ ഫോണില്‍ ബന്ധപ്പെട്ടു. മഹാനവമിയുടെ അവധിയില്‍ നാട്ടിലേക്ക് പോയതാണെന്നും വെള്ളിയാഴ്ച രാവിലെ അറരയ്ക്ക് പുറപ്പെടുംവരെ വീട്ടില്‍ ആരും എത്തിയിട്ടില്ലെന്നും ബാലകൃഷ്ണന്‍ അറിയിച്ചു. പുതിയ താമസക്കാര്‍ എത്തിയവിവരം മഠം അധികൃതര്‍ക്കും അറിയില്ലായിരുന്നു.

സാക്ഷികളാരും ഇല്ലാതിരിക്കാന്‍ അയല്‍ക്കാര്‍ പോകുംവരെ കാത്തിരുന്നാണ് പ്രതികള്‍ രാജീവിനെ തട്ടിക്കൊണ്ടുവന്നത്. മഹാനവമിയായതിനാല്‍ രാജീവിന്റെ തോട്ടത്തിലും വാടകവീട്ടിലും അയല്‍പക്കത്തും ആരുമുണ്ടാകില്ലെന്ന് വിശ്വസിച്ചാണ് പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തതതും. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ഓട്ടോറിക്ഷയിലാണ് നാലുപേര്‍ എത്തിയത്. കൃത്യം നടത്തിയശേഷം വാതില്‍ പൂട്ടി താക്കോല്‍ പൂട്ടിനടുത്തുതന്നെ വെച്ചാണ് സംഘം പോയത്.

You must be logged in to post a comment Login