റിലയന്‍സ് ജിയോ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു, അതിവേഗ 5ജിയുമായി ജിയോ വീണ്ടും

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ പുതിയ ഓഫറുകളും പാക്കേജുകളും പ്രഖ്യാപിച്ചു. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പുതിയ പദ്ധതികളെ കുറിച്ച് ജിയോ വെളിപ്പെടുത്തി. ജിയോയും സാംസങ്ങും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം വിളിച്ചത്.

ഇന്ത്യയില്‍ 5ജി സര്‍വീസ് കൊണ്ടുവരാന്‍ സാംസങ്ങും റിലയന്‍സ് ജിയോയും ഒന്നിച്ചു പ്രവര്‍ത്തിക്കും. ജിയോ നെറ്റ്‌വര്‍ക്ക് വികസിപ്പിക്കാനായി സാംസങ് ജിയോയെ സഹായിക്കും. സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ ജിയോ ആപ്പും ഉള്‍പ്പെടുത്താന്‍ ധാരണയിലെത്തി. ഇന്ത്യയില്‍ നിരവധി പദ്ധതികളാണ് ജിയോയും സാംസങും ആസൂത്രണം ചെയ്യുന്നത്.

കേവലം 170 ദിവസം കൊണ്ടാണ് ജിയോ 10 കോടി വരിക്കാരെ സ്വന്തമാക്കിയത്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നു വരുന്ന കമ്പനിയാണ് ജിയോ എന്നും പ്രസിഡന്റ് ജ്യോതീന്ദ്ര താക്കര്‍ പറഞ്ഞു. ഇന്ത്യയില്‍ 5ജി ടെക്‌നോളജിക്ക് വന്‍ സാധ്യതകളുണ്ടെന്നാണ് സാംസങ് വക്താവ് പറ!ഞ്ഞത്.

ഇതിനു പുറമെ ജിയോയുടെ പുതിയ താരീഫ് പ്ലാനുകളും ബാഴ്‌സലോണയില്‍ അവതരിപ്പിച്ചു. മാസവും ആക്ടിവേറ്റ് ചെയ്യാവുന്ന കുറച്ച് പാക്കേജുകള്‍ ജിയോ പരിചയപ്പെടുത്തി. 149, 499 രൂപ പാക്കുകള്‍ ആക്ടിവേറ്റ് ചെയ്താല്‍ യഥാക്രമം മാസം 2ജിബി, 60 ജിബി ഡേറ്റ ഉപയോഗിക്കാം. വോയ്‌സ് കോള്‍ ഫ്രീ ആയിരിക്കും. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ പ്രൈം അംഗങ്ങളാകാന്‍ 99 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യാം. തുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ ഇഷ്ടപ്പെട്ട പാക്കുകള്‍ തിരഞ്ഞെടുക്കാം. 303 രൂപ പാക്കിന് പുറമെയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

999 രൂപയ്ക്ക് 60 ദിവസം 60 ജിബി ഡേറ്റ ഉപയോഗിക്കാം. 1999 രൂപയ്ക്ക് 90 ദിവസം 125 ജിബി ഡേറ്റയാണ് ഓഫര്‍ ചെയ്യുന്നത്. 4999 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്താല്‍ 180 ദിവസത്തേക്ക് 350 ജിബി ഡേറ്റയാണ് നല്‍കുന്നത്. എന്നാല്‍ ഈ പ്ലാനുകള്‍ക്കൊന്നും ദിവസ നിയന്ത്രണം ഉണ്ടാകില്ല. ഓരോ ദിവസവും 350 ടിബി ഡേറ്റയും 50 ലക്ഷം വോയ്‌സ് കോളുകളുമാണ് ജിയോ വരിക്കാര്‍ ഉപയോഗിക്കുന്നത്.

You must be logged in to post a comment Login