റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ വായ്പ നയപ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ വായ്പ നയപ്രഖ്യാപനം ഇന്ന്. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ് ഇത്.

റീപോ, റിവേഴ്‌സ് റീപോ നിരക്കുകള്‍ അതേപടി നിലനിര്‍ത്താനുള്ള സാധ്യതയാണ് സാമ്പത്തികരംഗം പങ്കുവയ്ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിരക്ക് കൂട്ടാനുള്ള സാധ്യതകള്‍ വിരളമാണ്. റിപോ 6.50 ശതമാനത്തിലോ, റിവേഴ്‌സ് റീപോ 6.25 ശതമാനത്തിലോ തുടരാനോ, കാല്‍ശതമാനം താഴ്ത്താനോ മാത്രമാകും ധനനയസമിതിയുടെ തീരുമാനം. നാണയപ്പെരുപ്പം കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതും, ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ നാണയപ്പെരുപ്പത്തിലെ താഴ്ചയും നിരക്ക് കുറക്കാനുള്ള സാധ്യതകളായി സാമ്പത്തികരംഗം വിലയിരുത്തുന്നു.

അതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിന് 60ഡോളറിനു മുകളില്‍തുടരുന്നത് നിരക്ക് കുറക്കുന്നതില്‍നിന്നു ആര്‍ബിഐയെ പിന്നോക്കംപോകാന്‍ പ്രേരിപ്പിച്ചേക്കും. കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന വായ്പനയ സമിതി, നിരക്കുകള്‍ അതേപടി നിലനിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായാല്‍ പലിശനിരക്ക് കുറയ്ക്കുമെന്നായിരുന്നു അന്ന് സമിതി വാഗ്ദാനം ചെയ്തിരുന്നത്.

You must be logged in to post a comment Login