റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു സെപ്തംബര്‍ 5ന് പടിയിറങ്ങും

കൊച്ചി: കനത്ത പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പത്തിക മേഖലയെ കരകയറ്റാനുള്ള നടപടികള്‍ പാതിവഴിയിലെത്തി നില്‍ക്കേ ദൗത്യം പൂര്‍ത്തീകരിക്കാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു സ്ഥാനമൊഴിയാന്‍ സാധ്യതയേറി. സാമ്പത്തിക വളര്‍ച്ചയേക്കാള്‍ നാണയപ്പെരുപ്പത്തിനെതിരെയുള്ള യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സുബ്ബറാവുവിന്റെ കാലാവധി സെപ്തംബര്‍ അഞ്ചിന് അവസാനിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കാലാവധി നീട്ടാനുള്ള സാധ്യത വിരളമാണെന്ന് ബാങ്കിംഗ് രംഗത്തുള്ളവര്‍ പറയുന്നു.
ധന രൂപീകരണ രംഗത്ത് റിസര്‍വ് ബാങ്ക് അമ്പേ പരാജയപ്പെട്ടുവെന്ന ചീത്തപ്പേരുമായി സുബ്ബറാവുവിന് വിരമിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.മാനം മുട്ടെ ഉയരുന്ന നാണയപ്പെരുപ്പവും രൂപയുടെ റെക്കാഡ് മൂല്യയിടിവും പലിശ നിരക്കിലെ വര്‍ദ്ധനയുമെല്ലാം കടുത്ത വെല്ലുവിളി സൃഷ്ടിച്ച കാലയളവിലാണ് സുബ്ബറാവു റിസര്‍വ് ബാങ്കിനെ നയിച്ചത്.

subbarao2008 സെപ്തംബറില്‍ സുബ്ബറാവു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല താരതമ്യേന സ്ഥിരതയിലായിരുന്നു. അമേരിക്കയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും വ്യാപിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഇന്ത്യയെ സംരക്ഷിക്കാന്‍ സുബ്ബറാവുവിന്റെ നടപടികള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മാന്ദ്യത്തിനു ശേഷം മികച്ച സാമ്പത്തിക വളര്‍ച്ച നിലനുറുത്തുന്നതില്‍ അദ്ദേഹം കനത്ത പരാജയമായി.സുബ്ബറാവു ചുമതലയേല്‍ക്കുമ്പോള്‍ മുഖ്യ പലിശ നിരക്ക് ആറു ശതമാനമായിരുന്നു. നാണയപ്പെരുപ്പം ഒന്‍പതു ശതമാനവും സാമ്പത്തിക വളര്‍ച്ച 6.8 ശതമാനവും ഡോളറിനെതിരെ രൂപയുടെ മൂല്യം 44ന് അടുത്തുമായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മുഖ്യ പലിശ നിരക്ക് 8.5 ശതമാനമാണ്.
നാണയപ്പെരുപ്പം 7.8 ശതമാനത്തില്‍ തുടരുന്നു. രൂപയുടെ മൂല്യം ചരിത്രത്തിലേക്കും ഏറ്റവും താഴ്ന്ന നിരക്കായ 61 വരെ എത്തി. വളര്‍ച്ചാ നിരക്ക് ഇത്തവണ അഞ്ചു ശതമാനത്തിലും താഴുമെന്ന ആശങ്കയും ശക്തമാണ്.നാണയപ്പെരുപ്പം നേരിടാന്‍ സുബ്ബറാവു സ്വീകരിച്ച നടപടികളാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചത്.
ഉയര്‍ന്ന പലിശ നിരക്ക് താങ്ങാനാവാതെ വ്യാവസായിക മേഖല കടുത്ത പ്രതിസന്ധിയിലായി. ഇതോടെ കയറ്റുമതി മേഖലയും തളര്‍ച്ച നേരിട്ടതാണ് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടാക്കിയത്.

 

 

You must be logged in to post a comment Login