റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. കാലാവധി തികയന്‍ ആറുമാസംകൂടി ശേഷിക്കെയാണ് അദ്ദേഹത്തിന്റെ രാജി. 2017ലാണ് റിസര്‍വ് ബാങ്കിന്റെ നാല് ഡപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാല്‍ ആചാര്യയെ നിയമിച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു വിരാല്‍ ആചാര്യക്ക്. വളര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ കാര്യങ്ങളില്‍ ഗവര്‍ണര്‍ ശശികാന്ത ദാസുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് പിന്നാലെ ആചാര്യയും രാജിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

വിരാല്‍ ആചാര്യയെ കൂടാതെ എന്‍എസ് വിശ്വനാഥന്‍, ബിപി കണുങ്കോ, മഹേഷ് കുമാര്‍ എന്നിവരാണ് മറ്റു ഡപ്യൂട്ടി ഗവര്‍ണര്‍മാര്‍. ഇതില്‍ എന്‍എസ് വിശ്വനാഥന്റെ കാലാവധി അടുത്ത മാസത്തോടെ അവസാനിക്കുമെങ്കിലും സര്‍ക്കാര്‍ അദ്ദേഹത്തിന് സമയം നീട്ടി നല്‍കുമെന്നാണ് അറിയുന്നത്.

You must be logged in to post a comment Login