റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു

urjith-patel

മുംബൈ: റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവു വരുത്തി റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. ഇതോടെ ആറ് വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തി റിപ്പോ നിരക്ക്. പുതിയതായി രൂപവല്‍ക്കരിച്ച എംപിസി അംഗീകരിച്ച ആദ്യ ധനനയത്തിലാണ് നിരക്കില്‍ അല്പമെങ്കിലും കുറവ് വരുത്തിയത്.

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമായിരുന്നു ഇത്. രാവിലെ 11നു നയപ്രഖ്യാപനം നടത്തുന്ന പതിവു മാറ്റി ഉച്ചകഴിഞ്ഞാണ് തീരുമാനം പുറപ്പെടുവിച്ചത്. നിരക്കുകളില്‍ മാറ്റംവരുത്താതെ ഗവര്‍ണര്‍ രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞതിനുപിന്നാലെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ തീരുമാനം.

ഗവര്‍ണര്‍ ഒറ്റക്ക് നയം രൂപീകരിക്കുന്നത് മാറി, ഗവര്‍ണര്‍കൂടി അംഗമായ ആറംഗ സമിതി നയം തീരുമാനിക്കുന്ന ആദ്യ അവസരമാണിത്. അതിനാല്‍ത്തന്നെ ഗവര്‍ണര്‍ ഒറ്റക്ക് വായ്പനയം തീരുമാനിക്കുന്ന നിലവിലെ രീതിക്ക് ഇന്നത്തെ പ്രഖ്യാപനത്തോടെ അവസാനമായി.

2017ല്‍ നാണ്യപ്പെരുപ്പ തോത് നാല് ശതമാനമായി നിലനിര്‍ത്തുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. തത്കാലം അതിന് ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ട്. എന്നാല്‍, മൊത്തം ആഭ്യന്തര ഉത്പാദന ലക്ഷ്യം കൈവരിക്കാന്‍ സമ്പദ് വ്യവസ്ഥയ്ക്കാകുമെന്ന് നാണ്യനയ പഠനം കരുതുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇത്തവണ നിരക്ക് ചെറുതായെങ്കിലും കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായത്.

You must be logged in to post a comment Login