‘റെഡ് ലേഡി’, പപ്പായ റാണി

പാവപ്പെട്ടവന്റെ പഴമായി തരംതാഴ്ത്തിയിരുന്ന പപ്പായ അഥവാ കപ്പളങ്ങയുടെ കൂട്ടത്തിലെ റാണിയാണ്  ‘റെഡ് ലേഡി’. പഴവിപണിയിലെ ഈ താരറാണിക്ക് രുചിയും മാധുര്യവുമേറെയുളളതാണ് സാധാരണ പപ്പായ പഴത്തില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചു നിര്‍ത്തിയിരിക്കുന്നത്. ഉടഞ്ഞുപോകാത്ത ചുവന്ന കാമ്പാണ് റെഡ്‌ലേഡിക്കെന്നതും ഈ പ്രിയം ഇരട്ടിയാക്കുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ പപ്പായയും കൃഷിചെയ്യാമെന്ന് കര്‍ഷകന് ഉറപ്പുനല്‍കാന്‍  ഈ ഇനത്തിനേ കഴിയൂ.

മറ്റ് പപ്പായ ഇനങ്ങളെപ്പോലെത്തന്നെ റെഡ്‌ലേഡിയും നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കുമിണങ്ങും. വിപണിയിലെ താരമായതുകൊണ്ടുതന്നെ വിത്തിന് വില അല്പം കൂടുമെന്നുമാത്രം. ആയിരം രൂപയ്ക്ക് 250 വിത്തു മാത്രമേ കിട്ടൂ. ചുവന്ന സുന്ദരിയെ നേരിട്ട് മണ്ണിലിറക്കാതിരിക്കുന്നത് ബുദ്ധിമോശമാണ്. പോളിബാഗില്‍ മുളപ്പിച്ചെടുത്ത തൈകള്‍ പറിച്ചുനടുന്നത് നല്ലത്. ചെറിയ ദ്വാരങ്ങളിട്ട പോളിബാഗില്‍ മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതംനിറച്ച് വിത്തുപാകാം. വിത്തിനുമുകളില്‍ നേര്‍ത്ത പാളിയായിമാത്രമേ മണ്ണ് ചേര്‍ക്കാവു. മണ്ണിന്റെ കനംകൂടുന്നതനുസരിച്ച് മുളച്ചുവരുന്നതിനുള്ള കഴിവ് കുറയും.
papaya
പോളിബാഗ് തണലുള്ളിടത്ത് വെക്കണം. രാവിലെയും വൈകിട്ടും മിതമായി നനച്ചുകൊടുക്കാം. നഴ്‌സറിയില്‍ കാണുന്ന ചീയല്‍രോഗത്തെ നിയന്ത്രിക്കാന്‍ െ്രെടക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പൊടി ഉപയോഗിക്കുന്നതാണ് അഭികാമ്യം.പോളിബാഗില്‍ നിന്ന് ഒന്നരമാസത്തിനുശേഷം പറിച്ചുനടാം. നിലം നന്നായി കിളച്ചശേഷം രണ്ടുമീറ്റര്‍ അകലത്തില്‍ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കണം.

പത്തു കിലോഗ്രാം ചാണകപ്പൊടി അടിവളമായി നല്‍കാം. മൂന്നുമാസംകൊണ്ട് റെഡ്‌ലേഡി പുഷ്പിക്കും. വേഗത്തില്‍ വളരുകയും തുടര്‍ച്ചയായി കായ്ക്കുകയും ചെയ്യുമെന്നതിനാല്‍ പപ്പായയ്ക്ക് യഥാസമയം വളം ചെയ്യേണ്ടത് അനിവാര്യം. ചാണകമോ കമ്പോസ്‌റ്റോ പത്തുകിലോഗ്രം ഒന്നരമാസത്തെ ഇടവേളയില്‍ നല്‍കണം.

രാസവളമായി 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 200 ഗ്രാം എല്ലുപൊടിയും ചേര്‍ത്തുകൊടുക്കുന്നത് ചുവന്നസുന്ദരിയുടെ ഉത്പാദനം കൂട്ടും.ഏഴെട്ടുമാസംകൊണ്ട് മൂപ്പെത്തിയ കായ പറിച്ചെടുക്കാം. കായകളുടെ ഇടച്ചാലുകളില്‍ മഞ്ഞ നിറം കാണുന്നതാണ് ചുവന്ന സുന്ദരിയെ പറിച്ചെടുക്കേണ്ടതിന്റെ സൂചന.

കുഴിയില്‍നിന്നുതന്നെ കായ പറിക്കാമെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതതന്നെ. കായകള്‍ക്ക് രണ്ടുമുതല്‍ ആറുകിലോഗ്രാംവരെ ഭാരം പ്രതീക്ഷിക്കാം.

You must be logged in to post a comment Login