റെനോ ഇന്ത്യയുടെ മോഡലുകള്‍ക്ക് വില വര്‍ധന 2.5% വരെ

മുംബൈ: ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വില രണ്ടര ശതമാനം വരെ ഉയര്‍ത്താന്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ തീരുമാനിച്ചു. ഉല്‍പ്പാദന ചെലവിലെ ക്രമാതീത വര്‍ധനവ് നേരിടാനുള്ള നടപടി പുതുവര്‍ഷപ്പിറവിയിലാണു പ്രാബല്യത്തിലെത്തുക.
ഉല്‍പ്പാദന ചെലവിലെ വര്‍ധന സൃഷ്ടിച്ച അധിക ബാധ്യത ഇതുവരെ കമ്പനി ഏറ്റെടുക്കുകയായിരുന്നെന്നു റെനോ ഇന്ത്യ വൈസ് പ്രസിഡന്റ്(സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) റഫേല്‍ ട്രെഗുവര്‍ വിശദീകരിച്ചു. ഇനിയും ഈ സ്ഥിതി തുടരാനാവാത്ത സാഹചര്യത്തിലാണ് ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ വാഹന വ്യവസായത്തെ പുനഃരുജ്ജീവിപ്പിക്കുന്ന നടപടികള്‍ക്കും നയപ്രഖ്യാപനങ്ങള്‍ക്കുമായി കമ്പനികള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഫ്രാന്‍സിലെ റെനോ എസ് എ എസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യയ്ക്കു നിലവില്‍ അഞ്ചു മോഡലുകളാണള്ളത്: പള്‍സ്, സ്കാല, ഡസ്റ്റര്‍, ഫഌവന്‍സ്, കോളിയോസ്. 4.46 ലക്ഷം മുതല്‍ 25.99 ലക്ഷം രൂപ വരെയാണ് ഈ മോഡലുകളുടെ ഡല്‍ഹിയിലെ ഷോറൂം വില.ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വില രണ്ടര മുതല്‍ മൂന്നു ശതമാനം വരെ ഉയര്‍ത്താന്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളും റെനോയുടെ പങ്കാളികളുമായ നിസ്സാന്‍ കഴിഞ്ഞ ആഴ്ച തന്നെ തീരുമാനിച്ചിരുന്നു. ഇതോടെ നിസ്സാന്‍, ഡാറ്റ്‌സന്‍ ശ്രേണിയിലെ വാഹനങ്ങളുടെ വിലയില്‍ 18,000 രൂപയുടെ വരെ വര്‍ധനയാണു പുതുവര്‍ഷത്തില്‍ പ്രാബല്യത്തിലെത്തുന്നത്.ഡാറ്റ്‌സന്‍ കാറുകള്‍ക്ക് 11,000 രൂപയുടെയും നിസ്സാന്‍ ശ്രേണിയിലെ മോഡലുകളുടെ വിലയില്‍ 18,000 രൂപയുടെ വരെയും വര്‍ധനയാണു നടപ്പാവുകയെന്നു കമ്പനി വെളിപ്പെടുത്തിയിരുന്നു.മൈക്ര ആക്ടീവ്, മൈക്ര, സണ്ണി, ഇവാലിയ, ടെറാനോ തുടങ്ങി 4.19 ലക്ഷം മുതല്‍ 12.49 ലക്ഷം രൂപ വരെ വിലമതിക്കുന്ന വാഹനങ്ങളാണു നിസ്സാന്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഡാറ്റ്‌സന്‍ ശ്രേണിയില്‍ ഡല്‍ഹി ഷോറൂമില്‍ 3.12 ലക്ഷം രൂപ വിലയുള്ള ഗോ ഹാച്ച്ബാക്ക് മാത്രമാണു നിലവിലുള്ളത്.
പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്നു രാജ്യത്തെ മിക്ക വാഹന നിര്‍മാതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ശ്രേണിക്ക് ജനുവരിയോടെ രണ്ടു മുതല്‍ നാലു ശതമാനം വരെയാണു വില കൂടുക. പ്രധാന എതിരാളികളായ ഹ്യുണ്ടായ് മോട്ടോര്‍ ലിമിറ്റഡിന്റെ മോഡലുകളുടെ വില വര്‍ധനയാവട്ടെ 25,000 രൂപ വരെയാണ്.ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികള്‍ക്കൊപ്പം ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ല്യുവും ജനുവരി മുതല്‍ വാഹനവില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ടൊയോട്ടയും ഹോണ്ടയുമൊക്കെ വില കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും വര്‍ധന എത്ര വേണമെന്നു ധാരണയിലെത്താത്തതിനാല്‍ ഇതു  പ്രഖ്യാപനം വന്നിട്ടില്ല.

You must be logged in to post a comment Login