റെയില്‍വേ വികസനത്തിന് സംയുക്ത സംരംഭം; സബര്‍ബന്‍ ഉള്‍പ്പടെയുള്ള 7 പദ്ധതികളുടെ പട്ടിക കേരളം ഉടന്‍ കേന്ദ്രത്തിന് കൈമാറും

സംസ്ഥാന സര്‍ക്കാരും റെയില്‍വേയും സംയുക്തമായി നടപ്പാക്കേണ്ട ഏഴ് പദ്ധതികളുടെ പട്ടിക ഉടന്‍ കേന്ദ്രസര്‍ക്കാരിന് കൈമാറും. ഇവയുടെ മുന്‍ഗണനപ്പട്ടികയ്ക്ക് കേന്ദ്രസംസ്ഥാന സംയുക്ത കമ്പനിയായ കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ കൈമാറുന്നത്.

രണ്ടുഘട്ടങ്ങളിലായി നടപ്പാക്കേണ്ട ഏഴ് പദ്ധതികളാണ് പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നത്. തിരുവനന്തപുരം-ചെങ്ങന്നൂര്‍ റൂട്ടില്‍ സബര്‍ബന്‍ തീവണ്ടികള്‍ ഓടിക്കുന്നതിനുള്ള പദ്ധതിയാണ് ആദ്യത്തേത്. കൊച്ചി വിമാനത്താവള റെയില്‍ ലിങ്ക് പദ്ധതി, കൊച്ചി പഴയ റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധാരണം, തലശ്ശേരി-കണ്ണൂര്‍ വിമാനത്താവളം മൈസൂര്‍ റെയില്‍പാത എന്നിവ ആദ്യഘട്ടത്തിലും എരുമേലി-പുനലൂര്‍ പാത, ഏറ്റുമാനൂര്‍-പാലശബരി ലിങ്ക് പാത, നിലമ്പൂര്‍-നഞ്ചന്‍കോട് പാത എന്നിവ രണ്ടാംഘട്ടത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം. ദീര്‍ഘനാളായി സംസ്ഥാനം ആവശ്യപ്പെടുന്ന പദ്ധതികളാണിവ. ഇതില്‍ സബര്‍ബന്‍ പദ്ധതിയുടെ വിശദപഠന റിപ്പോര്‍ട്ട് മാത്രമാണ് തയ്യാറായിട്ടുള്ളത്. 3000 കോടിയാണ് പദ്ധതിച്ചെലവ്.

ഒമ്പത് സംസ്ഥാനങ്ങളിലാണ് റെയില്‍വേ വികസനം ലക്ഷ്യമിട്ട് സംയുക്തകമ്പനികള്‍ രൂപവത്കരിച്ചത്. ജനുവരി ആദ്യവാരം കേരളം ഇതിന്റെ ഭാഗമായി. സംയുക്ത കമ്പനിയില്‍ 51 ശതമാനം ഓഹരി സംസ്ഥാനസര്‍ക്കാരിനും 49 ശതമാനം റെയില്‍വേയ്ക്കുമാണ്. പദ്ധതിച്ചെലവില്‍ 26 ശതമാനം തുക സംയുക്തകമ്പനിയായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും ബാക്കി രാജ്യാന്തര ഏജന്‍സികളില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യങ്ങളില്‍ നിന്നോ വായ്പയായി എടുക്കുകയുമാണ് ചെയ്യുക.

കേരളത്തിന്റെ റെയില്‍വേ വികസനം വഴിമുട്ടിയ സാഹചര്യത്തിലാണ് സംയുക്തസംരംഭമായി പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനമായത്. ദീര്‍ഘനാളായി ചര്‍ച്ചയില്‍ നിറഞ്ഞെങ്കിലും ഇവ പ്രവര്‍ത്തനക്ഷമമായത് ഇക്കഴിഞ്ഞ ജനുവരി മുതലാണ്. ചീഫ്‌സെക്രട്ടറി അധ്യക്ഷനായ കമ്പനി രൂപവത്കരിച്ച് ഒന്നരമാസത്തിനിടെ റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാനസര്‍ക്കാരിന് കൈമാറി. പദ്ധതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അതിവേഗം തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണിപ്പോള്‍ കേരളം. ഛത്തീസ്ഗഢിനുശേഷം രണ്ടാമതായാകും കേരളം പട്ടിക സമര്‍പ്പിക്കുക. മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ ഈ പദ്ധതികള്‍ ഇടം നേടുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

കര്‍ണാടകയിലൂടെ കടന്നു പോകുന്ന തലശ്ശേരിമൈസൂര്‍, നിലമ്പൂര്‍നഞ്ചന്‍കോട് പാതകളില്‍ കര്‍ണാടക സര്‍ക്കാരിന്റെ മുതല്‍മുടക്കും ആവശ്യമായി വരും. വനമേഖലയായതിനാല്‍ ഇതിന് കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയത്തിന്റെ അനുമതിയും വേണ്ടിവരും.

You must be logged in to post a comment Login