റൊണാള്‍ഡോയെ മുട്ടുകുത്തിച്ച് ഡിബാലയുടെയും കോസ്റ്റയും; വിജയം ആഘോഷിച്ച് താരങ്ങള്‍

ട്രെയിനിംഗിനിടയില്‍ പോലും തോല്‍പിക്കാനാവാത്ത താരമെന്നാണ് റൊണാള്‍ഡോയെ പറ്റി യുവന്റസ് സഹതാരം ഡഗ്ലസ് കോസ്റ്റ അടുത്തിടെ പറഞ്ഞത്. എന്നാല്‍ കോസ്റ്റയുടെ വാക്കുകള്‍ തിരുത്തി എത്ര വലിയ സൂപ്പര്‍ താരമായാലും പിഴവുകള്‍ സഹജമാണെന്ന് അതിന് പുറകേ തന്നെ റൊണാള്‍ഡോ കാണിച്ചു തന്നു. യുവന്റസ് ട്രെയിനിംഗിനിടയില്‍ ഹെഡര്‍ ടെന്നീസ് മത്സരത്തില്‍ റൊണാള്‍ഡോയെ തോല്‍പിക്കുന്ന ഡിബാലയുടെയും ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റയുടെയും വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിന്നത്.

റൊണാള്‍ഡോയും ബൊനൂച്ചിയും ചേര്‍ന്ന ടീമിനെയാണ് ഡിബാലയും ഡഗ്ലസ് കോസ്റ്റയും ചേര്‍ന്ന് തോല്‍പിക്കുന്നത്. ബൊനൂച്ചിയും റൊണാള്‍ഡോയും ഈ സീസണിലാണ് യുവന്റസിലെത്തുന്നത്. റൊണാള്‍ഡോ ബൊനൂച്ചി ടീമിനെ തോല്‍പിച്ചതിലുപരിയായി ഡിബാല കോസ്റ്റ സഖ്യത്തിന്റെ വിജയാഘോഷമാണ് ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. റഷ്യന്‍ ലോകകപ്പിലും അതിനു മുമ്പും ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്‍ തരംഗമാക്കിയ ‘എല്‍’ സെലിബ്രേഷനാണ് ഇരുവരും ചേര്‍ന്ന് കാണിക്കുന്നത്.

ട്രയിനിംഗിനിടയില്‍ പോലും തോല്‍പിക്കാന്‍ പ്രയാസമുള്ള റൊണാള്‍ഡോക്കെതിരായ ഓരോ വിജയവും സഹതാരങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നുവെന്നാണ് ആരാധകര്‍ ഇതിനെ പറ്റി പറയുന്നത്. റയലിലായിരിക്കുമ്പോള്‍ ട്രയിനിംഗിനിടയില്‍ റൊണാള്‍ഡോ തന്റെ ഉജ്ജ്വല സ്‌കില്ലുകള്‍ കൊണ്ട് സഹതാരങ്ങളെ നിഷ്പ്രഭമാക്കുന്ന വീഡിയോകള്‍ പല തവണ വൈറലായിരുന്നു. ഈ സീസണില്‍ ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് യുവന്റസിന്റെ മത്സരം കാണുന്നതിനു വേണ്ടിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

രണ്ടാം മെസിയെന്നറിയപ്പെടുന്ന ഡിബാലയും റൊണാള്‍ഡോയും കോസ്റ്റയും ചേര്‍ന്ന സഖ്യം ഇറ്റാലിയന്‍ ഫുട്‌ബോളിലും യൂറോപ്പിലും പുതിയ ചരിത്രം എഴുതിച്ചേര്‍ക്കുമെന്നെ പ്രതീക്ഷയിലാണ് ആരാധകര്‍. ബൊനൂച്ചി കൂടി ടീമിലെത്തിയതോടെ യുവന്റസിന്റെ പ്രതിരോധവും അതിശക്തമാണ്. കഴിഞ്ഞ കുറേ തവണ അടുത്തെത്തിയിട്ടും കൈവിട്ട യൂറോപ്യന്‍ കിരീടം ഇത്തവണ സൂപ്പര്‍ താരങ്ങളുടെ കരുത്തില്‍ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് യുവന്റസ് ആരാധകര്‍.

You must be logged in to post a comment Login