പത്തനംതിട്ട: ക്രഷര്‍ യൂണിറ്റ് ഉടമകള്‍ക്ക് വന്‍ലാഭം നേടിക്കൊടുക്കാന്‍ പടുകൂറ്റന്‍ ടോറസ് ലോറികള്‍ അമിതഭാരവും വഹിച്ച് പായുമ്പോള്‍ പൊതുമരാമത്തിന് നഷ്ടമാകുന്നത് കോടികള്‍. സംസ്ഥാനത്തെ ചെറുതും വലുതുമായ റോഡുകളും ദേശീയപാതകളും തകര്‍ച്ച നേരിടുന്നതിന്റെ യഥാര്‍ഥ കാരണം അനുവദനീയമായ അളവില്‍ കൂടുതല്‍ ഭാരവും വഹിച്ച് തലങ്ങും വിലങ്ങും പായുന്ന ടോറസ് ലോറികളാണ്.സംസ്ഥാനത്ത് പൊതുമരാമത്ത് റോഡുകള്‍ നിര്‍മിക്കുന്നത് 10 മുതല്‍ 20 ടണ്‍ വരെ ഭാരം വഹിക്കത്തക്ക വിധത്തിലാണ്. ടോറസ് ലോറികള്‍ക്ക് അനുവദിച്ചിരിക്കുന്ന ലോഡിന്റെ ഭാരം 17 ടണ്ണാണ്. വണ്ടിയ്ക്ക് 15 ടണ്‍ ഭാരം ഉണ്ട്. ലോഡും വണ്ടിയും കൂടി 32 ടണ്‍ വരും. അനുവദിച്ചിരിക്കുന്നത് 17 ടണ്ണാണെങ്കിലും ഇതില്‍ കയറ്റുന്നത് 35 ടണ്ണിന്റെ ലോഡാണ്. ചുരുക്കിപ്പറഞ്ഞാല്‍ ലോറിയുടേത് കൂടിയാകുന്നതോടെ ഭാരം അമ്പത് ടണ്‍ കവിയും. പാറപ്പൊടി, മെറ്റല്‍ എന്നിവയാണ് പ്രധാനമായും ടോറസില്‍ കൊണ്ടുപോകുന്നത്. ആര്.ടി.ഓഫീസില്‍ നിന്ന് ടോറസിന് പെര്‍മിറ്റ് കൊടുക്കുന്നത് 17 ടണ്‍ കയറ്റുന്നതിനാണ്. ചില ആര്.ടി.ഓഫീസുകള്‍ 25 ടണ്ണിന് വരെ പെര്‍മിറ്റ് നല്‍കും.
ഇത് ചട്ടം മറികടന്നാണ് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 370 അടി വരെയാണ് ടോറസിന്റെ ഭാരം കയറ്റുന്ന ഭാഗത്തിന്റെ ഉയരം. ഉടമകള്‍ നിയമവിരുദ്ധമായി 700 അടി വരെ ഉയരം വര്‍ധിപ്പിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോഴാണ് ലോഡിന്റെ ഭാരം ഇരട്ടിയിലധികമാകുന്നത്.ഇതു കൊണ്ട് ക്രഷര്‍ യൂണിറ്റ് ഉടമകള്‍ മൂന്നിരട്ടി ലാഭമാണ് കൊയ്യുന്നത്. മെറ്റലിനും പാറപ്പൊടിക്കും അടിക്കണക്കിനാണ് പണം ഈടാക്കുന്നത്. ഒറ്റലോഡില് നിന്ന് ഇവര്‍ക്ക് അധികമായി ലഭിക്കുന്നത് നാലുലോഡിന്റെ പണമാണ്. ഇത്രയും ഭാരം താങ്ങാനുളള കഴിവ് പൊതുമരാമത്ത് റോഡുകള്‍ക്കില്ല. ഇരട്ടിയിലധികം ഭാരം കയറ്റിയ ടോറസ് നാലുതവണ പോയാല്‍ മതി ഒരു റോഡ് തകരാന്‍. കാലവര്‍ഷം കൂടിയാതോടെ റോഡിന്റെ തകര്‍ച്ച എളുപ്പമായി. അമിതമായി ഭാരം കയറ്റിയ ടോറസ് വാഹന പരിശോധനയ്ക്കിടെ പിടിയിലായാല്‍ പിഴയായി ഈടാക്കുന്നത് 5000 രൂപയാണ്. ഒറ്റ ട്രിപ്പില്‍ മൂന്നിരട്ടി ലാഭം കൊയ്യുന്ന ക്രഷര്‍ യൂണിറ്റ് ഉടമകള്‍ക്ക് ഇതൊരു പ്രശ്നമല്ല. പിഴ ഈടാക്കിയ രസീതുമായി അതേ ദിവസം തന്നെ കൂടുതല്‍ ട്രിപ്പ് പോയാണ് പിഴയടച്ച തുക ഇവര്‍ മുതലാക്കുന്നത്. ഒരു ദിവസം ഒരു തവണ മാത്രമേ ലോറിക്ക് പിഴ നല്കാന് കഴിയൂവെന്ന സാങ്കേതികത കാരണം പരിശോധനാ സംഘത്തിന് ഒരേ ദിവസം തന്നെ രണ്ടാമതൊരു തവണ ഒരേ ലോറി പിടികൂടാന്‍ കഴിയുകയുമില്ല.
മുംബൈയിലും മറ്റും അമിതഭാരം കയറ്റിപ്പോകുന്ന ടോറസ് ലോറി പിടികൂടിയാല്‍ അതിന്റെ ഉയരക്കൂടുതലുളള ഭാഗം മുറിച്ചു മാറ്റുകയും പിഴ ഈടാക്കുകയുമാണ് ചെയ്യുന്നത്. നമ്മുടെ നാട്ടിലെ ആര്.ടി.ഒ അധികൃതര്‍ അതിനൊന്നും മെനക്കെടാറില്ല. ക്രഷര്‍ യൂണിറ്റുടമകളില് നിന്ന് പടി കിട്ടുന്നതിനാല്‍ ചിലപ്പോള്‍ വാഹനം പരിശോധിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറാകില്ല. 50 ടണ്‍ ഭാരം താങ്ങാനുളള ശേഷി സംസ്ഥാനത്ത് ഒരു റോഡിനുമില്ല. ക്രഷര്‍ യൂണിറ്റുകളില്‍ നിന്ന് പുറത്തേക്കുളള പാതകളെല്ലാം ഇതു മൂലം തകര്‍ന്നു കിടക്കുകയാണ്. അറ്റകുറ്റപ്പണി നടത്തി കരാറുകാരുടേയും പൊതുമരാമത്തിന്റെയും പോക്കറ്റ് ചോരുകയും ചെയ്യുന്നു. അമിതഭാരം കയറ്റിയുളള ടോറസ് ലോറികളുടെ പോക്ക് നിയന്ത്രിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം. ടാറിംഗിന് ഗ്യാരന്റിയുളളതിനാല് റോഡ് പൊളിയുന്നത് കരാറുകാര്‍ക്ക് വന്‍ ബാധ്യതയാണ് ഉണ്ടാക്കുന്നത്. മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ ഗ്യാരന്റി നല്കി സഞ്ചാരയോഗ്യമാക്കുന്ന റോഡുകളാണ് മൂന്നു മുതല്‍ ആറുമാസം കൊണ്ട് തകരുന്നത്. റോഡ് തകരുന്നത് ഗുണനിലവാരമില്ലാത്ത ടാറിംഗ് കൊണ്ടാണെന്ന പഴി കിട്ടുകയും ചെയ്യും. ഓരോ തവണയും റോഡ് അറ്റകുറ്റപ്പണി നടത്തുമ്പോള്‍ കോടികളാണ് പൊതുമരാമത്തിന്റെ പോക്കറ്റില്‍ നിന്ന് ചോരുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ കെ.എസ്.ടി.പി നിര്‍മിച്ച റോഡുകള്‍ പോലും തകര്‍ന്നു കഴിഞ്ഞു. റ്റി.കെ. റോഡില്‍ വളളംകുളം പാലത്തിന്റെ അപ്രോച്ച് റോഡ് ഇരുത്തിയിരിക്കുകയാണ്. വലിയ കുഴികളും രൂപം കൊണ്ടു. ഇതിന് പ്രധാന കാരണം ടോറസ് പോലെയുളള ഭാരവാഹനങ്ങളാണ്.
നേരത്തേ ടിപ്പര്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്തെ നിരത്തുകളില്‍ ഭീമന് ടോറസ് ലോറികള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട് രണ്ടുവര്ഷമാകുന്നതേയുളളൂ. ക്രഷര്‍ ഉടമകളുടെ മത്സരത്തിന്റെ ഭാഗമായി ഇത് വ്യാപകമായി.ഉത്തരേന്ത്യയിലെ കല്‍ക്കരി ഖനികളില്‍ മാത്രം ഉപയോഗിച്ചു കൊണ്ടിരുന്നതാണ് ടോറസ്. കല്‍ക്കരിക്ക് ഭാരം കുറവായതിനാല്‍ ഒരു ടോറസ് ലോറി നിറച്ചു കയറ്റിയാല്‍പ്പോലും 10 ടണ്ണിലധികം വരില്ലായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് ടോറസ് ലോറിയില്‍ സിമിന്റ് കയറ്റി വിടുന്നത് കൃത്യം 17 ടണ്‍ കണക്കാക്കിയാണ്. അല്ലാതെ വരുന്ന ടോറസുകള്‍ ചെക്ക് പോസ്റ്റ് കടക്കാന്‍ അനുവദിക്കുന്നില്ല. ചെക്ക് പോസ്റ്റില്‍ കാണിക്കുന്ന ശുഷ്കാന്തി മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനത്തുടനീളം കാണിച്ചാല്‍ അമിതഭാരം കയറ്റി ടോറസ് ലോറികള്‍ പായുന്നത് തടയാനും പൊതുമരാമത്ത് റോഡുകളുടെ തകര്‍ച്ച ഒരു പരിധി വരെ ഒഴിവാക്കാനും കഴിയും.
You must be logged in to post a comment Login