റോഡുനിര്‍മാണത്തിന് സ്വകാര്യപങ്കാളിത്ത പദ്ധതിക്ക് കേന്ദ്രം

Untitled-2 copyന്യൂഡല്‍ഹി: രാജ്യത്തെ റോഡുനിര്‍മാണവികസനപ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതി കേന്ദ്രം ആലോചിക്കുന്നു. നിര്‍മാണഘട്ടത്തില്‍ പദ്ധതിയുടെ 40ശതമാനം തുക അഞ്ചു തുല്യഗഡുക്കളായി നല്‍കും. ബാക്കി 60ശതമാനം 15വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുന്ന കടമായും ഓഹരിയായും നല്കുന്ന രീതിയാണ് പരിഗണനയിലുള്ളത്.
35 പദ്ധതികളിലായി 2735.060 കിലോമീറ്റര്‍ റോഡാണ് ഈ പദ്ധതി പ്രകാരം നിര്‍മിക്കാന്‍ ആലോചിക്കുന്നത്. ഇതിന് മൊത്തം 41,204.65 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 2033.850 കിലോമീറ്റര്‍ വരുന്ന 16 പദ്ധതികള്‍ നിര്‍മിച്ച്, പ്രവര്‍ത്തിപ്പിച്ച്, കൈമാറുന്ന (ബി.ഒ.ടി.) രീതിയിലുള്ളതായിരിക്കും. 25,962.86 കോടിയാണ് ഇതിന്റ ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതിനുപുറമെ ദേശീയപാതകള്‍ റോഡ് മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുപയോഗിച്ച് നിര്‍മിക്കുന്നതും സര്‍ക്കാറിന്റെ ആലോചനയിലാണ്. 6330 കിലോമീറ്റര്‍ ദേശീയപാതയാണ് ഇത്തരത്തില്‍ നിര്‍മിക്കുക. ഇതില്‍ 4410 കിലോമീറ്ററിന്റ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
രാജ്യത്തെ റോഡുവികസനപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകുന്ന സ്ഥലമേറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങളും താമസങ്ങളും, സഹായധനം ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം, മണ്ണുള്‍പ്പെടെയുള്ള നിര്‍മാണവസ്തുക്കള്‍ ഖനനം ചെയ്യുന്നതിലുള്ള നിരോധനങ്ങള്‍, പദ്ധതിക്കെതിരെ ഉയരുന്ന പ്രാദേശികപ്രതിഷേധങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ ആലോചിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

You must be logged in to post a comment Login