റോഡ് മോടിയാക്കാന്‍ 10,000 കോടിയുടെ ‘സ്പീഡ് കേരള’

സംസ്ഥാനത്തെ ദേശീയപാത അടക്കമുള്ള റോഡുകളുടെ വികസനത്തിനായി സ്പീഡ് കേരള എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. കേന്ദ്ര സര്‍ക്കാരിന്റെ റോഡ് വികസന ഫണ്ടിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  മൊത്തം 10,000 കോടി രൂപയുടെ  സ്പീഡ് കേരളയില്‍ 23 പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ 1,627 കോടി രൂപ മുടക്കി സംസ്ഥാനത്തെ തെരെഞ്ഞെടുത്ത ഒമ്പത് സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിലെ പ്രധാന പ്രവൃത്തിയായ കൊച്ചി ഇടപ്പള്ളി മേല്‍പാലത്തിന്റെ പണി ആരംഭിച്ചു കഴിഞ്ഞു. രണ്ടാമത് തുടങ്ങുന്ന പദ്ധതിയായ പാലാരിവട്ടം മേല്‍പ്പാലത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

ദേശീയപാതയെയും ഇന്‍ഫോപാര്‍ക്കിനെയും ബന്ധിപ്പിക്കുന്ന നാലു വരി ഐ.ടി കോറിഡോര്‍, തൃശൂര്‍-കുറ്റിപ്പുറം റോഡ്, എടപ്പാള്‍ മേല്‍പ്പാലം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപ്പാസുകള്‍, കോട്ടയം ജില്ലയിലെ രാമപുരം-നാലമ്പല ദര്‍ശനം റോഡ്, കഞ്ഞിക്കുഴി-വെട്ടത്തുകവല-കറുകച്ചാല്‍ റോഡ്, തുടങ്ങിയ പദ്ധതികള്‍ ആദ്യ ഘട്ടത്തില്‍ പെടുത്തിയിട്ടുണ്ട്. കൊച്ചി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനവും ആദ്യ ഘട്ട പരിഗണനയിലുണ്ട്.
റോഡ് സുരക്ഷ മുന്‍ നിര്‍ത്തിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

 

Four-Lane-Highway

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 115 സ്‌ക്കൂള്‍ സോണുകള്‍ തെരഞ്ഞെടുത്ത് അവിടെ ക്രാഷ് ബാരിയറുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തും. കഴക്കൂട്ടം-അടൂര്‍ മോഡല്‍ സേഫ് കോറിഡോര്‍ പദ്ധതിയാണ് മറ്റൊന്ന്. വിവിധ സ്ഥലങ്ങളില്‍ പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇത്തരം പദ്ധതികള്‍ നടത്തും. റോഡ് സുരക്ഷയുടെ പ്രാധാന അജണ്ടയായി അനധികൃത കയ്യേറ്റങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, ഫഌക്‌സുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ നീക്കം ചെയ്യും. കെ.എസ്.ടി.പി പദ്ധതികളും ഇതിനൊപ്പം നടത്തും. തിരുവല്ല ബൈപ്പാസ് റോഡ്, പൊന്‍കുന്നം -തൊടുപ്പുഴ റോഡ് തുടങ്ങിയവ ഇതില്‍ പെടും.
ബി.ഒ.ടി അടിസ്ഥാനത്തിലായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുക. ടോള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറയ്ക്കാനും സ്ഥലം നഷ്ട്ടപ്പെടുന്നവര്‍ക്ക് പരമാവധി തുക നല്‍കാനും ശ്രമിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുകയെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

You must be logged in to post a comment Login