‘റോള്‍ മോഡല്‍’ ആകാന്‍ ഫഹദ്; സംവിധാനം റാഫി

 

southlive-2016-09-cbc484e9-9ba5-4f95-b9bf-3e9775aeb2ab-f
റാഫി-മെക്കാര്‍ട്ടിനിലെ റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു. ക്യാമ്പസ് നൊസ്റ്റാള്‍ജിയ വിഷയമാക്കുന്ന സിനിമയുടെ പേര് ‘റോള്‍ മോഡല്‍സ്’ എന്നാണ്. കലാലയത്തില്‍ ഒരുമിച്ച് പഠിച്ച്, വര്‍ഷങ്ങള്‍ക്ക് ശേഷവും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുടെ കഥയാണ് ചിത്രം. നര്‍മ്മത്തിന് പ്രാധാന്യമുള്ള സിനിമയില്‍ ഫഹദിന്റെ നായികയാവുന്നത് നമിത പ്രമോദാണ്.
രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, ലെന, സിന്‍ഡ്ര ഷറഫുദ്ദീന്‍, വിനായകന്‍, സൗബിന്‍ ഷാഹിര്‍, നന്ദു പൊതുവാള്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. ഛായാഗ്രഹണം ഷാംദത്ത്. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജി.പി.വിജയകുമാറാണ് നിര്‍മ്മാണം. ഒക്ടോബര്‍ 15ന് ചിത്രീകരണം ആരംഭിക്കും.

ഫഹദിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയും കലാലയ പശ്ചാത്തലത്തിലുള്ളതാണ്. ബോബി-സഞ്ജയ് ആണ് ഇതിന്റെ തിരക്കഥ. മമ്മൂട്ടി നായകനായ ‘മുന്നറിയിപ്പി’ന് ശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന ‘ആയിരം കാണി’, ‘പാവാട’ക്ക് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം, ‘ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി’ക്ക് ശേഷം അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം, ‘തനി ഒരുവന്’ ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം എന്നിവയാണ് ഫഹദിന്റെ വരാനിരിക്കുന്ന മറ്റ് പ്രോജക്ടുകള്‍.

You must be logged in to post a comment Login