ലഗേജ് കൂടിയെന്നാരോപിച്ച് ശ്രീജേഷിന് എയര്‍ ഏഷ്യയുടെ പിഴ; മേക്കപ്പ് കിറ്റും കൊണ്ടല്ല താന്‍ നടക്കുന്നതെന്ന് ശ്രീജേഷ്

123

ബംഗളൂരു: ഏഷ്യന്‍സ് ചാമ്പ്യന്‍സ് ഹോക്കി മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച് അഭിമാനമായി മാറിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷിന് എയര്‍ ഏഷ്യയുടെ അപമാനം. ശ്രീജേഷിന്റെ സ്‌പോര്‍ട്‌സ് ഉപകരണങ്ങളടങ്ങിയ ലഗേജിന് 1500 രൂപ അധികം ചുമത്തിയാണ് മലേഷ്യന്‍ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഏഷ്യ അപമാനിച്ചത്. മത്സരത്തിന് ശേഷം ബംഗളുരുവില്‍ വന്ന ശ്രീജേഷിന് അവിടെ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

എയര്‍ ഏഷ്യയുടെ ഈ നടപടിക്കെതിരെ ശ്രീജേഷ് ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. 15 കിലോഗ്രാം താഴെ ഭാരമുള്ള ബാഗിന് 1500 രൂപയോ? ഞാന്‍ മേക്കപ്പ് കിറ്റും കൊണ്ട് നടക്കുമെന്നാണോ അവര്‍ പ്രതീക്ഷിക്കുന്നത്? എന്തൊരു തമാശയാണിത് എന്നാണ് എയര്‍ ഏഷ്യയെ പരിഹസിച്ചുള്ള ട്വീറ്റില്‍ ശ്രീജേഷ് ചോദിക്കുന്നത്.

Extra charges for the sports equipment bag which come below 15kg ??Are they expecting me to carry makeup kit?? ..funny concept @AirAsia

പ്രാദേശിക സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ചെക്ക് ഇന്‍ ബാഗേജ് ആയി 15 കിലോ വരെ സൗജന്യമായി അനുവദിക്കുന്നുണ്ട്. ശ്രീജേഷിന്റെ ബാഗിനു 15 കിലോയില്‍ താഴെയായിരുന്നു ഭാരം. എന്നാല്‍ ഹോക്കി ഗോള്‍കീപ്പര്‍ കാലില്‍ കെട്ടുന്ന പാഡുകള്‍ ശ്രീജേഷിന്റെ ബാഗിലുണ്ടായിരുന്നു. കായിക ഉപകരണമാണെന്നു ചൂണ്ടിക്കാട്ടിയാണ് 1500 രൂപ അധികം ശ്രീജേഷില്‍ നിന്ന് ഈടാക്കിയത്. ശ്രീജേഷിന്റെ ട്വിറ്റര്‍ പോസ്റ്റനെത്തുടര്‍ന്ന് വിമാനക്കമ്പനിക്കെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിട്ടുണ്ട്.