ലഭിച്ചത് വലിയ ഉത്തരവാദിത്തം; എല്ലാ ഉയര്‍ച്ചയ്ക്കും പിന്നില്‍ ആലപ്പുഴയും പാര്‍ട്ടി പ്രവര്‍ത്തകരും; പ്രിയങ്ക ഗാന്ധിയുടെ വരവ് പാര്‍ട്ടിക്ക് ഇരട്ടി ഊര്‍ജം നല്‍കും: കെ.സി വേണുഗോപാല്‍

ഡല്‍ഹി: നിര്‍ണായകമായ ഘട്ടത്തില്‍ പ്രധാനപ്പെട്ട പദവിയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയമിച്ചതില്‍ ആഹ്‌ളാദമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍. ഇങ്ങനെയുള്ള ദൗത്യങ്ങള്‍ എല്‍പിക്കാന്‍ തക്ക വിശ്വാസം പാര്‍ട്ടി അധ്യക്ഷന് തന്നില്‍ ഉണ്ടെന്നത് ചാരിതാര്‍ത്ഥ്യം നല്‍കുന്ന കാര്യമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മുതിര്‍ന്ന നേതാക്കളുടെ അനുഭവ സമ്പത്തും പുതിയ തലമുറയുടെ ആവേശവും സമ്മിശ്രമാണ് കോണ്‍ഗ്രസില്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് പലപ്പോഴും പാര്‍ട്ടി അധ്യക്ഷന്‍ തങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ രീതിയില്‍ യുവാക്കളേയും മുതിര്‍ന്ന നേതാക്കളേയും ഒരുമിച്ചു കൊണ്ടു പോകുന്ന പ്രവര്‍ത്തനമാവും നടത്തുക.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുമോയെന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും താന്‍ അനുസരിക്കും. തന്റെ ഉയര്‍ച്ചയ്ക്ക് എല്ലാത്തിനും കാരണം ആലപ്പുഴയും പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. പ്രിയങ്ക ഗാന്ധിയുടെ വരവ് പാര്‍ട്ടിക്ക് ഇരട്ടി ഊര്‍ജം നല്‍കുമെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ സംഘടനയെ ബൂത്ത് തലത്തില്‍ ശക്തിപ്പെടുത്തുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ താഴെ തട്ടില്‍ മുതല്‍ അഭിപ്രായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login