ലാല്‍സലാം

  • ബി. ജോസുകുട്ടി

സ. ടി.വിയുടെ വേര്‍പാടിനു 40 വര്‍ഷങ്ങള്‍

Weekend-Mar-261

തൈപ്പറമ്പില്‍ വര്‍ഗീസ് തോമസ് എന്ന ആലപ്പുഴക്കാരന്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ മുഖമാകുന്നത് തൊഴിലാളികളുടെ സംഘബോധത്തില്‍ നിന്നുയര്‍കൊണ്ട നിസ്വാര്‍ത്ഥമായ സ്‌നേഹരക്തത്തില്‍ നിന്നായിരുന്നു എന്നത് കാലം കാത്തുവെച്ച സത്യമായിരുന്നു. കേരള രാഷ്ട്രീയത്തിലെ ശുക്രനക്ഷത്രം, ട്രേഡ് യൂണിയന്‍ രംഗത്തെ അതികായകന്‍, തൊഴിലാളികളുടെ വിശ്വാസം ആര്‍ജ്ജിച്ച നേതാവ,് പ്രായോഗിക രാജ്യതന്ത്രജ്ഞന്‍, ആധുനിക വ്യവസായ കേരളത്തിന്റെ ശില്‍പി, വിപ്ലവ കേരളത്തിന്റെ അജയ്യ നേതാവ് , മഹാനായ മനുഷ്യസ്‌നേഹി എന്നിങ്ങനെയുള്ള ഒരുപാട് വിശേഷണങ്ങള്‍ക്കര്‍ഹനായ ടി.വി തോമസ് എന്ന കര്‍മ്മധീരന്റെ വേര്‍പാടിനു ഇന്നു നാലു ദശാബ്ദങ്ങള്‍ പൂര്‍ത്തിയാകുന്നു.
തോക്കുകള്‍ക്കും ബയണറ്റുകള്‍ക്കുമെതിരെ പോരാടുവാനും ബാലറ്റ് പേപ്പര്‍ കൊണ്ട് അധികാരം പിടിച്ചെടുക്കാനും കഴിഞ്ഞ കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍, രണ്ടു ഘട്ടങ്ങൡലും തലയുയര്‍ത്തിപ്പിടിച്ചു നിന്ന അനുപമനായ നേതാവായിരുന്നു ടി.വി തോമസ്. ലോകത്തിലാദ്യമായി ബാലറ്റു പെട്ടിയിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് ഏറ്റവും അമൂല്യമായ സംഭാവനകള്‍ ചെയ്തതാര് എന്നു ചോദിച്ചാല്‍ അതിനുത്തരം ഒന്നേയുള്ളൂ. ടി.വി തോമസ്. എന്നാല്‍ കേരളാ മന്ത്രിസഭയുടെ നേതൃത്വം കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റെടുക്കേണ്ടി വന്നപ്പോഴൊക്കെയും അതര്‍പ്പിതമായത് ടി.വി തോമസിലല്ല എന്ന സത്യമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ടി.വി എവിടെയായിരുന്നുവെന്ന് മാത്രമെ അതു വെളിപ്പെടുത്തുന്നുള്ളൂ.

സമരങ്ങളിലൂടെ പോരാട്ടങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇന്ത്യയിലെ തൊഴിലാളി വര്‍ഗത്തിന്റെ മുമ്പില്‍ തന്നെ യായിരുന്നു അറുപത്തഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പു തന്നെ ആലപ്പുഴ തൊഴിലാളി. അവരുടെ ട്രേഡ് യൂണിയന്‍ ജീവിതത്തില്‍ മുപ്പത്തഞ്ച് വര്‍ഷക്കാലം അനിഷേധ്യ നേതൃത്വം വഹിച്ചത് ടി.വി ആയിരുന്നു. ഇന്ത്യയിലെ ഇടതുപക്ഷങ്ങളുടെ വിപ്ലവ രാഷ്ട്രീയ ചരിത്രത്തില്‍ പുന്നപ്ര വയലാറിനോളം ചുവന്ന മറ്റൊരധ്യായമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയിലാദ്യം ഭരിക്കാനവസരം കിട്ടിയ മുനിസിപ്പാലിറ്റി ടി.വി ചെയര്‍മാനായിരുന്ന ആലപ്പുഴയായിരുന്നു. കേരള രാഷ്ട്രീയം ചുവന്നു തുടങ്ങിയതും തിരുകൊച്ചി നിയമസഭയില്‍ ടി.വി തോമസ് പ്രതിപക്ഷ നേതൃത്വം ഏറ്റെടുത്ത കാലം മുതല്‍ തന്നെ.

ടി.വി തോമസും, പനമ്പിള്ളിയും

ഏതു വമ്പനെയും കൊമ്പുകുത്തിക്കുന്നതില്‍ അസാമാന്യമായ പ്രാവീണ്യം പുലര്‍ത്തിയിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോനും ടി.വി തോമസും തമ്മില്‍ അക്കലാത്തുണ്ടായ ഒരു വാദ പ്രതിവാദം പ്രസിദ്ധമാണ്.
പനമ്പിളളി പറഞ്ഞു.
‘ഒരിക്കലും അധികാരത്തില്‍ വരാനിടയില്ലെന്നു തീര്‍ച്ചയുള്ളതു കൊണ്ട് എന്റെ സ്‌നേഹിതന് എന്തും പറയാം. എനിക്കങ്ങനെ പറ്റില്ല. പറയുന്നത് ചെയ്യാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്.’
ക്ഷോഭിച്ചു കൊണ്ടായിരുന്നു ടി.വിയുടെ മറുപടി
‘അത്ര വലിപ്പമൊന്നും പറയേണ്ട, ആ സ്ഥാനത്തിരിക്കാന്‍ ഞങ്ങളെ ഒന്നനുവദിക്കൂ, അപ്പോള്‍ കാണിച്ചുതരാം ഭരിക്കാനറിയാമോയെന്ന്.’
അപ്പോഴാണ് പനമ്പിള്ളിയിലെ സാക്ഷാല്‍ പനമ്പിള്ളി തലയുയര്‍ത്തിയത്.
‘ഈ സ്ഥലത്ത് എന്റെ സ്‌നേഹിതനു വന്നിരിക്കാന്‍ ഞാന്‍ കാണുന്ന ഏകവിദൂര സാധ്യത അദ്ദേഹം ഒരു മൂട്ടയായി ജനിച്ച് ഈ കസേരയില്‍ കയറികൂടുക മാത്രമാണ്.’

കേള്‍വിക്കാരുടെ പൊട്ടിച്ചിരി പനമ്പിള്ളിക്ക് കൂടുതല്‍ പ്രചോദനമാകുകയായിരുന്നു. പക്ഷേ, ഒരു വര്‍ഷം നീണ്ടില്ല, പനമ്പിള്ളി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് നിയമസഭവിട്ടു. തുടര്‍ന്നു ടി.വി തോമസ് ഒരു പതിറ്റാണ്ടിലേറെക്കാലം മരണം വരെ സമര്‍ത്ഥനും കരുത്തനുമായി മന്ത്രിയായി തന്നെയിരുന്നു. പക്ഷേ ഒന്നുമാത്രം ശരിയായി- പനമ്പിള്ളി മുഖ്യമന്ത്രിക്കസേരയിലിരുന്നു കൊണ്ടാണ് പറഞ്ഞത്- അവിടെ കയറിയിരിക്കാന്‍ ടി.വിക്കു കഴിഞ്ഞില്ല.

പൂര്‍വ്വമാതൃകകളില്ലാതെ

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന വിപ്ലവ പുരോഗമന വാദികള്‍ റാഡിക്കല്‍ കോണ്‍ഗ്രസ് ആയ കാലം. ടി.വി തോമസാണ് അന്ന്് യുവാവാണ.് നിയമബിരുദം നേടി നില്‍ക്കുന്നു. ഐ.സി. ഐസിനു ഇംഗ്ലണ്ടില്‍ അയക്കണമെന്നാണ്് പിതാവിന്റെ ആഗ്രഹം. പക്ഷേ ദേശീയ സ്വാതന്ത്യസമരം യുവമനസില്‍ സ്വാധീനിച്ച വിപ്ലവ ബോധം കൈവന്ന ടി.വി റാഡിക്കല്‍ കോണ്‍ഗ്രസുകാരനായി. ഇവിടെനിന്നാണ് ടി.വി ട്രേഡ് യൂണിയന്‍ രംഗത്തേക്കു വരുന്നത്. അന്നു റാഡിക്കല്‍ കോണ്‍ഗ്രസുകാരായി അറിയപ്പെട്ടിരുന്ന ശ്രീകണ്ഠന്‍ നായര്‍, എം. എന്‍ ഗോവിന്ദനായര്‍, വര്‍ഗീസ് വൈദ്യന്‍, പുന്നൂസ,് കെ. കെ കുഞ്ഞന്‍, അവിരാത്തരകന്‍ എന്നിവര്‍ ട്രേഡ് യൂണിയന്‍ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന് സമര്‍ത്ഥനായ ഒരു പ്രസിഡന്റിനെ ആവശ്യമുള്ള കാലമായിരുന്നുഅത്. അങ്ങനെയാണ് ടി.വി യൂണിയന്റെ കൗണ്‍സിലിയേഷന്‍ ഓഫീസറും പിന്നീട് അധ്യക്ഷനുമായത്.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ തുടക്കകാലമായിരുന്നു അത്. ഇന്നത്തെപോലെ ട്രേഡ് യൂണിയനുകളുടെ വൈപുല്യമില്ലായിരുന്നു. ഒറ്റസംഘടന. തൊഴിലാളികളുടെ വിയര്‍പ്പു ശമിക്കുന്നതിനു മുമ്പ് കൂലി വെച്ചിട്ട് പോയാല്‍ മതിയെന്നു മുതലാളിയോട് അല്ലെങ്കില്‍ സായിപ്പിനോട് പറഞ്ഞാല്‍ പറഞ്ഞതു തന്നെ. പിന്നീട് തൊഴിലാളി മുതലാളി ബന്ധങ്ങളെ പറ്റി ചില നിബന്ധനകളുണ്ടായി. ഫാക്ടറി ആക്ട് നിലവില്‍ വന്നു. അതു പഠിച്ച് തൊഴിലുടമയോട് വാദിക്കാന്‍ കഴിയണം. അതിനു സഹായകമായ നേതാവുണ്ടായിരിക്കണം. നിയമപരിജ്ഞാനമുണ്ടാകണം. അങ്ങനെയാണ് ടി.വി ആ കാലഘട്ടത്തില്‍ തൊഴിലാളികളുടെ പ്രതിപുരുഷനായത്. വിപ്ലവ ബോധമുള്ള വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരന്‍, അതായിരുന്നു അന്നത്തെ ടി.വി തോമസ്.

തൊഴില്‍ നിയമങ്ങള്‍ പഠിക്കുക, കുഴഞ്ഞ് മറിഞ്ഞ തൊഴില്‍ പ്രശ്‌നങ്ങളെപറ്റി സമചിത്തതയോടെ ഗ്രഹിക്കുക, വ്യാവസായിക പുരോഗതിയെക്കുറിച്ച് ചിന്തിക്കുക, യുക്തി പൂര്‍വ്വ വാദമുഖങ്ങള്‍ നിരത്തുക എന്നിവയെല്ലാം ടി.വിയുടെ പ്രത്യേകതയായിരുന്നു. അതുപോലെ തന്നെ മുതലാളിമാര്‍ക്കു തൊഴില്‍ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇംഗ്ലീഷില്‍ ടി.വി എഴുതുന്ന കത്തിനു മറുപടി തൊഴിലുടമ എഴുതിയാല്‍ അബദ്ധത്തില്‍ വീണതു തന്നെ, ‘താങ്കള്‍ ഇന്നതെല്ലാം സമ്മതിച്ചിട്ടുണ്ടല്ലോ’ എന്നു പറഞ്ഞു കൊണ്ടുള്ളതായിരിക്കും അടുത്ത കത്ത്.
രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുളള ക്ഷാമകാലം. തൊഴിലാളികള്‍ സമരത്തിലായി, തൊഴിലാൡകള്‍ക്കു ന്യായമായ അരിയും മറ്റും തരാമെന്ന് സര്‍ സി.പി അംഗീകരിച്ചു. പക്ഷേ, തൊഴിലാളികള്‍ക്കു മാത്രമായി ഇതു ചുരുക്കാന്‍ സമ്മതിച്ചില്ല. ജനങ്ങള്‍ക്കെല്ലാം നല്‍കണം എന്നു ടി.വി വാദിച്ചു. അവസാനം അത് അംഗീകരിച്ചു നടപ്പിലാക്കേണ്ടി വന്നു. തൊഴിലാളി വര്‍ഗം എങ്ങനെയാണ് ജനങ്ങളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കേണ്ടതെന്ന് അദ്ദേഹം കാണിച്ചു കൊടുത്തു.

അടിയുറച്ച മനസ്സിന്റെ ഉടമ

ഐതിഹാസികമായ പുന്നപ്ര- വയലാറിനു ശേഷം ആ പ്രക്ഷോഭത്തിന്റെനേതാവായ ടി. വി തോമസിനെ സര്‍ സി.പിയുടെ പട്ടാളം അറസ്റ്റു ചെയ്തു. നാട്ടിലാകെ ഭീതിദയമായ അവസ്ഥ. പട്ടാള ബൂട്ടുകളുടെ ഞരക്കത്തിലായിരുന്നു അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകള്‍. ടി.വിയെ അറസ്റ്റു ചെയ്തപ്പോള്‍ കടപ്പുറത്തു കൊണ്ടു പോയി വെടിവെക്കും എന്നായിരുന്നു കേട്ടത്. പക്ഷേ ഇതിലൊന്നും കുലുങ്ങാതെ ശിരസ്സുയര്‍ത്തി പിടിച്ച് നിര്‍ഭയനായി അചഞ്ചലനായി ജയിലിലേക്കു പോകുമായിരുന്നു ടി.വി. .ആലപ്പുഴ നഗരത്തിലെ കൊത്തുവാല്‍ ചാവടി പാലത്തിനു സമീപമുള്ള ടി.വിയുടെ തറവാട് പട്ടാളം വളഞ്ഞു. പിതാവും സഹോദരങ്ങളുമടക്കം എല്ലാവരേയും തെരുവിലേക്കിറക്കി വിട്ടു. വീട് മുദ്രവെച്ചു. ഇതിനു ശേഷമാണ് ടി.വിയെ അറസ്റ്റു ചെയ്തത്. അവസാനകൂടിക്കാഴ്ചയാണിതെന്നു പലര്‍ക്കും തോന്നി. പക്ഷേ ആ മനസ്സുമാത്രം പതറിയില്ല. പുഞ്ചിരി അപ്പോഴും മുഖത്തു തങ്ങി നിന്നു. ആദ്യം തിരുവനന്തപുരത്തേക്കാണ് കൊണ്ടുപോയത്. പിന്നീട് ആലപ്പുഴ സബ്ജയിലില്‍ കൊണ്ടുവന്നു.
പുന്നപ്ര -വയലാര്‍ സമരങ്ങളോടനുബന്ധിച്ച് പലതരത്തിലുള്ള പ്രക്ഷോങ്ങളില്‍ പങ്കെടുത്ത നിരവധിയാളുകള്‍ തടവിലുണ്ടായിരുന്നു. ഭീകരമര്‍ദ്ദനമുറകളായിരുന്നു അവര്‍ക്കു നേരിടേണ്ടി വന്നത.് പക്ഷേ ടി.വി.യുടെ വരവോടെ അതിനറുതി വന്നു. ‘നിന്നെയെല്ലാം കൊന്നുകളഞ്ഞാല്‍ ഒന്നും വരാനില്ല’ എന്നു പറഞ്ഞു കൊണ്ടുള്ള മര്‍ദ്ദനമായിരുന്നു അത്. തടവുകാര്‍ കഞ്ഞികുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറകില്‍ നിന്നു ചവിട്ടി കഞ്ഞിപ്പാത്രത്തില്‍ മുഖം കത്തിക്കുക, ചത്ത എലി വീണ കഞ്ഞി കുടിപ്പിക്കുക എന്നീ രീതിയിലുള്ള ശിക്ഷാമുറകള്‍ അന്നത്തെ പോലീസുകാരുടെ വിനോദങ്ങളായിരുന്നു. ഇത്തരം പീഢനമുറകള്‍ അവസാനിപ്പിക്കുന്നതില്‍ ടി.വി വഹിച്ച പങ്ക് വലുതായിരുന്നു ടി.വിയെ പോലീസിനെ കൊണ്ട് തല്ലിക്കാന്‍ അന്ന് റിസര്‍വ്വ് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഒരു ഒ. എം. ഖാദര്‍ പല ശ്രമങ്ങളും നടത്തി. മലയാളിയല്ലാത്ത ഒരു പോലീസുകാരനെയാണ് ഖാദര്‍ അതിനു തെരഞ്ഞെടുത്തത്.

”അവന്റെ നിലവിളി എനിക്കു കേള്‍ക്കണം. ”ഇതായിരുന്നു ഇന്‍സ്‌പെക്ടറുടെ ആജ്ഞ. പോലീസുകാരന്‍ ടി.വി കിടക്കുന്ന മുറിയില്‍ ചെന്നു. ഇടിക്കാന്‍ തോന്നുന്നില്ല. അവസാനം പോലീസുകാരന്റെ അഭ്യര്‍ത്ഥന ഇങ്ങനെ
‘ഞാന്‍ എന്നെത്തന്നെ ഇടിക്കുകയും ഈ ചുവരിലൊക്കെ ഇടിച്ചു ശബ്ദം കേള്‍പ്പിക്കുകയും ചെയ്യും സാര്‍ ഒന്നു കരഞ്ഞേക്കണം.’
കഴുമരത്തെ നോക്കി മന്ദഹസിച്ച മനുഷ്യന്‍ കരയാനോ? ‘എനിക്കു കരയാനെന്നും സാധ്യമല്ല’ ടി.വി പറഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പോലീസുകാരന്‍ തന്നെത്താന്‍ ഇടിക്കുകയും തന്നെത്താന്‍ ഉറക്കെ കരയുകയും ചെയ്തു. അല്പമകലെ ടി.വി യുടെ നിലവിളി കേള്‍ക്കാനിരുന്ന ഒ.എം. ഖാദറിനു സന്തോഷമായി. പാവം പോലീസുകാരന്‍ നടത്തിയ ആ മോണോ ആക്ട് രസകരമായ ഒരു കഥയായി മാറുകയും ചെയ്തു.

ടി.വി എന്ന മന്ത്രി

1957 ല്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലും പിന്നീട് രണ്ടുതവണയും ടി.വി മന്ത്രിയായി. ആദ്യം മന്ത്രിയായപ്പോള്‍ ടി.വി തോമസിനു നല്‍കിയ വകുപ്പുകള്‍ അദ്ദേഹത്തിന്റെ ബന്ധങ്ങള്‍ക്കും താല്പര്യങ്ങളുമായി ഇണങ്ങുന്നവയായിരുന്നു. തൊഴില്‍, ഗതാഗതം. സ്‌പോര്‍ട്‌സ് എന്നിവയുടെ ചുമതല വഹിച്ചിരുന്ന അക്കാലത്താണ് തൊഴില്‍ വകുപ്പിനു പുതിയ ഭാവമുണ്ടായതും ട്രാന്‍സ്‌പോര്‍ട്ട് ദേശസാല്‍ക്കരണം കൂടുതല്‍ വ്യാപിപ്പിച്ചതും. ജില്ലാ കേന്ദ്രങ്ങളെല്ലാം സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടക്കം കുറിച്ചതുമന്നാണ് .അക്കാലത്തെ രാഷ്ട്രീയ തന്ത്രങ്ങൡ ടി.വിയുടെ നേതൃത്വപരമായ പങ്ക് തുലോം കുറവായിരുന്നു. ഇ.എം. എസ്, അച്യുതമേനോന്‍ എന്നിവര്‍ മന്ത്രിസഭയ്ക്കകത്തും എ എന്‍ ഗോവിന്ദന്‍ നായര്‍ പുറത്തും നയപരമായ കാര്യങ്ങളില്‍ നേതൃത്വം വഹിച്ചു. ടി.വിയുടെ ശ്രദ്ധ തന്റെ വകുപ്പുകൡ മാത്രം ഒതുങ്ങിനിന്നു.

ദമ്പതി മന്ത്രിമാര്‍

കേരളത്തിലെ രണ്ടു മന്ത്രിമാര്‍ തമ്മില്‍ വിവാഹിതരായ അത്യപൂര്‍വ്വ സംഭവം അക്കാലത്താണ് നടന്നത്. തൊഴില്‍ മന്ത്രി ടി.വി തോമസും റവന്യൂ മന്ത്രി ഗൗരിയമ്മയും ദമ്പതികളായി. രാഷ്ട്രീയമായും സാമുദായികമായും ഏറെ ശ്രദ്ധേയമാകുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു ആ വിവാഹ ബന്ധം. സമരരംഗത്ത് നിന്ന് വന്ന് അധികാരത്തിന്റെ കുളിര്‍കാറ്റേല്‍ക്കാന്‍ അവസരം ലഭിച്ച പല കമ്മ്യൂണിസ്റ്റ് നേതാക്കളുടേയും വിവാഹത്തിന്റെ മുന്നോടിയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വിമോചന സമരത്തെ തുടര്‍ന്നു പിരിച്ചുവിട്ടപ്പോള്‍ ടി.വി ആലപ്പുഴയിലേക്കു മടങ്ങി. 1960 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ മുമ്പത്തെപോലെ തന്നെ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനവും ട്രേഡ് യൂണിയന്‍ നേതൃത്വവും ടി.വിയെ കാത്തുനിന്നിരുന്നു. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ ടി.വിയും ഗൗരിയമ്മയും രണ്ടു ഭാഗത്തായി. രാഷ്ട്രീയമായ ആ പിളരല്‍ തുടര്‍ന്നു ദാമ്പത്യത്തെയും ബാധിച്ചു. 1967 ല്‍ ഇരുവരും മന്ത്രിമാരായി വീണ്ടും തലസ്ഥാനത്തു താമസമായെങ്കിലും അധികം വൈകാതെ പിണങ്ങിപ്പിരിയേണ്ടിവന്നു.

അച്യുതമേനോന്‍ മന്ത്രിസഭ ആവിര്‍ഭവിക്കുന്നു.

അന്നത്തെ ഐക്യമുന്നണി മന്ത്രിസഭയിലുണ്ടായ പല വിവാദങ്ങൡലും ടി.വി ഒരു പ്രധാന കണ്ണിയായി. അദ്ദേഹത്തിന്റെ വ്യവസായ നയം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ഇ.എ.എസിലും ഒരുപാട് വിമര്‍ശനമുണ്ടാക്കി. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്നു ശത്രുതയിലായ ഇടതുവലതു പാര്‍ട്ടികള്‍ 1965 -ല്‍ വേറിട്ടു മത്സരിച്ചതോടെ അതു വര്‍ദ്ധിച്ചുവന്നു. അന്നു ഇം.എം. എസും ടി.വിയും തമ്മില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ നമ്പൂതിരിപ്പാടിന്റെ ഗൗരവവും ടിവിയുടെ ഫലിതങ്ങളും പരിഹാസങ്ങളും രാഷ്ട്രീയ നിരീക്ഷകരെ ഏറെ രസിപ്പിച്ചിരുന്നു. സി.പി. ഐ യെ ഒരു പാഠം പഠിപ്പിക്കാന്‍ ഇ. എം. എസ് നിശ്ചയിച്ചു. ഇ.എം. എസിനെ ഇറക്കിവിടാന്‍ സി. പി. ഐ യും. ആ വടംവലിയില്‍ സിപിഐയുടെ നേതൃത്വം വീണ്ടും ജനദൃഷ്ടിയില്‍ ടി.വി തോമസിലായി.

ഇം.എം.എസ,് ടി.വിയുടേയും എം എന്റേയും മറ്റ് ഏതാനും മന്ത്രിമാരുടെയും മേല്‍ അഴിമതിയാരോപണങ്ങള്‍ കേറ്റിവച്ചുകൊണ്ട് മുഖ്യമന്തി സ്ഥാനം വിജയീഭാവത്തില്‍ രാജിവയ്ക്കുമ്പോള്‍ അദ്ദേഹം തോല്‍ക്കുകയും ടി.വിയും കൂട്ടരും ജയിക്കുകയുമായിരുന്നു മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ട് നിയമസഭയില്‍ പ്രസംഗിച്ച് ടി.വി ഉപസംഹരിക്കുമ്പോള്‍ പറഞ്ഞ ഒരു വാചകമുണ്ട്. ”ഇനി നമുക്കു കുരുക്ഷേത്രത്തില്‍ വച്ച് കാണാം…”അതെ ആ കുരുക്ഷേത്രത്തില്‍ നിന്നാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തമായ വഴിത്തിരിവുണ്ടായത്.

നമ്പൂതിരിപ്പാട് രാജിവെച്ചു പിരിഞ്ഞു. മറ്റൊരു മന്ത്രിസഭ രൂപവത്ക്കരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ടിവിയും എം എനും അഴിമതിയന്വേ ഷണത്തിനു വിധേയരായി കളത്തിനു പുറത്ത് .മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിമാറി നിന്നപ്പോള്‍ പിന്നെത്തെ വലിയ കക്ഷിയായ സിപിഐ യുടെ നേതാവ് എംഎന്‍ ഗവര്‍ണറാല്‍ ക്ഷണിക്കപ്പെട്ടു. എന്തുപറയണമെന്ന കാര്യത്തില്‍ വ്യക്തമായ രൂപമില്ലാത്ത അവസ്ഥ. മന്ത്രിസഭയുണ്ടാക്കിയില്ലെങ്കില്‍ അതോടെ കഥ കഴിയും. ഉണ്ടാക്കാന്‍ നേതാവില്ല, ആളില്ല. അന്നു ടി.വിയും എമ്മെനും നടത്തിയ വിദഗ്ധ നീക്കങ്ങളുടെ ഫലമായിരുന്നു ആദ്യത്തെ അച്യുതമേനോന്‍ മന്ത്രിസഭ. എന്നാല്‍ ആ മന്ത്രിസഭയില്‍ അംഗങ്ങളാകാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ടി.വി ഒരു സാധാരണ അംഗമായി പിന്‍നിരയില്‍ നിയമസഭയില്‍ ഒതുങ്ങിയിരുന്നത് അക്കാലത്താണ്. അഴിമതിയാരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതുവരെയും ആ നില തുടരേണ്ടിവന്നു. ഇതിനിടെ മന്ത്രിസഭ നേരിടേണ്ടി വന്ന പ്രതിസന്ധികൡലെല്ലാം ടിവിയുടെ ബ്രെയിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. മറ്റൊരിക്കലുമുണ്ടായിട്ടില്ലാത്ത ആശ്വാസത്തോടും സംതൃപ്തിയോടും കൂടിയാണ് രണ്ടാമത്തെ അച്യുതമേനോന്‍ മന്ത്രിസഭയിലേക്കു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കൊപ്പം ടിവി തോമസ് ഒടുവില്‍ കയറിവന്നത്. കുരുക്ഷേത്രത്തിലെ അദ്ദേഹത്തിന്റെ വിജയമായിരുന്നു അത്.

മലയാള സിനിമാ വ്യവസായത്തിന്റെ ശില്‍പി

മന്ത്രിയും തൊഴിലാളി നേതാവും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനും പുന്നപ്ര -വയലാര്‍ സമരത്തിന്റെ വീര ധീരയോദ്ധാവുമായിരുന്ന ടിവി തോമസ് മലയാള സിനിമാ വ്യവസായത്തിനു അടിത്തറ രൂപപ്പെടുത്തുകയും ചെയ്ത ക്രാന്തദര്‍ശിയുമായിരുന്നു. നിശബ്ദ സിനിമകളുടെ കാലശേഷം ശബ്ദ ചിത്രങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ കാലത്ത് അത്തരത്തിലൊരു സിനിമ നിര്‍മ്മിക്കാന്‍ ഒരുമ്പെട്ടയാളായിരുന്നു ടി.വി. മലയാളത്തിലെ ആദ്യകാല ശബ്ദസിനിമകളുടെ ( ബാലന്‍, ജ്ഞാനാംബിക) നിര്‍മ്മാതാക്കള്‍ തമിഴ്‌നാട്ടുകാരായിരുന്നു. ഈ രീതിക്കൊരു മാറ്റം വരുത്തി ഒരു മലയാളി നിര്‍മ്മാതാവിന്റെ കീഴില്‍ തന്നെ ഒരു മലയാള സിനിമ നിര്‍മ്മിക്കണമെന്ന ആശയം ടി.വിയുടേതായിരുന്നു. നടനും നിര്‍മ്മാതാവും തന്റെ ആത്മാര്‍ത്ഥ സുഹൃത്തും സഹപാഠിയുമായിരുന്ന ആലപ്പി വിന്‍സെന്റിനോടാണ് ടി.വി ആ ആശയം പങ്കുവെച്ചത്. ഇവര്‍ ഇരുവരും കൂടി ഒരു മലയാള സിനിമയുടെ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങളാരംഭിച്ചു.

ദേശീയ ആവേശം രാജ്യത്താകെ ഇരമ്പി മറിഞ്ഞ 1940 ലായിരുന്നു ഇങ്ങനെയൊരു ശ്രമത്തിന് അവര്‍ ഒരുമ്പെട്ടത്. ദേശസ്‌നേഹം ജനങ്ങളില്‍ ഉണര്‍ത്തക്കവിധത്തിലുള്ള സിനിമകളായിരിക്കണം തങ്ങള്‍ നിര്‍മ്മിക്കേണ്ടതെന്നുള്ള നിര്‍ബ്ബന്ധവും ഇവര്‍ക്കുണ്ടായിരുന്നു. അക്കാലത്ത് ഇറങ്ങിയ ശ്രദ്ധേയമായ ആനന്ദമഠം, ഷഹീദ് എന്നീ ഹിന്ദി ചിത്രങ്ങളും ത്യാഗി പോലെയുള്ള തമിഴ് സിനിമകളും ഇവര്‍ക്കു പ്രചോദനമായി. ആലോചനകള്‍ ഇങ്ങനെ പോയെങ്കിലും ഒരു സിനിമാ നിര്‍മ്മിക്കാനുള്ള പണം ഇവര്‍ക്കില്ലായിരുന്നു. ചിത്ര നിര്‍മ്മാണത്തിനു വേണ്ടിവരുന്ന പ്രാഥമിക ചിലവുകള്‍ക്കുള്ള പണം കയ്യിലുണ്ടായിരുന്നില്ലതാനും. ഇറങ്ങി കഴിഞ്ഞാല്‍ ബാക്കി തുക എങ്ങനെയെങ്കിലും വരുമെന്നായിരുന്നു വിശ്വാസം. ഈ ശുഭാപ്തി വിശ്വാസം മൂലധനമാക്കി 1942 ല്‍ ആലപ്പുഴയില്‍ ഉദയാ പിക്‌ച്ചേഴ്‌സ് എന്ന ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനം ഇവര്‍ ആരംഭിച്ചു.

മദിരാശിയില്‍ വെച്ചാണ് ഇവര്‍ ചിത്രം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി വിന്‍സെന്റ് മദിരാശിയിലെ എഗ് മൂറിലുള്ള വിക്‌ടോറിയ ഹോട്ടലില്‍ താമസിക്കുമ്പോള്‍ അതേ ഹോട്ടലില്‍ താമസിച്ചിരുന്ന ഫെലിക്‌സ് ബെയ്‌സ് എന്ന ജര്‍മ്മന്‍കാരനുമായി പരിചയപ്പെട്ടു തന്റെ ഉദ്ദേശത്തെക്കുറിച്ച് ബെയ്‌സിനോടു സംസാരിച്ചപ്പോഴാണ് ജര്‍മ്മനിയില്‍ ഒരു സിനിമാ ടെക്‌നീഷ്യനായിരുന്ന താന്‍ ഇന്ത്യയില്‍ എത്തിയത് ഇവിടുത്തെ ചലച്ചിത്രലോകവുമായി ബന്ധപ്പെടാനായിരുന്നുവെന്ന് ബെയ്‌സും അറിയിച്ചത്. സിനിമാ നിര്‍മ്മാണത്തിനുപുറമെ ഒരു ഫിലീം സ്റ്റുഡിയോയും ഉണ്ടാക്കാമെന്നറിയിച്ച ബെയ്‌സുമായി വിന്‍സെന്റ് ആലപ്പുഴയിലെത്തി. ടി.വി തോമസുമായി ഇതേപ്പറ്റി ആലോചിച്ചു. അങ്ങനെ 1947 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഉദയാ സ്റ്റുഡിയോയില്‍ നിന്നും 1949 ല്‍ പ്രഥമ സിനിമ പുറത്തു വന്നു. വെള്ളിനക്ഷത്രം ഫെലിക്‌സ് ബെയ്‌സ് തന്നെയായിരുന്നു സംവിധായകന്‍.

ഒരു യുഗം അസ്തമിക്കുന്നു

1976 മധ്യത്തില്‍ കേരളത്തില്‍ വ്യാവസായിക പുരോഗതിക്കു സോഷ്യലിസ്റ്റു രാജ്യങ്ങളുടെയും പാശ്ചാത്യ നാടുകളുടേയും പിന്തുണ തേടിയുള്ള യൂറോപ്യന്‍ പര്യടനവേളയിലാണ് തന്റെ ആരോഗ്യനില വിശ്വസിച്ചിരുന്നതുപോലെ തൃപ്തികരമല്ലെന്നുള്ള ആശങ്ക ടിവിയുടെ മനസ്സില്‍ മുളപൊട്ടുന്നത്. ഹങ്കേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിന്റെ പ്രധാന വീഥിയുടെ അരികു പറ്റി തനി മലയാളി വേഷത്തില്‍ ഒരു സന്ധ്യയ്ക്കു നടക്കുകയായിരുന്നു ടി.വി. പൊടുന്നനവേ ശാരീരാകാസ്വസ്ഥത തോന്നിയപ്പോള്‍ ഹോട്ടലിലേക്കു മടങ്ങി. ഹോട്ടലുകാര്‍ പ്രഗത്ഭനായ ഒരു ഡോക്ടറെ വരുത്തി. പരിശോധനയ്ക്കുശേഷം സിറിഞ്ചില്‍ മരുന്നു നിറച്ച് ഇഞ്ചക്ഷന്‍ കൊടുക്കുന്നതിനു മുമ്പായി ഡോക്ടര്‍ ചോദിച്ചു.
‘ഉറങ്ങണോ ഡാന്‍സ് ചെയ്യണോ’?
‘ഇറ്റ്‌സ്് ഇനഫ്, ഐ ഹാവ് എ കംഫര്‍ട്ടബിള്‍ സ്ലീപ്പ്’
ഇഞ്ചക്ഷന്‍ ചെയ്ത് ഡോക്ടര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
”രണ്ടുമാവാം.”

പിന്നേറ്റു പുലര്‍ന്നപ്പോള്‍ ശാരീരീക അസ്വസ്ഥതകള്‍ പമ്പ കടന്നിരുന്നു, പിന്നീട് യുറോപ്പില്‍ വ്യാപകമായ പര്യടനം നടത്തി . ചെക്കോസ്ലോവാക്യ, ജര്‍മ്മനി, ബ്രിട്ടന്‍ ,ഇറ്റലി, ഡെന്മാര്‍ക്ക്, മോസ്‌കോ വഴി ഇന്ത്യലേക്കു മടങ്ങിയെത്തി അധികം കഴിയാതെ തന്നെ വേദന വീണ്ടും വന്നു. മരുന്നുകളും തിരുമ്മു ചികിത്സയും മാറിമാറി പ്രയോഗിച്ചു ഒടുവില്‍ അനിവാര്യമായത് സംഭവിക്കേണ്ട സമയമടുത്തു.
ബോംബെ ടാറ്റാ ഹോസ്പിറ്റലില്‍ നിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നതിനുശേഷം ലോകത്തിലെ വിദഗ്ധ ഡോക്ടര്‍മാരും നിസ്സാഹായരായി. ഈ അവസരത്തില്‍ ക്രൈസ്തവാചാരപ്രകാരം നല്ല മരണം ടി.വി തോമസിനു ലഭിക്കട്ടെയെന്നു വിചാരിച്ച് ടിവിയുടെ ജേഷ്ഠ്യ സഹോദരന്‍ ടി.വി ചാക്കോയുടെ നേതൃത്വത്തില്‍ ടി.വിക്ക് അന്ത്യകൂദാശ കൊടുക്കാന്‍ ശ്രമിച്ചു. അതിനായി ഒരു വൈദീകനേയും ഏര്‍പ്പാടാക്കി. പക്ഷേ കൂര്‍മ്മബുദ്ധിക്കാരനായ ടി. വി. ആ വിവരം മരണശയ്യയില്‍ കിടന്നുകൊണ്ടുതന്നെ മനസ്സിലാക്കി. തന്നെ കാണാന്‍ വന്ന ഡോ. ആന്റണി ബിഷപ്പിനോട് ടി.വി പറഞ്ഞു.

”തിരുമേനി എനിക്കാകെ ലോകത്തുള്ള ഒരു സഹോദരന്‍ ഇതാണ്. അങ്ങേര് വളരെ റീലിജിസാണ്. ഞാന്‍ കുമ്പസാരിക്കണമെന്നാണ് പുള്ളിയുടെ വാശി. ദയവുചെയ്ത് അച്ചന്‍ അങ്ങേരെ സമീപിച്ച് എന്റെ മനസ്സിനു വിഷമമുണ്ടാക്കുന്ന രീതിയില്‍ ഈ അവസരത്തില്‍ ഒന്നും ചെയ്യരുതെന്ന് ഉപദേശിക്കണം.”
1977 മാര്‍ച്ച് 26 ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പേവാര്‍ഡില്‍ പകല്‍ 3 മണിയോടെ ടി.വി തോമസ് എന്ന ചരിത്ര പുരുഷന്‍ അന്ത്യശാസം വലിച്ചു.
ഒരുയുഗാന്തമായിരുന്നു അത്.
അന്നേയ്ക്ക് കൃത്യം അഞ്ചുദിനം മുമ്പായിരുന്നു പാവങ്ങുടെ പടത്തലവന്‍ എന്നു വിശേഷിക്കപ്പെട്ട എ.കെ.ജിയുടെ വേര്‍പാടും സംഭവിച്ചത്.

ടി.വി തോമസും ഗൗരിയമ്മയും


ടി.വിയുടെ ദാമ്പത്യ ജീവിതത്തോട് സാദൃശ്യമായ ബന്ധം വിശ്വസാഹിത്യത്തില്‍ പോലും കാണാന്‍ സാധ്യമല്ല. പരസ്പര വിരുദ്ധമായ ആദര്‍ശ വിശ്വാസങ്ങളില്‍ മുറുകെ പിടിക്കുന്ന ഭാര്യഭര്‍ത്താക്കന്‍മാര്‍ സമൂഹത്തിലും അപൂര്‍വ്വമായേക്കാം. ഇവിടെ അതല്ല പ്രശ്‌നം. ഒരേ ആശയദര്‍ശത്തില്‍ വിശ്വസിച്ച് അതിന്റെ സാക്ഷാത്ക്കാരത്തിനുവേണ്ടിയുള്ള ത്യാഗപൂര്‍ണ്ണമായ സേവനത്തിനിടയില്‍ കണ്ടുമുട്ടി പരസ്പരം സ്‌നേഹിച്ചു വിവാഹി തരായ രണ്ടുപേര്‍ കാലം കാണിച്ചുവെച്ച അഭിപ്രായ ഭേദത്തിന്റെ ചിറയില്‍ തട്ടി അവിരുവരും വിശ്വസിച്ച പ്രസ്ഥാനം രണ്ടായി പിളര്‍ന്നു. അതോടെ അവരിരുവരും വിശ്വസിച്ച പ്രസ്ഥാനം രണ്ടായി പിളര്‍ന്നു. അതോടെ അവരിരുവരും അതിലോരോന്നിന്റെ തലപ്പത്തുമായി. ആ ആശയ വൈരുദ്ധ്യം അവരുടെ ദാമ്പത്യ ബന്ധത്തെ ശിഥിലമാക്കി.

പുന്നപ്ര വയലാര്‍ സമരത്തിന്റെ അഗ്നിശിഖയില്‍ നിന്നാണ് ടി.വി- ഗൗരിമാരുടെ പ്രണയബന്ധം തളിരിടുന്നത്. 1952 ലെ തെരഞ്ഞെടുപ്പു കാലത്ത് അതു കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ രണ്ടുപേരും അതിലെ പ്രമുഖാംഗങ്ങളായി. അതവരുടെ പ്രണയത്തെ വികസ്വരമാക്കി. അങ്ങനെയവര്‍ വിവാഹിതരാകുകയും ചെയ്തു. അതിനുശേഷം 1964 ല്‍ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനിടയില്‍ പല തവണ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു. 1967 ലെ ഇ.എം. എസ് മന്ത്രിസഭയില്‍ അവരിരുവരും മന്ത്രിമാരായി രണ്ടു പാര്‍ട്ടികളെ പ്രതിനിധീകരിച്ചാണെങ്കിലും ഒരു ഐക്യ മുന്നണിയില്‍ നിന്നാണവര്‍ വന്നത്. അക്കാലത്ത് അവര്‍ വീണ്ടും സന്ധിച്ചു.മന്ത്രി മന്ദിരങ്ങളും അടുത്തടുത്താക്കി. പക്ഷേ, മന്ത്രിസഭ തകര്‍ന്നു. അവരുടെ ബന്ധവും.

ഒടുവില്‍ ഭര്‍ത്താവ് മരണ വക്ത്രത്തില്‍ കിടന്നു വേദനിക്കുന്ന വാര്‍ത്ത കേട്ട് ഗൗരിയമ്മ സംഭ്രാന്തയായി രോഗശയ്യയ്ക്കരികില്‍ അണഞ്ഞു. അല്പനിമിഷങ്ങള്‍ നിശബ്ദമായിരുന്നു. വാചാലമായ നിമിഷങ്ങള്‍, ആരാദ്യം മിണ്ടണം, ഒടുവില്‍ ഭര്‍ത്താവു തന്നെ മിണ്ടി.’ഗൗരിയമ്മയ്ക്കു സുഖമല്ലേ.’ എല്ലാ രാഷ്ട്രീയ കക്ഷിബന്ധത്തിനും അതീതമായ മനുഷ്യബന്ധത്തിന്റെ അലൗകീകനാദമായിരുന്നു അത് . ടി.വി അന്തരിച്ച വേളയില്‍ ഗൗരി അമ്മ അടുത്തുണ്ടായിരുന്നില്ല. വിവരമറിഞ്ഞപ്പോള്‍ പാഞ്ഞെത്തി. അപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ അന്ത്യനിദ്ര കൊള്ളുന്ന സ്വഭര്‍ത്താവിന്റെ സമീപത്തേക്കുള്ള അവരുടെ ആഗമനം സകലരേയും കണ്ണുനീരിലാഴ്ത്തി.

You must be logged in to post a comment Login