ലാവലിന്‍ കേസില്‍ വിധി ഇന്ന്; വിധി പിണറായി വിജയന് നിര്‍ണായകം

കൊച്ചി: ലാവലിന്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും.  മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകമാണ് വിധി. ജസ്റ്റിസ് പി.ഉബൈദിന്റെ ബഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. ഉച്ചയ്ക്ക് 1.45നാണ് വിധി പറയുന്നത്. കുറ്റപത്രം റദ്ദാക്കിയതിനെതിരായ സിബിഐ ഹര്‍ജിയിലാണ് വിധി.  പിണറായി വിജയനടക്കം 9 പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിബിഐ ഹര്‍ജിയില്‍ അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായിരുന്നു.

2005 ജൂണില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ വന്ന കണ്ടെത്തലുകളാണ് പിന്നീട് ലാവ്‌ലിന്‍ കേസ് എന്ന പേരില്‍ അറിയപ്പെട്ടത്. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഇടുക്കിയിലെ പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം എന്നീ വൈദ്യുതോല്‍പ്പാദന പദ്ധതികളുടെ പുനരുദ്ധാരണവും നവീകരണവും നടത്തുന്നതിനായുള്ള കരാര്‍ ടെണ്ടര്‍ വിളിക്കാതെ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി.ലാവ്‌ലിനു നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായതായി അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണവും നവീകരണവും ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പകരമായി സര്‍ക്കാര്‍ തലശ്ശേരിയില്‍ ആരംഭിക്കുന്ന മലബാര്‍ ക്യാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ 86 കോടി രൂപ ലാവ്‌ലിന്‍ കമ്പനി നല്‍കിയില്ല എന്ന് അക്കൌണ്ടന്റ് ജനറല്‍ കണ്ടെത്തി. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ടെക്‌നിക്കാലിയ എന്നൊരു കമ്പനിയെ ലാവ്‌ലിന്‍ നേരിട്ട് നിയമിച്ചു എന്നും കണ്ടെത്തലുണ്ട്. ലാവ്‌ലിനുമായി ചര്‍ച്ചയ്ക്ക് കാനഡയിലേക്ക് പോയ, അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ വിദഗ്ധര്‍ ആരുമുണ്ടായിരുന്നില്ല എന്നും സി.എ.ജി പറഞ്ഞു. വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണം നടന്നിട്ടും ഉല്‍പ്പാദനം കുറയുകയാണുണ്ടായതെന്നും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട് .

അന്ന് അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസ് 2006 മാര്‍ച്ചില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടുകയായിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേസന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതിനെ എതിര്‍ത്തു. സിബിഐ അന്വേഷണം നടത്തുന്നതിനെതിരെ അന്നത്തെ കേന്ദ്രസര്‍ക്കാരും നിലപാടെടുത്തു. ഇതിനെതിരെ ക്രൈം വാരികയുടെ പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ നല്‍കിയ കേസില്‍ ഹൈക്കോടതി 2007 ജനുവരിയില്‍ ലാവ്‌ലിന്‍ കേസന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടു. കേസന്വേഷിച്ച സിബിഐ 2009ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1996-98 ല്‍ അന്ന് വൈദ്യുതമന്ത്രി ആയിരുന്ന പിണറായി വിജയനും 8 കൂട്ടുപ്രതികളും നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമായാണ് ടെണ്ടര്‍ വിളിക്കാതെ എം.ഒ.യു റൂട്ടിലൂടെ കുത്തനെ ഉയര്‍ന്ന തുകയ്ക്ക് ലാവ്‌ലിന്‍ കമ്പനിയ്ക്ക് പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ പദ്ധതികളുടെ നവീകരണ പുനരുദ്ധാരണ കരാര്‍ നല്‍കിയത് എന്ന് സിബിഐ കണ്ടെത്തി. നവീകരണ പ്രവര്‍ത്തനങ്ങളുടെ കരാറിന് പകരമായി മലബാര്‍ ക്യാന്‍സര്‍ സെന്ററിനു ലാവ്‌ലിന്‍ നല്‍കാമെന്നേറ്റ 86 കോടി രൂപയുടെ ഗ്രാന്‍ഡ് ലഭിച്ചില്ല എന്നും സിബിഐ വ്യക്തമാക്കി. മുന്‍ ഉപദേശക സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രന്‍, മുന്‍ വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മേനോന്‍, വൈദ്യത ബോര്‍ഡ് ടെക്‌നിക്കല്‍ മെമ്പര്‍ ആയിരുന്ന കെ.ജി രാജശേഖരന്‍ നായര്‍, വൈദുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ ,ലാവ്‌ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്റല്‍ എന്നിവരായിരുന്നു പ്രതികള്‍.

snc-lavlin

പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ 2011ല്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ലാവ്‌ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്റലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ സിബിഐ കാട്ടിയ അലംഭാവം കേസന്വേഷണം നീളാനിടയാക്കി. കുറ്റപത്രം വിഭജിക്കണമെന്നും കേസന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യപെട്ട് പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചു. പിണറായിയുടെ വാദം അംഗീകരിച്ച ഹൈക്കോടതി കുറ്റപത്രം വിഭജിക്കാന്‍ അനുവാദം നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ തിരുവനന്തപുരം സിബിഐ കോടതി വാദം കേള്‍ക്കാനിരിക്കെ പിണറായിയും അഞ്ച് കൂട്ടുപ്രതികളും തിരുവനന്തപുരം സിബിഐ കോടതിയില്‍ സിആര്‍പിസി 256 ആം വകുപ്പ് പ്രകാരം വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഈ ഹര്‍ജിയിന്മേല്‍ വാദം കേട്ട കോടതി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് പിണറായി വിജയനെയും കൂട്ടുപ്രതികളെയും വെറുതെ വിട്ടു. 2013 നവംബര്‍ 5 നാണ് സിബിഐ കോടതി ഈ വിധി പ്രഖ്യാപിച്ചത്. ഇതിനെതിരെ 2013 നവംബര്‍ 23 ന് ക്രൈം വാരികയുടെ പത്രാധിപരായ ടി.പി. നന്ദകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. 2014 ഫെബ്രുവരി 1 ന് സിബിഐയും ഈ വിഷയത്തില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാനും പിണറായി വിജയനെ വെറുതെ വിട്ട തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഈ മൂന്നു ഹര്‍ജികളും സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.

ഈ ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീര്‍പ്പുണ്ടാകണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പിണറായി വിജയനെ വെറുതെ വിട്ട തീരുമാനത്തിനെതിരെ ഉപഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയിരിക്കുന്നത് . ലാവ്‌ലിന്‍ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് രണ്ടു ഹൈക്കോടതിജഡ്ജിമാര്‍ പിന്മാറിയത് വിവാദമായിരുന്നു. ജസ്റ്റിസ് രാമകൃഷ്ണനാണ് ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചത്.

You must be logged in to post a comment Login