ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : എസ്എന്‍സി ലാവലിന്‍കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പടെ നാലു പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികളില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന്  വാദം കേള്‍ക്കും. പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബിഐ എതിര്‍സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

പളളിവാസല്‍, സെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളെ ആധുനികവത്കരിക്കാനുള്ള കരാറിലൂടെ സര്‍ക്കാറിന് നഷ്ടമുണ്ടായതില്‍ പിണറായി വിജയന്‍ പങ്കാളിയാണെന്നാണു സിബിഐയുടെ പ്രധാന വാദം. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഫണ്ടിനായുളള ധാരണ കരാറാക്കാന്‍ പിണറായി ശ്രമിക്കാത്തതിലൂടെ കോടികള്‍ നഷ്ടമായി. ഇതു സംബന്ധിച്ച വൈദ്യുതി സെക്രട്ടറി നല്‍കിയ കത്ത് പിണറായി അവഗണിച്ചു. സാങ്കേതിക വിദഗ്ധന്‍ ഇല്ലാതെ പിണറായി നടത്തിയ കനേഡിയന്‍ സന്ദര്‍ശനത്തിലാണ് യന്ത്രങ്ങളുടെ വിതരണം സംബന്ധിച്ച് ധാരണയില്‍ എത്തിയത്.

pinarayi vijayan

സംസ്ഥാന സര്‍ക്കാറിന്റെയോ ബോര്‍ഡിന്റെയോ അനുമതിയില്ലാത യന്ത്രനിര്‍മ്മാതാക്കള്‍ അല്ലാത്ത ലാവലിന്‍ കമ്പനിയുമായി വിതരണ കരാറില്‍ഒപ്പിട്ടു. ലാവലിന്‍ വൈസ് പ്രസിഡന്റ് ക്ലൗസ് ട്രെന്‍ഡിലുമായും അന്നത്തെ മുഖ്യമന്ത്രിയുമായും പിണറായി വിജയന്‍ നടത്തിയ കത്തിടപാടുകള്‍ വ്യക്തമാക്കുന്നത് പിണറായിയുടെ പങ്കാണെന്നും സിബിഐ വാദിക്കുന്നു.

എന്നാല്‍ കുറ്റിയാടി ജലവൈദ്യുതി പദ്ധതിയുടെ വികസനം ഉള്‍പ്പടെ കണക്കിലെടുത്താണ് കാന്‍സര്‍ സെന്ററിന് ഫണ്ട് ലഭ്യമാക്കാന്‍ ധാരണയായതെന്നാണ് പിണറായിയുടെ വാദം. ഫണ്ടിനായുളള ധാരണ പത്രത്തില്‍ പളളിവാസല്‍, സെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളെ കുറിച്ച് പരാമര്‍ശമില്ല. കാനസര്‍ സെന്ററിനുളള സഹായം നഷ്ടമായത് പ്രത്യേകം കരാര്‍ വേണമെന്ന കമ്പനിയുടെ ആവശ്യം ആന്റണി സര്‍ക്കാര്‍ അവഗണിച്ചതു കൊണ്ടാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് രാഷ്ട്രീയപ്രേരിതമായാണെന്നും പിണറായി സമര്‍പ്പിച്ച ഹര്‍ജിയില്‍വ്യക്തമാക്കുന്നു. പിണറായിക്ക് പുറമെ കെ. മോഹനചന്ദ്രന്‍, പി.എ.സിദ്ധാര്‍ത്ഥ മേനോന്‍, എ. ഫ്രാന്‍സിസ് എന്നിവരാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

You must be logged in to post a comment Login